Author: fr kochadampallil

A Catholic priest in the Archeparchy of Kottayam

സഭാജീവിതത്തെ ആക്രോശിച്ചൊതുക്കുന്നവര്‍

ആമുഖം
ലോകക്രമത്തില്‍ മാറിമാറി വരുന്ന സാഹചര്യങ്ങളിലും ഭരണക്രമങ്ങളുടെ വ്യതിയാനങ്ങളും ആശയപരിണാമങ്ങളും പലപ്പോഴും നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് മാറ്റമുണ്ടാക്കാറുണ്ട്. കഴിഞ്ഞ 21 നൂറ്റാണ്ടുകളായി ലോകത്തില്‍ മാറ്റമില്ലാതെ നില്‍കുന്ന യാഥാര്‍ത്ഥ്യമാണ് സഭ. അതുകൊണ്ടുതെന്ന ആശയപരമായും ബൗദ്ധികമായും പ്രത്യക്ഷത്തിലുല്ലൊം സഭ അനേകം വിമര്‍ശനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പലര്‍ക്കും സഭയെ മനസിലാക്കാന്‍ പ്രയസമായിരുന്നു. ബാഹ്യശക്തികള്‍ക്ക് സഭ ലോകക്രമത്തില്‍ നിലനിന്ന ഒരു കോര്‍പ്പറേറ്റ് ഭീമനോ, രാഷ്ട്രീയ അധികാരശ്രേണിയുടെ ചരിത്രത്തിലെ ബാക്കിപത്രമോ ആണെങ്കില്‍, ക്രൈസ്തവരെന്ന് സ്വയം വിളിക്കുകയും എന്ന് സഭാത്മക ചിന്ത ഇല്ലാതെ ജീവിക്കുകയും ചെയ്യുന്ന ചിലര്‍ക്ക് ഇത് ഒരു മനുഷ്യ സൃഷ്ടിമാത്രമാണ്. യഥാര്‍ത്ഥമായ സഭവിജ്ഞാനീയം ഇല്ലാത്ത ഏതൊരാള്‍ക്കും സഭയുടെ യഥാര്‍ഥ സ്വഭാവം മനസിലാക്കാനാകില്ല. അതിനാല്‍ തന്നെ സഭവിജ്ഞാനിയ പഠനത്തിന്റെ ആവശ്യകതയിേലക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

പദോത്പത്തി
എക്ലേസിയ എന്ന ഗ്രീക്ക് വാക്കാണ് സഭയെ സൂചിപ്പക്കുവാന്‍ ഉപയോഗിക്കുന്നത്. എക് (EK) കാലെയോ (KALEO) എന്നിങ്ങനെയെയുള്ള രണ്ട് പദങ്ങളാണ് എക്ലേസിയ എന്ന പത്തിന്റെ അടിസ്ഥാനരൂപങ്ങള്‍. വിളിച്ചു കൂട്ടപ്പെട്ടവര്‍ എന്നതാണ് എക്ലേസിയ എന്ന പദത്തിന്റെ അര്‍ത്ഥം. ദൈവത്താല്‍ തെരെഞ്ഞെടുക്കപ്പെട്ട് വിളിച്ചുകൂട്ടപ്പെട്ടവരാണ് ക്രൈസ്തവരെന്നതാണ് ഈ പദംകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്.

ഉത്ഭവം ഈശോമിശിഹായില്‍
പഴയ കാലത്ത് നിന്നും വ്യത്യസ്തമായി സഭാ വിമര്‍ശനങ്ങളും മതവിരുദ്ധതയുമെല്ലാം സാമൂഹിക മാധ്യമങ്ങളിലും പൊതു ഇടങ്ങളും കളം നിറയുന്നുണ്ട്. കുടുംബങ്ങളിലെ സാധാരണ സംഭാഷണങ്ങളിലും ഭക്ഷണസദസുകളിലും സഭാവിരുദ്ധത സങ്കോച ഭേദമെന്യ വിളമ്പുന്നത് പുതുമയല്ലാതാവുകയാണ്. കുഞ്ഞുങ്ങളുടെ മുന്നില്‍ പോലും വിശ്വാസത്തെയും കൂദാശകളെയും സഭാഘടനയെയുമെല്ലാം മോശമായി പലരും അവതരിപ്പിക്കുന്നത് സ്വയം പരിഷ്‌കര്‍ത്താക്കളും സമുദായ സ്‌നേഹികളുമാണെന്ന് അഭിനയിച്ചുകൊണ്ടോ അപ്രകാരമാണെന്ന് തെറ്റുദ്ധരിച്ചുകൊണ്ടൊ ആണ്. അവരെ സംബന്ധിച്ചിടത്തോളം സഭയെന്നത് കേവലം മാനുഷികമായ ക്രമീകരണമാണ്. അതുകൊണ്ട് തന്നെ, സഭയെ ഒരു സ്ഥാപനമായി മാത്രമാണ് അവര്‍കാണുന്നത്. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍, തങ്ങള്‍ ദാനമായി നല്‍കുന്ന നേര്‍ച്ചപണംകൊണ്ട് കെട്ടിപ്പടുത്തപ്പെട്ട ഒരു സ്ഥാപനം. തങ്ങള്‍ നല്‍കിയ നേര്‍ച്ചപ്പണത്തിന്റെ കിലുക്കംമാത്രമാണ് സഭയുടെ അടിസ്ഥാനമെന്ന് ചിന്തയാണ് പലരുടെയും സഭാവിമര്‍ശനത്തിന്റെയും വിരുദ്ധതയുടെയും അടിസ്ഥാനം. എന്നാല്‍, എവിടെയാണ് സഭയുടെ അടിസ്ഥാനം ഉറപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസിലാക്കുന്നത് സഭാവിജ്ഞാനീയത്തിന്റെ ആദ്യചുവടുവെയ്പ്പായി കാണാം.

