സെക്കുലറൈസേഷനും ക്‌നാനായ സമുദായവും

പാശ്ചാത്യലോകത്ത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടതും ലോകം കടന്നുപോയതുമായ പ്രതിഭാസമാണ് സെക്കുലറൈസേഷന്‍. സഭയില്‍ നിന്ന് ഭൗതികമായ സംവിധാനങ്ങളും അധികാരവും മാറ്റി അത് സ്റ്റേറ്റ് ഏറ്റെടുക്കുന്ന പ്രക്രിയയാണ് സെക്കുലറൈസേഷന്‍. അത് നൂറ്റാണ്ടുകളിലൂടെയുള്ള പ്രവൃത്തിയാണ്. (സെക്കുലറിസമെന്നാല്‍ മതരഹിതസംവിധാനമെന്നാണ് അര്‍ത്ഥം). യൂറോപ്പില്‍ സെക്കുലറിസമെന്ന വാക്കുപയോഗിക്കുന്നത് മതവിരുദ്ധതയ്ക്കായിട്ടാണ്. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ സെക്കുലര്‍ എന്ന വാക്കുകൊണ്ട് കുറേക്കുടി പോസിറ്റീവായ അര്‍ത്ഥമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതും ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നല്‍കുന്ന ക്രമമെന്നുമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. യൂറോപ്പിലെ സെക്കുലറൈസേഷന്‍ പ്രോസസ് ഗുണപരമായ ഒന്നായി നിലകൊണ്ടപ്പോഴും അത് സെക്കുലറിസത്തിലേക്ക് (മതവിരുദ്ധത) എത്തിയപ്പോള്‍ തിന്മയായി ഭവിച്ചതായി മനസിലാക്കണം. അതുകൊണ്ടാണ് ആധുനികമാര്‍പാപ്പമാരും സെക്കുലറിസത്തെയും നിസംഗതയെയും തിന്മയായി കണ്ടത്. ഇനി സെക്കുലറൈസേഷന്‍ പ്രക്രിയയുടെ പശ്ചാത്തലങ്ങളെക്കുറിച്ചും ഘട്ടങ്ങളെക്കുറിച്ചും മനസിലാക്കാം.

ആത്മീയ-ഭൗതിക അധികാരങ്ങള്‍ സമ്മേളിക്കുന്നത്

മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ സഭ ശക്തമായപ്പോള്‍ ഭൗതിക അധികാരവും ആത്മീയ അധികാരവും നേതൃത്വത്തില്‍ വന്നുചേര്‍ന്നു. അക്കാലത്ത് വലിയൊരളവുവരെ യൂറോപ്പിനെ ഇസ്ലാമിക അധിനിവേശത്തില്‍നിന്നും ജര്‍മാനിക് (ബാര്‍ബേറിയന്‍) ഗോത്രങ്ങളുടെ ആക്രമണങ്ങളില്‍നിന്നും രക്ഷിച്ചതിലും സഭാനേതൃത്വത്തിന് വലിയ പങ്കുണ്ട്. കാരണം പുരാതന റോമ സമ്രാജ്യം അതിന്റെ ആസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലേയ്ക്ക് മാറ്റിയതിനാല്‍ പാശ്ചാത്യറോമിന്റെ സംരക്ഷണം സഭയില്‍വന്നുചേര്‍ന്നു. മാത്രമല്ല ഫ്രാങ്ക്‌സ് (ഫ്രഞ്ച്) ജനതയുടെ നേതൃത്വത്തിലേയ്ക്ക് ചാര്‍ലി മെയിന്‍ (കാറല്‍ മാന്‍) വന്നപ്പോള്‍ മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യസഭയ്ക്ക് പിന്തുണനല്‍കിയതുവഴി ഭൗതികമായും സഭ ശക്തമായി. മധ്യകാലഘട്ടത്തില്‍ പിന്നീട് വലിയ സമ്രാജ്യങ്ങളല്ലായിരുന്നു പ്രബലരായിരുന്നത് മറിച്ച് നാട്ടുരാജ്യങ്ങളും ഇടപ്രഭുക്കന്മാരുമായിരുന്നു. ആതുരസേവനം, വിദ്യാഭ്യാസം തുടങ്ങി അനേകം മേഖലകളില്‍ യൂറോപ്പില്‍ മുന്നോട്ട് വന്നത് സഭയായിരുന്നു; പ്രത്യേകിച്ച്, സന്യാസസമൂഹങ്ങളുടെ നേതൃത്വത്തില്‍. ശാസ്ത്ര രംഗത്തും ബൗദ്ധികമേഖലയിലും സഭാംഗങ്ങളുടെ സംഭാവനകള്‍ വലുതായിരുന്നു. എന്നാല്‍, സഭയുടെ മാനുഷിക വശത്ത് ഭൗതിക അധികാരത്തിന്റെ സ്വാധീനത്തിഫലമായി കറവീഴുന്നുണ്ടായിരുന്നുവെങ്കിലും അക്കാലത്തെ യൂറോപ്പിലെ സാമൂഹിക ജീവിതത്തില്‍ സഭയുടെ സ്വാധീനം ശ്രദ്ധേയമായിരുന്നു.