സഭയുടെ ഉത്ഭവം ഈശോമിശിഹായിലാണ്. ഉത്ഭത്തില്‍ ആദിമനുഷ്യനായ ആദം ഉറങ്ങിക്കിടന്നപ്പോള്‍ അവന്റെ പാര്‍ശ്വത്തില്‍ നിന്നാണ് ദൈവം ഹവ്വായെ സൃഷ്ടച്ചത്. ഉത്ഭവത്തില്‍ പുസ്തകത്തില്‍ ആദ്യ അധ്യായങ്ങള്‍ക്ക് സൃഷ്ടിയുടെ ജൈവശാസ്ത്രപരമായ വിവരണമെന്നതിനേക്കാള്‍ ദൈവശാസ്ത്രപരമായ അര്‍ത്ഥതലങ്ങളാണുള്ളത്. പുതിയ നിയമത്തില്‍ രണ്ടാമാദമായ മിശിഹായുടെ കുരിശിലെ മരണത്തെ അവന്റെ നിദ്രയായി സഭാ പിതാക്കന്മാര്‍ വ്യാഖ്യാനിക്കുന്നു. അവന്റെ പാര്‍ശ്വത്തില്‍ പടയാളികളിലൊരുവന്‍ കുന്തം കൊണ്ടു കുത്തിയപ്പോള്‍ അവിടെ നിന്ന് രക്തവും ജലവും പുറപ്പെട്ടത് മാമ്മോദീസായെയും പരി. കുര്‍ബാനയെയുമാണ് സൂചിപ്പിക്കുന്നതെന്ന് മാര്‍ അപ്രേം വ്യാഖ്യാനിക്കുന്നു. മാമ്മോദീസയും പരി. കുര്‍ബാനയും സൂചിപ്പിക്കുന്നത് സഭയെ തന്നെയാണ്. അതിനാല്‍ അവന്റെ പാര്‍ശ്വത്തില്‍ നിന്ന് പുറപ്പെട്ടത് സഭയാണ്. ആദ്യമനുഷ്യനായ ആദത്തിന്റെ പാര്‍ശ്വത്തില്‍ നിന്ന് ഹവ്വാ ജന്മമെടുത്തതുപോലെ രണ്ടാമാദമായ മിശിഹായുടെ കുരിശിലെ നിദ്രാവേളയില്‍ അവന്റെ മണവാട്ടിയായ സഭയും ജന്മമെടുത്തു.

സഭ ഈശോമിശിഹാ തന്നെ
സഭയെക്കുറിച്ചുള്ള ദൈവശാസ്ത്രവീക്ഷണം ശരിയായി മനസിലാക്കാതെ പോകുന്നത് സാധാരണജനം മാത്രമല്ല, അവരില്‍ മെത്രാന്മാരും വൈദികരും ദൈവശാസ്ത്രജ്ഞരുമുണ്ട്. സാധാരണജനത്തിന്റെ വിമര്‍ശനത്തിന്റെ കാരണങ്ങളില്‍ സഭാശുശ്രൂഷയുടെ മേഖലയിലെ പാളിച്ചകളുംശൈഥല്യളുമുണ്ട്. ചിലര്‍ പൗരോഹിത്യശുശ്രൂഷയുടെ തലത്തില്‍ പുലര്‍ത്തിയിട്ടുള്ള ആധിപത്യ പ്രവണതയും അതുമൂലമുണ്ടായ വൈദിക വിദ്വേഷമനസ്ഥിതിയും സഭാവിരുദ്ധതയ്ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍, കോട്ടയം രൂപതയില്‍ ചിലരുടെ സഭാ വിരുദ്ധതയ്ക്ക് കാരണമാകുന്നത് അന്ധമായ സമുദായബോധമെന്ന് അവര്‍ കരുതുന്ന വികാരമാണ്. സഭയെ ഒരു സമുദായ യൂണിറ്റായി മാത്രം കണ്ടുവന്ന അജ്ഞത ഒരു പ്രധാനഘടകമായി മാറിയിട്ടുണ്ട്. ”കര്‍ത്താവിനാല്‍ നിശ്ചയിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാണ് ചര്‍ച്ചാവിഷയം (സഭ) എന്ന കാര്യം പോലും പലരും വിസ്മരിക്കുന്നു. ചില ദൈവശാസ്ത്രജ്ഞര്‍ക്കും സഭ കേവലം ഒരു മനുഷ്യ സൃഷ്ടിയാണ്. സഭ അവര്‍ക്ക് ആവശ്യമനുസരിച്ച് പുനക്രമീകരിക്കാവുന്ന ഒരു ഉപകരണം മാത്രമാണ്.” (റാറ്റ്‌സിംഗര്‍ റിപ്പോര്‍ട്ട് അധ്യായം 3). അടുത്തകാലത്തെ സമര കോലാഹലങ്ങളും വാദപ്രതിവാദങ്ങളും പൊതുബോധത്തിലുയര്‍ത്തുന്ന വാദഗതികള്‍ സൂചിപ്പിക്കുന്നത് സഭയെന്നത് നാം നിശ്ചയിക്കുകയും വാദിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്കനുസരിച്ച് വഴങ്ങുന്ന ഉപകരണമാണെന്ന ചിന്തയാണ്.