ഭൗതിക അധികാരം വേര്‍തിരിയുന്നു

കാലാന്തരത്തില്‍ സഭയുടെ റോളുകള്‍ മറ്റൊരു ഭരണക്രമത്തിന്റെ ചുമലിലേയ്ക്ക് വന്നു. രാജാധികാരത്തില്‍നിന്ന് ലോകം ജനാധിപത്യക്രമത്തിലേയ്ക്ക് വന്ന ഘട്ടത്തില്‍ സഭാവിരുദ്ധ വികാരങ്ങള്‍ക്ക് വിപ്ലവകാരികള്‍ ഊര്‍ജം പകര്‍ന്നു. ഫലമോ, സഭ പിന്തിരിപ്പനാണെന്നും ദേശീയവികാരങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്ഥാനമാണെന്നും അവര്‍ പ്രചരിപ്പിച്ചു. പ്രസ്തുത ചിന്തകളെ എതിര്‍ത്ത പലരും നിശബ്ദരാക്കപ്പെട്ടു. ഫ്രഞ്ച് വിപ്ലവം ലോകത്ത് പുതിയഭരണക്രമത്തിന് തുടക്കം കുറിച്ചുവെങ്കിലും സഭാവിരുദ്ധതയ്ക്കും ഭരണകൂട ഭീകരതയ്ക്കും അത് പേരുകേട്ടതായിരുന്നു. വിപ്ലവകാരികള്‍ അനേകം സമര്‍പ്പിതരെയും സാധാരണക്കാരെയും കൂട്ടക്കൊല ചെയ്തു. ആ പശ്ചാത്തലത്തിലാണല്ലോ വിപ്ലവകാരികളെ ഭയന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന സന്യസിനികളുടെ സഹായം സ്വീകരിച്ച് വി ജോണ്‍ മരിയ വിയാനിക്ക് രഹസ്യമായി ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുങ്ങേണ്ടിവന്നത്. സഭാവിരുദ്ധ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തില്‍ അത് ദൈവവിരുദ്ധ മുന്നേറ്റവും കൂടിയായി മാറി. അതുകൊണ്ടാണല്ലോ ദൈവാലയങ്ങളെ വിവേകത്തിന്റെ ക്ഷേത്രങ്ങളായി വിപ്ലവകാരികള്‍ പ്രഖ്യാപിക്കുകയും നോട്ടര്‍ ഡാം കത്തീഡ്രലിലെ ഉയര്‍ന്ന തട്ടില്‍ വിവേകത്തിന്റെ ദേവതയെന്ന് പേര് നല്‍കി ഒരു നര്‍ത്തികയെ ഇരുത്തുകയും ചെയ്തത്. ഇപ്രകാരം ജനമനസുകളില്‍നിന്ന് ദൈവവിശ്വാസം കുടിയൊഴുപ്പിക്കാന്‍ വിപ്ലവകാരികള്‍ പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമായിട്ടാണ് ഫ്രാന്‍സിന്റെ വിശ്വാസദീപം കെട്ടുപോയത്. സഭാപക്ഷത്ത് നിലകൊണ്ടവര്‍ അവര്‍ക്ക് ദേശവിരുദ്ധരായിരുന്നു. സഭാവിരുദ്ധ പ്രചരണങ്ങള്‍ ഏറ്റവും വേഗം സ്വാധീനിച്ചത് യുവതലമുറയെയാണ്. വി. ജോണ്‍ മരിയ വിയാന്നി ഫ്രാന്‍സിലെ സഭാവിരുദ്ധതയുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്നു. ‘ഒരു പുരോഹിതനില്ലാതെ 20 വര്‍ഷം കിടക്കുന്ന ഇടവക പിന്നീട് മൃഗത്തെയായിരിക്കും ആരാധിക്കുന്നത്.’ കാരണം, കൂദാശകളിലൂടെ പ്രദാനം ചെയ്യപ്പെടുന്ന കൃപ സ്വീകരിക്കാനാവാത്ത സമൂഹം മൃഗ സദൃശ്യമാകുമത്രേ.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദം

ഫ്രാന്‍സില്‍ ആരംഭിച്ച സഭാവിരുദ്ധത പിന്നീട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു. അതോടൊപ്പം ജനാധിപത്യ റിപ്പബ്ലിക്കന്‍ സംവിധാനങ്ങള്‍ നിലവില്‍വന്നു. അതിന്റെ ഫലമായി പേപ്പല്‍ സ്റ്റേറ്റ് വിക്ടര്‍ ഇമ്മാനുവേല്‍ രണ്ടാമന്‍ കീഴടക്കി ഇറ്റലിയോട് ചേര്‍ത്തു. സഭയുടെ ഭൗതിക അധികാരം, വസ്തുക്കള്‍, ദൗത്യങ്ങള്‍ എന്നിവ സ്റ്റേറ്റിന്റെ ചുമതലയിലായി. ക്ഷേമ രാഷ്ട്രമെന്ന ആശയം പ്രബലപ്പെട്ട അക്കാലത്ത് ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സെക്കുലറൈസേഷന്‍ നിയമങ്ങള്‍ പ്രയോഗത്തിലാക്കി. ആതുര ശുശ്രൂഷ, വിദ്യാഭ്യാസം തുടങ്ങിയവ സ്റ്റേറ്റ് ഏറ്റെടുത്തു. കത്തോലിക്കാ സഭയെന്ന പദംകൊണ്ട് പേപ്പല്‍ സ്റ്റേറ്റ് എന്ന് കരുതിയ കാലത്ത് നിന്ന് സഭ ലോകത്തിന്റെ മനസാക്ഷിയായി മാറിയെന്നതായിരുന്നു ഉതിന്റെ മറുവശം. ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയരാജ്യമെന്ന പേരില്‍ നാമമാത്ര രാഷ്ട്രമായി വത്തിക്കാന്‍ നിലനില്‍കുമ്പോഴും കത്തോലിക്കാ സഭയുടെ നവീകരിക്കപ്പെട്ട സിരാകേന്ദ്രമായി അത് നിലകൊള്ളുകയാണ്. ലോകം മുഴുവനുമുള്ള കത്തോലിക്കരുടെ ഭരണകേന്ദ്രമായും. അക്കാലത്തെ സഭാവിരുദ്ധതയുടെയും പ്രചരണത്തിന്റെയും മറവിലായിരുന്നു ഫ്രാന്‍സിലും ജര്‍മനിയിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളുടെ തലപ്പത്തേയ്ക്ക് പല രാഷ്ട്രീയ പാര്‍ട്ടികളുമെത്തിയത്. ഒരു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടു വികാരം മുതലെടുക്കാന്‍ എളുപ്പമാണെന്നതായിരുന്നു കാരണം. അവര്‍ സൃഷ്ടിച്ച വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍നിന്നും ദൈവം നന്മ ഉളവാക്കിയപ്പോള്‍ മാറിയലോകത്തിന് പറ്റിയ മുഖത്തോടെ സഭ പുനര്‍ജനിച്ചു. പേപ്പല്‍ സ്റ്റേറ്റ് എന്ന് സംവിധാനവും ക്രമവും സഭയ്ക്ക് ഇല്ലാതായി; എങ്കിലും കാലക്രമത്തില്‍ സഭ ലോകത്തിന്റെ ആത്മീയ ശക്തിയും ശബ്ദവുമായി മാറിയെന്നതാണ് ഗുണപരമായ മറ്റൊരു നേട്ടം. നിരന്തരം നവീകരണം സംഭവിച്ചുകൊണ്ട് തീര്‍ത്ഥാടനം ചെയ്യുന്ന മിശിഹായുടെ മൗതിക ശരീരമായി അവള്‍ ലോകത്ത് നിലകൊള്ളുന്നു. പക്ഷേ ഏവിടെയാണ് നഷ്ടം സംഭവിച്ചത്?