ദൈവികവും മാനുഷികവുമായ തലങ്ങള്‍

സഭയെന്നത് മിശിഹായില്‍ ജന്മമെടുത്ത യാഥാര്‍ത്ഥ്യം മാത്രമല്ല, മിശിഹായുടെ ശരീരവും മിശിഹാതന്നെയുമാണെന്ന് തിരിച്ചറിവാണ് സഭാവിജ്ഞാനീയം പങ്കുവയ്ക്കുന്നത്. ഡമാസ്‌കസിലേയ്ക്കുള്ള യാത്രാമധ്യേ പൗലോസ് ശ്ലീഹായോട് ഈശോ ചോദിക്കുന്നത് നീ എന്തിന് എന്നെ പീഡിപ്പിക്കുന്നുവെന്നാണ് (നടപടി 9,4). പൗലോസ് പീഢിപ്പിക്കാന്‍ ശ്രമിച്ചതാകട്ടെ ദൈവജനത്തെയാണ്. സഭയും മിശിഹായും തമ്മിലുള്ള ഗാഢമായ ബന്ധം ഇവിടെ അനാവൃതമാകുകയാണ്. ”അവള്‍ അവിടത്തെ ചുറ്റം ഒന്നിച്ചുകൂടിയിരിക്കുക മാത്രമല്ല, അവിടുന്നില്‍, അവിടുത്തെ ശരീരത്തില്‍ ഐക്യപ്പെട്ടിരിക്കുകയുമാണ”് (CCC 789). ആധുനിക കാലത്ത് സഭ വേണ്ട ക്രിസ്തുമാത്രം മതിയെന്ന് പറഞ്ഞുകൊണ്ട് സഭാത്മകജീവിതത്തെ തള്ളിപ്പറയുന്ന ആളുകളുണ്ട്. സഭയുടെ ദൈവികമാനത്തെ നിഷേധക്കുന്നവരാണ് അവര്‍. ഒരേ സമയം ദൈവികവും മാനുഷികവുമായ തലങ്ങള്‍ സഭയ്ക്കുണ്ട് എന്നതിനാല്‍ തന്നെ, മാനുഷിക കുറവുകള്‍ സഭയില്‍ ഉണ്ട് എന്ന് മനസിലാക്കണം. മാനുഷിക മാനങ്ങളുടെ ബലഹീനതകള്‍ സഭയിടെ ദൈവിക സ്വഭാവത്തെ നിഷേധിക്കുന്നതിനുള്ള മാനദണ്ഡമല്ല. അത് അവളുടെ ചരിത്രവഴികളിലൂടെ കൂടുതല്‍ വ്യകതമാകുന്നുണ്ട്. ”പാപികളെ മാറോടണയ്ക്കുന്ന സഭ പരിശുദ്ധയും അതേസമയം എപ്പോഴും വിശുദ്ധീകരിപ്പെടേണ്ടവളുമാണ്”(CCC 827).

ചുരുക്കത്തില്‍
സഭയുടെ ദൈവികവും മാനുഷികവുമായ തലങ്ങളെക്കുറിച്ച് ചിന്തിക്കാത്തവര്‍ പലപ്പോഴും തങ്ങളുടെ ആക്രോശങ്ങള്‍ കൊണ്ട് സഭാ നവീകരണമാണ് നടത്തുന്നതെന്ന് തെറ്റിദ്ധരിക്കാറുണ്ട്. സഭയെക്കുറിച്ചും കൗദാശിക ജീവിതത്തെക്കുറിച്ചും സഭാനേതൃത്വത്തെക്കുറിച്ചും ആക്രോശങ്ങള്‍ നടത്തി സാമൂഹ്യമാധ്യമത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും തകര്‍ക്കുന്നത് തങ്ങളിലുണ്ടായിരുന്ന സെന്‍സ് ഓഫ് ദി സേക്രഡ് ആണ്. അത് എപ്രകാരമാണ് അവരുടെയും വരും തലമുറയുടെയും ആത്മനാശത്തിന് വഴിതെളിക്കുന്നതെന്ന് മനസാലാക്കുന്ന നാളുകള്‍ വരും.

സഭാത്മക മാനത്തെ മറക്കുന്ന സമുദായവാദികള്‍

തെക്കുംഭാഗജനത്തിന് വേണ്ടി 1911 ല്‍ ഒരു വികാരിയത്ത് പരി. സിംഹാസനം അനുവദിച്ച് നല്‍കിയതിന് അന്നത്തെ സാമൂഹിക പശ്ചാത്തലങ്ങളും വികാരിയത്തുകളിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളുമെല്ലാം നിമിത്തങ്ങളായിരുന്നെങ്കിലും റോമന്‍ രേഖയില്‍ കാണുന്ന ഒരു പ്രധാന കാരണം തെക്കുംഭാഗ ജനതയുടെ ആത്മരക്ഷയെന്നതായിരുന്നു. അക്കാലത്ത് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്നവരുടെ ആത്മരക്ഷ ഉറപ്പുവരുത്തുന്നതിനും അവരുടെ അസ്തിത്വത്തെ ബലപ്പെടുത്താനും കോട്ടയം വികാരിയത്ത് ഉചിതമാണെന്ന് റോം കരുതി.