വിശ്വാസത്തിന് ജീവിതത്തിന് പ്രാധാന്യം നല്‍കുകയും മിശിഹായുടെ ശരീരമാണ് സഭയെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരുടെ മാത്രം സങ്കേതമായി യുറോപ്പില്‍ സഭ മാറി. അതുകൊണ്ടാണ് വലിയ ആള്‍ക്കുട്ടങ്ങളുടെ സമ്മേളനങ്ങളല്ലാതെ അത് മാറിയത്. തെരെഞ്ഞെടുക്കപ്പെട്ട ചെറിയ ഗണമായി അത് രൂപപ്പെടുന്നു. അവിടെയും ലോകത്തിന്റെ ചായ്‌വുകള്‍ക്കനുസരിച്ച് മുന്നേറിയ വലിയ ഗണം സഭാനൗക വിട്ടുപോയിട്ടുണ്ട്. എന്നാല്‍ രക്ഷയുടെ പാതയില്‍ ചരിക്കുന്നവര്‍ എണ്ണം കുറവെങ്കിലും മുന്നോട്ടു പോകും. പണ്ടു കാലത്ത് സഭയുടെ സീമന്തപുത്രിയെന്ന് അറിയപ്പെട്ട ഫ്രാന്‍സിലെ ദൈവശാസ്ത്രജ്ഞരുടെ ചിന്തകളായിരുന്നു മധ്യകാലഘട്ടത്തിലെ ദൈവശാസ്ത്രവികാസത്തിന് അടിത്തറപാകിയിരുന്നത്. അനേകം പണ്ഢിതരും വിശുദ്ധരും ഫ്രാന്‍സില്‍നിന്ന് ക്രൈസ്തവലോകത്തിന്‌ലഭിച്ചുവെങ്കിലും ഫ്രാന്‍സ് ദൈവത്തെയും സഭയെയും തള്ളിപ്പറഞ്ഞപ്പോള്‍ അത് വിശ്വാസത്തിന് സ്ഥാനം നല്കാത്ത ഇടമായി. ദൈവത്തിന് പ്രാധാന്യം നല്‍കാതെ പോയി. പല യൂറോപ്യന്‍ രാജ്യങ്ങളും ആ പാത പിന്തുടര്‍ന്നുതുവഴി വിശ്വാസവെളിച്ചത്തില്‍ നിന്ന് അവര്‍ മാറിപ്പോയി. വെളിപാടുകളിലൂടെയും പ്രത്യക്ഷീകരണങ്ങളിലൂടെയും പരി. മറിയം പോലും ലോകത്തിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അനേകര്‍ കൃപ നഷ്ടപ്പെടുത്തി മുന്നേറിയത് ആത്മീയനാശത്തിന് കാരണമായി.