സഭാപരമായ പിന്തുണ

കാലാകാലങ്ങളില്‍, ജനം വിവിധ സ്ഥലങ്ങളിലേയ്ക്ക് കുടിയേറ്റം നടത്തിയപ്പോള്‍ അവരുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് സഭ കൂടെനിന്നതിനാലാണ് 1955 ലെ അധികാരപരിധിയുടെ വികാസത്തിനും പിന്നീട് വിവിധ മിഷനുകളുടെ സ്ഥാപനത്തിനും കത്തോലിക്കസഭ തയ്യാറായത്. ഈ സമുദായം നിലകൊള്ളുന്ന വ്യക്തിസഭയെന്ന നിലയില്‍ സീറോമലബാര്‍ സഭ ക്‌നാനായ സമുദായത്തിന് കാലാകാലങ്ങളില്‍ പിന്തുണ നല്‍കുന്നുണ്ട്. (അന്ത്യോഖ്യന്‍ പാരമ്പര്യമുള്ള ക്‌നാനായ കത്തോലിക്കര്‍ സീറോമലങ്കരസഭയുമായി ആരാധനക്രമ ബന്ധം പുലര്‍ത്തുന്നു). അമേരിക്കയില്‍ സീറോമലബാര്‍ രൂപത സ്ഥാപിതമായപ്പോള്‍ ക്‌നാനായ ജനത്തിന് വേണ്ടി പേര്‍സനല്‍ പാരിഷുകള്‍ (Personal Parishes) സഭ അനുവദിച്ചു നല്‍കി. പ്രസ്തുത ക്രമത്തില്‍ തന്നെ വിദേശ രാജ്യങ്ങളിലെ വിവിധ സീറോമലബാര്‍ രൂപതകളില്‍ ക്‌നാനായ പാരിഷുകളും മിഷനുകളും സ്ഥാപിക്കപ്പെട്ടു. മാത്രമല്ല സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യമുഴുവനും പ്രോപ്പര്‍ ടെറിട്ടറി (Proper territory) അധികാരം ലഭിക്കുമ്പോള്‍ കോട്ടയം രൂപതയ്ക്കും അധികാരവികാസം അനുവദിക്കാമെന്നും ഉറപ്പു നല്‍കി. (സീറോ മലബാര്‍ സഭയ്ക്ക് 2017 ല്‍ ലഭിച്ചിരിക്കുന്നത് അജപാലനാധികാരമാണ്, പ്രോപ്പര്‍ ടെറിട്ടിറിയുടെ എക്സ്റ്റന്‍ഷന്‍ അല്ല. കാനന്‍ നിയമപ്രകാരം ഈ അധികാരങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്). അതുവരെ ഇന്ത്യയിലെവിടെയും നിശ്ചിത എണ്ണം ക്‌നാനായ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കില്‍ അവിടെ ക്‌നാനാക്കാര്‍ക്ക് ഉചിതമായ സഭാസംവിധാനങ്ങള്‍ നല്‍കാന്‍ തീരുമാനമായി. നവീകരണ സമിതി കേസില്‍ ജില്ലാ കോടതിയില്‍ സീറോമലബാര്‍ സഭ കോട്ടയം രൂപതയുടെ നിലപാടുകളെ പൂര്‍ണമായി പിന്തുണച്ചു. ക്‌നാനായ ജനത്തിന്റെ സഭാത്മക ജീവിതത്തിനും ആത്മാക്കളുടെ രക്ഷ ഉറപ്പാക്കുകയെന്നതാണ് ഈ നടപടിക്രമങ്ങളുടെ പിന്നിലെ കാരണം.