സഭയെയും കൗദാശികജീവിതത്തെയും തള്ളിപ്പറയുന്ന തീവ്ര നിലപാടുകാര്‍

”സഭ വേണ്ട സമുദായം മാത്രം മതി” യെന്ന് ആക്രോശിച്ച് നടക്കുന്നവര്‍ കഴിഞ്ഞ കാലത്തെ സഭവിരുദ്ധമുന്നേറ്റത്തിന് പുതിയഭാഷ്യം ചമയ്ക്കുകയാണ്. ക്‌നാനായ സമുദായത്തിന്റെ ആത്മീയ തലത്തെ നിഷേധിക്കുന്ന ഇവര്‍ അടുത്ത തലമുറയുടെ വിശ്വാസജീവിതത്തെ തകര്‍ത്തുകൊണ്ട് ആത്മനാശത്തിന് കളമൊരുക്കുകയാണെന്ന് തിരിച്ചറിയണം. സഭാജീവിതത്തില്‍ അരാജകത്വം സൃഷ്ടിച്ചുകൊണ്ട് പുതിയ പ്ലാറ്റ്‌ഫോം രൂപീകരിക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ വിഭാവനം ചെയ്യുന്നത് ലോകക്രമത്തിലെ പുതിയ ക്രമംപോലൊന്ന് സഭയില്‍നിന്ന് വേര്‍പെടുത്തിയെടുക്കുന്ന സമുദായത്തിലൂടെ സൃഷ്ടിക്കാമെന്നാണ്. പക്ഷേ, സെക്കുലര്‍ ലോകത്തിന് രൂപപ്പെടുത്താന്‍ പറ്റിയ പോലുള്ള ഒരു ഭരണക്രമത്തിലൂടെ ഈ സമുദായത്തിന് ചെറിയ കാലയളവിലധികം മുന്നോട്ടു പോകാനാവില്ല.

നിശബ്ദകാഴ്ചക്കാരാകുന്ന ഭൂരിപക്ഷം

അരാജാകത്വവും ആക്രോശവുംകൊണ്ട് ക്‌നാനായ സമുദായത്തെ പൊതുജനമധ്യത്തില്‍ അവഹേളിതരാക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ നടപടികള്‍ കണ്ടിട്ട് വലിയൊരു ശതമാനം നിശബ്ദതപാലിക്കുന്നുണ്ട്. അവരുടെ നിശബ്ദതയ്ക്കും നിസംഗതയ്ക്കും ഈ സമുദായം വിലകൊടുക്കേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. ഈ കോലാഹലങ്ങളും സഭാവിരുദ്ധതയും കണ്ട് യുവതലമുറ വിശ്വാസ ജീവിതത്തില്‍നിന്നും ക്രമേണ സമുദായകൂട്ടായ്മയില്‍നിന്നും അകലം പാലിക്കും. അതുതന്നെയാണ് സംരക്ഷണക്കാരെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരുടെ ലക്ഷ്യവും.

ഏതെങ്കിലും തരത്തിലുള്ള വിശ്വാസരഹിത – സഭാരഹിത സംവിധാനംകൊണ്ട് സമുദായത്തെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ലാതാവും. അടുത്ത തലമുറയില്‍ വെറും സമുദായബോധമോ വര്‍ഗബോധമോകൊണ്ട് മാത്രം വിവിധരാജ്യങ്ങളിലായി നിലകൊള്ളാന്‍ പോകുന്ന തലമുറയെ ചേര്‍ത്തുനിര്‍ത്താനാവില്ല. ക്‌നാനായ സമുദായത്തിന്റെ അന്ത്യം കുറിക്കാനുള്ള നടപടിയായി അത് തീരുമോയെന്ന് സംശയിക്കണം. കാരണം, സഭാത്മകവും ആരാധനക്രമകേന്ദ്രീകൃതവുമായി ജന്മമെടുക്കുകയും നൂറ്റാണ്ടുകളായി നിലനില്‍കുകയും ചെയ്ത ഒരു സമൂഹം മതരഹിത ക്രമമാക്കി മാറ്റുന്നത് ചിലരുടെ സ്ഥാപിത താല്പര്യം കൊണ്ടാണെങ്കിലും സഭയെ തള്ളിപ്പറയുന്ന ഈ സമൂഹത്തിന് കൃപയുടെ പങ്ക് ലഭിക്കാതാകും. ദൈവം അത് നിഷേധിക്കുന്നതുകൊണ്ടല്ല ഈ സമൂഹം സഭയിലൂടെ ലഭിക്കുന്ന കൃപയെ പുറന്തള്ളുന്നതുകൊണ്ടാവുമത്. നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെക്കൂടാതെ നിന്നെ രക്ഷിക്കാനാവില്ലയെന്ന വി. ആഗസ്തീനോസിന്റെ വചനം ക്‌നാനായ സമുദായത്തിന്റെ കാര്യത്തിലും സാര്‍ത്ഥകമാണ്.

ഫാ. മാത്യു കൊച്ചാദംപള്ളിൽ