സഭാതലത്തിലെ നിര്‍ദേശങ്ങളും നയങ്ങളും

അമേരിക്കയിലേയ്ക്ക് ക്‌നാനായക്കാര്‍ വന്‍തോതില്‍ കുടിയേറ്റം നടത്തിയതിനേശേഷം അവിടെ ഒരു മിഷന്‍ ആരംഭിച്ചത് അഭി. കുന്നശേരി പിതാവിന്റെ കാലത്താണല്ലോ. ആദ്യത്തെ മിഷന്‍ സീറോ മലബാര്‍ മിഷനായിരുന്നു. അത് നയിച്ചിരുന്ന ബ. ജേക്കബ് ചൊള്ളമ്പേലച്ചന്‍ അവിടുത്തെ ആദ്യകാല ക്‌നാനായക്കാര്‍ക്ക് ആത്മീയ പിതാവുകൂടിയായിരുന്നു. സമൂഹം ശക്തമായ കാലത്താണ് ക്‌നാനായ ജനത്തിന് 1986 ലെ റിസ്‌ക്രിപ്റ്റ് ലഭിക്കുന്നത്. ക്‌നാനായ സമൂത്തില്‍നിന്ന് പുറത്ത് വിവാഹംകഴിക്കുന്നവര്‍ സഭാഘടകത്തില്‍നിന്ന് (മിഷന്‍) പുറത്തുപോകന്നത് അംഗീകരിക്കാനാവില്ലെന്ന തരത്തില്‍ വന്ന റിസ്‌ക്രിപ്റ്റ് സമുദായ അസ്തിത്വത്തെ ബാധിക്കുമെന്ന ബോധ്യം രൂപതാ നേതൃത്വത്തിനുമുണ്ടായിരുന്നു. അതുകൊണ്ടാണ് കുന്നശേരി പിതാവ് ഈ റിസ്‌ക്രിപ്റ്റ് നീക്കം ചെയ്യുന്നതിന് നിരവധി അപേക്ഷകള്‍ റോമിന് നല്‍കിയത്. എന്നാല്‍ റിസ്‌ക്രിപ്റ്റ് പരി, സിംഹാസനം മാറ്റം വരൂത്തിയില്ലയെന്നു മാത്രമല്ല അത് ഇന്നും നിലനില്‍കുന്നു. പക്ഷേ, റോമിന്റെ നിര്‍ദേശത്തിന് എതിരാവാതെയും രൂപതകളുടെ പൊതു നിയമങ്ങള്‍ക്ക് ഭംഗംവരുത്താതെയും ക്‌നാനായ ജനത്തിന്റെ അസ്തിത്വം സഭാതലത്തില്‍ സംരക്ഷിക്കാനായിരുന്നു ക്‌നാനായ വ്യക്തി ഇടവകകള്‍ രൂപപ്പെടുത്തിയത് (പേര്‍സണല്‍ പാരിഷുകള്‍). അത് ക്‌നാനായക്കാരുടെ സഭാത്മക ജീവിതത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നവരുടെ അനിഷ്ടത്തിന് കാരണമായി. വിവാഹത്തെ തുടര്‍ന്ന് രൂപത വിട്ടുപോയവരുടെയും മറ്റുള്ളവരുടെയും പല തലത്തിലുള്ള പരാതികള്‍ വത്തിക്കാന്‍ ലഭിച്ചപ്പോഴാണ് അവ പഠിക്കാന്‍ വേണ്ടി റോം മുള്‍ഹാള്‍ കമ്മീഷനെ നിയമിച്ചത്. കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് 2017 ല്‍ റോം നല്‍കിയ നിര്‍ദേശം (P.N. 76/2017 dated 18 December 2017) ലോകം മുഴുവനുമുള്ള ക്‌നാനായ മിഷനുകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലായിരുന്നു. അതിന്റെ അപകടം മുന്നില്‍കണ്ട് അതിരൂപതാധ്യക്ഷനായ മാര്‍ മാത്യു മൂലക്കാട്ട് അതിരൂപതയിലെ ഔദ്യോഗിക സമിതികളെ വിളിച്ചുകൂട്ടുകയും സമിതികളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കോണ്ട് റോമിന് പുനപരിശോധന പെറ്റീഷന്‍ നല്‍കുകയും ചെയ്തു. സഭാത്മക മാനം കാത്തുകൊണ്ട് സമുദായജീവിതം നയിക്കുവാനാഗ്രഹക്കുന്നവരുടെ ആത്മരക്ഷ പ്രധാനമായി കണ്ട് റോം 2018 ല്‍ പ്രസ്തുത നിര്‍ദേശത്തിന് ഭേദഗതി നല്‍കി.

കോടതി കേസുകളും പ്രതികരണങ്ങളും

കോട്ടയം രൂപതയ്‌ക്കെതിരെ സിവില്‍ കോടതികളില്‍ ബിജു ഉതുപ്പ് കേസ്, നവീകരണസമിതി കേസ് തുടങ്ങി വിവിധ കേസുകള്‍ നിലനില്‍കുന്നുണ്ട്. എങ്കിലും നവീകരണസമിതി നല്‍കിയ കേസിന്റെ വിധിയാണ് ഇപ്പോഴുണ്ടായ (2022) സംഭവ വികാസങ്ങളുടെ അടിസ്ഥാനം. കോട്ടയം അതിരൂപതയ്ക്ക് ആഗോള കത്തോലിക്കാ സഭയൊ സീറോമലബാര്‍സഭയൊ അംഗീകരിച്ചുതന്നിരിക്കുന്ന ആനുകുല്യങ്ങളൊ സഭ മാനിച്ച സമുദായ വ്യതിരിക്തതകളൊ കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. അതിന് നിയമപരമായ പരിഹാരം തേടുകയാണ് നിയമവാഴ്ചയുള്ള രാജ്യത്തെ പൗരന്മാരും പ്രസ്ഥാനങ്ങളും ചെയ്യേണ്ടത്.

കോടതി വിധി എതിരായപ്പോള്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ അതിന്റെ കുറ്റക്കാര്‍ സഭയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് നിഷ്‌കളങ്കമായാണെന്ന് കരുതാനാവില്ല. വിധി രൂപതയ്ക്ക് പ്രതികൂലമായി വരണമെന്ന് ആഗ്രഹിച്ചിരുന്നെന്ന മട്ടിലുള്ള ചില കോലാഹലങ്ങളും അവര്‍ നടത്തിയിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്‌നാനായക്കാര്‍ സങ്കുചിത ചിന്ത പുലര്‍ത്തുന്നവരും, തങ്ങളുടെ കൂട്ടായ്മയില്‍ പെടാത്തവര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്നു ചിന്തിക്കുന്നവരുമാണെന്ന് തെറ്റിദ്ധാരണ പരത്താന്‍ പാകത്തിന് പൊതു സമൂഹത്തില്‍ പ്രചരണം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രതീതി പുലര്‍ത്തുന്ന നടപടികള്‍ ചിലരുടെ ഭാഗത്തുനിന്നും സമര്‍ത്ഥമായി ഉണ്ടായി. 2022 ആഗസ്റ്റ് 15 ന് കടുത്തുരുത്തി ഫൊറോനയിലെ ഒരു ഇടവകപള്ളിയിലുണ്ടായ സംഭവം അത്തരത്തിലൊന്നാണ്. നവീകരണ സമിതിക്കാര്‍ അത് അവര്‍ക്ക് ഉചിതമായവിധം കോടതിയിലെത്തിച്ചു. വിധി ഏതിരായപ്പോഴും വിധിയ്‌ക്കെതിരെയുള്ള യുക്തിപരമായ നിലപാടല്ല സംരക്ഷകരെന്ന് നടിക്കുന്നവര്‍ എടുത്തത്. തുടര്‍ അപ്പീലുകളിലും കോടതിയുടെ അനിഷ്ടം രൂപതയ്‌ക്കെതിരെ നേടിയെടുക്കാനുള്ള ശ്രമം അവര്‍ നടത്തുമെന്ന് കരുതണം. എന്നിരുന്നാലും പ്രതികൂല വിധി സഭാനേതൃത്വത്തിനെതിരെയുള്ള വികാരമാക്കി മാറ്റാനും തങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനും അവര്‍ക്കു കഴിയുന്നുണ്ട്. കാരണം തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊപ്പം സമുദായത്തെ കൊണ്ടുവരണമെങ്കിലും ഇതിന്റെ സഭാ നേതൃത്വവും ബന്ധവും ഇല്ലാതാകണമെന്ന് അവര്‍ക്ക് അറിയാം. സഭയെന്നത് വെറും രാഷ്ട്രീയ സംഘടനയൊ കമ്പനിയോ മാത്രമായി കാണുന്നവര്‍ യഥാര്‍ത്ഥ ദൈവശാസ്ത്രമാനത്തെ തിരിച്ചറിയാതെ പോകുന്നു.

സഭ മിശിഹായുടെ ശരീരം

ഈശോമിശിഹായുടെ ശരീരമെന്നതാണ് സഭയുടെ ദൈവികമാനത്തെ മനസിലാക്കാന്‍ പറ്റുന്ന ഏറ്റവും നല്ല വ്യാഖ്യാനങ്ങളിലൊന്ന്. അത് ദൈവജനമാണ്. എങ്ങനെയാണ് അത് ദൈവജനമാകുന്നത്? പിതാവും പുത്രനും പരി. ആത്മാവുമായ ത്രിയേക ദൈവത്തിന്റെ നാമത്തില്‍ മാമ്മോദീസ സ്വീകരിച്ച് രക്ഷിക്കപ്പെട്ടവരുടെ കൂട്ടായ്മയാകുമ്പോഴാണ് അത് ദൈവ ജനമാകുന്നത്. വിശ്വസിച്ച് മാമ്മോദീസ വഴി അംഗമാകുന്നില്ലെങ്കില്‍ അത് വെറും ജനക്കൂട്ടമേ ആകുകയുള്ളു. ക്‌നാനായ സമുദായത്തിന്റെ പ്രത്യേകത മാമ്മോദീസാ സ്വീകരിച്ച വിശ്വാസികളുടെ കൂട്ടായ്മയാണിത് എന്നതാണ്. അപ്പോഴാണ് അവര്‍ ദൈവജനത്തിന്റെ അഥവാ സഭയുടെ അംഗമാകുന്നത്. ദൈവവിശ്വാസമോ സഭാ ബന്ധമോ നിഷേധിക്കുന്നവരുടെ ഗണമായി ക്‌നാനായ സമുദായത്തെ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനെ ഒരു സംഘടനയാക്കാനാണ് ശ്രമിക്കുന്നത്. ക്‌നാനായ മാതാപിതാക്കളില്‍ നിന്ന് ജനിക്കുകയും മാമ്മോദീസാ സ്വീകരിക്കാതെ നിലനില്‍കാനാഗ്രഹിക്കുകയും ചെയ്യുന്നവരുടെ ഗണം ഉണ്ടെങ്കില്‍ അവരും ക്‌നാനായക്കാരാകും പക്ഷേ സഭാംഗങ്ങളാകില്ല. അടുത്ത തലമുറയില്‍ വിശ്വാസ രഹിതസമൂഹത്തെ സൃഷ്ടിക്കാനുള്ള ഒരുക്കമാകും ഇത്. മാത്രമല്ല, ഇപ്പോഴുണ്ടാക്കുന്ന കോലാഹലങ്ങള്‍ കണ്ട് സഭയെ വെറുക്കുന്ന ഒരു യുവനിരയെ രൂപപ്പെടുത്താനുള്ള ശ്രമം ഇവര്‍ നടത്തുകയാണ് ഓരോ നാടകങ്ങളിലും.

എന്തിന് സഭ? സഭയില്ലെങ്കില്‍ നിലനില്‍കാനാവില്ലേ? യൂറോപ്പിലെ സഭയുടെ സ്വാധീനം കുറഞ്ഞില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരുണ്ട്. ഇതിന്റെ ഒരു വശം ‘സെക്കുലറൈസേഷനും ക്‌നാനായ സമുദായവും’ എന്ന തലക്കട്ടില്‍ ചിന്തിച്ചിരുന്നുവല്ലോ. സെക്കുലറിസത്തിനും മോഡേണിസത്തിന്റെയും മറ്റ് സഭാവിരുദ്ധ മുന്നേറ്റങ്ങളുടെയും പരിണിതഫലമായി യൂറോപ്പില്‍ വലിയ വിഭാഗം ജനത്തിന്റെ വിശ്വാസദീപം കെട്ടുപോയെങ്കിലും സഭ തെരെഞ്ഞെടുക്കപ്പെട്ടവരുടെ ചെറുഗണമായി അടിയുറച്ചുനില്‍കുന്നുണ്ട്. വരുംകാലത്തും യൂറോപ്പിലും ലോകമാസകലവും തെരെഞ്ഞെടുക്കപ്പെട്ടതും വിശുദ്ധവുമായ ഒരു ചെറുഗണം മാറ്റി നിര്‍ത്തപ്പെടും (The Holy and Elect Remnant). വെളിപാടു പുസ്തകത്തില്‍ രക്ഷിക്കപ്പെടുന്ന ഒരു നിശ്ചിത എണ്ണം സൂചിപ്പിക്കുന്നത് പ്രതീകാന്മകമായിട്ടാണല്ലോ. മിശിഹായുടെ ശരീരമായ സഭയെന്നത് വലിയ ഗണമല്ല. രക്ഷിക്കപ്പെട്ടവരുടെ ചെറിയ സമൂഹമായിരിക്കും. എന്നാല്‍ ക്‌നാനായ സമുദായത്തിലെ വരുംതലമുറ കൂദാശകളുടെ കൃപയില്‍നിന്ന് അകന്ന് പോകാതെ നോക്കേണ്ടത് ഇന്നത്തെ തലമുറയുടെ ദൗത്യമാണ്. സഭയെന്നത് വെറും സംഘടനയല്ല അത് മിശിഹായുടെ ശരീരവും മിശിഹാ തന്നയുമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.

ഇനിയെന്ത്?

വിശ്വാസികള്‍ക്ക് ഇടര്‍ച്ച നല്‍കുന്നത് സാത്താനാണെന്നതാണ് ക്രൈസ്തവ ദൈവശാസ്ത്രം. അതിന് കാരണമാകുന്നത് ഏതെങ്കിലും വ്യക്തികളൊ പ്രസ്ഥാനങ്ങളോ ആണെന്ന് തോന്നിയാലും ക്രൈസ്തവ ബോധ്യം അവരെയാരെയും കുറ്റപ്പെടുത്തുന്നില്ല. മറിച്ച് തിന്മയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്താനാണ് അത് ശിഷ്യരെ ഓര്‍മിപ്പിക്കുന്നത്. ഇടര്‍ച്ചയുടെയും പ്രതിസന്ധികളുടെയും ഘട്ടത്തില്‍ പിടിച്ചു നില്‍കേണ്ടത് പ്രാര്‍ത്ഥനയിലാണ്. വൈദികസമൂഹങ്ങളുടെയും സമര്‍പിത സമൂഹങ്ങളുടെയും ദൗത്യം പ്രകടമാകേണ്ടത് ഈ ഘട്ടത്തിലാണ്. കോട്ടയം അതിരൂപതയിലെ (ക്‌നാനായ സമൂഹമെന്ന ഈ ചെറിയഗണത്തില്‍) പല സമര്‍പിത സമൂഹങ്ങള്‍ വിവിധ കാലങ്ങളില്‍ രൂപപ്പെട്ടത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. പ്രതിസന്ധി ഘട്ടത്തില്‍ സമര്‍പിതര്‍ ആത്മീയ ശക്തി സ്രോതസായി മാറാന്‍ ദൈവം ഇടയാക്കാനാണെന്ന് തിരിച്ചറിയുന്നതോടൊപ്പം മിശിഹായുടെ ശരീരമെന്ന നിലയില്‍ സഭയിലുള്ള സമുദായത്തിന്റെ ആവശ്യകതെ ജനത്തെ ബോധ്യപ്പെടുത്താനും അവര്‍ക്ക് കഴിയണം. പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്തുന്നതോടൊപ്പം വചനത്തിന്റെ പ്രഘോഷണവും നടക്കപ്പെടണം. ക്‌നാനായ സമുദായം അടിസ്ഥാനപരമായി വിശ്വാസസമൂഹമാണെന്നും വിശ്വാസപ്രഘോഷണം ദൗത്യമായി സ്വീകരിച്ചു കുടിയേറ്റം നടത്തിയവരാണെന്നും കുടുംബങ്ങളില്‍ കാരണവന്മാര്‍ മക്കള്‍ക്ക് പറഞ്ഞുകൊടുക്കണം. അപ്പോള്‍ മാത്രമേ വിശ്വാസികളുടെ കൂട്ടായ്മയായ സഭയിലാണ് ഈ സമുദായത്തിന്റെ സ്ഥാനമെന്ന് വരുംതലമുറ തിരിച്ചറിയുകയുള്ളൂവെന്ന് ഓര്‍ക്കാം.

സെക്കുലറൈസേഷനും ക്‌നാനായ സമുദായവും

പാശ്ചാത്യലോകത്ത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടതും ലോകം കടന്നുപോയതുമായ പ്രതിഭാസമാണ് സെക്കുലറൈസേഷന്‍. സഭയില്‍ നിന്ന് ഭൗതികമായ സംവിധാനങ്ങളും അധികാരവും മാറ്റി അത് സ്റ്റേറ്റ് ഏറ്റെടുക്കുന്ന പ്രക്രിയയാണ് സെക്കുലറൈസേഷന്‍. അത് നൂറ്റാണ്ടുകളിലൂടെയുള്ള പ്രവൃത്തിയാണ്. (സെക്കുലറിസമെന്നാല്‍ മതരഹിതസംവിധാനമെന്നാണ് അര്‍ത്ഥം). യൂറോപ്പില്‍ സെക്കുലറിസമെന്ന വാക്കുപയോഗിക്കുന്നത് മതവിരുദ്ധതയ്ക്കായിട്ടാണ്. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ സെക്കുലര്‍ എന്ന വാക്കുകൊണ്ട് കുറേക്കുടി പോസിറ്റീവായ അര്‍ത്ഥമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതും ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നല്‍കുന്ന ക്രമമെന്നുമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. യൂറോപ്പിലെ സെക്കുലറൈസേഷന്‍ പ്രോസസ് ഗുണപരമായ ഒന്നായി നിലകൊണ്ടപ്പോഴും അത് സെക്കുലറിസത്തിലേക്ക് (മതവിരുദ്ധത) എത്തിയപ്പോള്‍ തിന്മയായി ഭവിച്ചതായി മനസിലാക്കണം. അതുകൊണ്ടാണ് ആധുനികമാര്‍പാപ്പമാരും സെക്കുലറിസത്തെയും നിസംഗതയെയും തിന്മയായി കണ്ടത്. ഇനി സെക്കുലറൈസേഷന്‍ പ്രക്രിയയുടെ പശ്ചാത്തലങ്ങളെക്കുറിച്ചും ഘട്ടങ്ങളെക്കുറിച്ചും മനസിലാക്കാം.

ആത്മീയ-ഭൗതിക അധികാരങ്ങള്‍ സമ്മേളിക്കുന്നത്

മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ സഭ ശക്തമായപ്പോള്‍ ഭൗതിക അധികാരവും ആത്മീയ അധികാരവും നേതൃത്വത്തില്‍ വന്നുചേര്‍ന്നു. അക്കാലത്ത് വലിയൊരളവുവരെ യൂറോപ്പിനെ ഇസ്ലാമിക അധിനിവേശത്തില്‍നിന്നും ജര്‍മാനിക് (ബാര്‍ബേറിയന്‍) ഗോത്രങ്ങളുടെ ആക്രമണങ്ങളില്‍നിന്നും രക്ഷിച്ചതിലും സഭാനേതൃത്വത്തിന് വലിയ പങ്കുണ്ട്. കാരണം പുരാതന റോമ സമ്രാജ്യം അതിന്റെ ആസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലേയ്ക്ക് മാറ്റിയതിനാല്‍ പാശ്ചാത്യറോമിന്റെ സംരക്ഷണം സഭയില്‍വന്നുചേര്‍ന്നു. മാത്രമല്ല ഫ്രാങ്ക്‌സ് (ഫ്രഞ്ച്) ജനതയുടെ നേതൃത്വത്തിലേയ്ക്ക് ചാര്‍ലി മെയിന്‍ (കാറല്‍ മാന്‍) വന്നപ്പോള്‍ മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യസഭയ്ക്ക് പിന്തുണനല്‍കിയതുവഴി ഭൗതികമായും സഭ ശക്തമായി. മധ്യകാലഘട്ടത്തില്‍ പിന്നീട് വലിയ സമ്രാജ്യങ്ങളല്ലായിരുന്നു പ്രബലരായിരുന്നത് മറിച്ച് നാട്ടുരാജ്യങ്ങളും ഇടപ്രഭുക്കന്മാരുമായിരുന്നു. ആതുരസേവനം, വിദ്യാഭ്യാസം തുടങ്ങി അനേകം മേഖലകളില്‍ യൂറോപ്പില്‍ മുന്നോട്ട് വന്നത് സഭയായിരുന്നു; പ്രത്യേകിച്ച്, സന്യാസസമൂഹങ്ങളുടെ നേതൃത്വത്തില്‍. ശാസ്ത്ര രംഗത്തും ബൗദ്ധികമേഖലയിലും സഭാംഗങ്ങളുടെ സംഭാവനകള്‍ വലുതായിരുന്നു. എന്നാല്‍, സഭയുടെ മാനുഷിക വശത്ത് ഭൗതിക അധികാരത്തിന്റെ സ്വാധീനത്തിഫലമായി കറവീഴുന്നുണ്ടായിരുന്നുവെങ്കിലും അക്കാലത്തെ യൂറോപ്പിലെ സാമൂഹിക ജീവിതത്തില്‍ സഭയുടെ സ്വാധീനം ശ്രദ്ധേയമായിരുന്നു.

ഭൗതിക അധികാരം വേര്‍തിരിയുന്നു

കാലാന്തരത്തില്‍ സഭയുടെ റോളുകള്‍ മറ്റൊരു ഭരണക്രമത്തിന്റെ ചുമലിലേയ്ക്ക് വന്നു. രാജാധികാരത്തില്‍നിന്ന് ലോകം ജനാധിപത്യക്രമത്തിലേയ്ക്ക് വന്ന ഘട്ടത്തില്‍ സഭാവിരുദ്ധ വികാരങ്ങള്‍ക്ക് വിപ്ലവകാരികള്‍ ഊര്‍ജം പകര്‍ന്നു. ഫലമോ, സഭ പിന്തിരിപ്പനാണെന്നും ദേശീയവികാരങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്ഥാനമാണെന്നും അവര്‍ പ്രചരിപ്പിച്ചു. പ്രസ്തുത ചിന്തകളെ എതിര്‍ത്ത പലരും നിശബ്ദരാക്കപ്പെട്ടു. ഫ്രഞ്ച് വിപ്ലവം ലോകത്ത് പുതിയഭരണക്രമത്തിന് തുടക്കം കുറിച്ചുവെങ്കിലും സഭാവിരുദ്ധതയ്ക്കും ഭരണകൂട ഭീകരതയ്ക്കും അത് പേരുകേട്ടതായിരുന്നു. വിപ്ലവകാരികള്‍ അനേകം സമര്‍പ്പിതരെയും സാധാരണക്കാരെയും കൂട്ടക്കൊല ചെയ്തു. ആ പശ്ചാത്തലത്തിലാണല്ലോ വിപ്ലവകാരികളെ ഭയന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന സന്യസിനികളുടെ സഹായം സ്വീകരിച്ച് വി ജോണ്‍ മരിയ വിയാനിക്ക് രഹസ്യമായി ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുങ്ങേണ്ടിവന്നത്. സഭാവിരുദ്ധ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തില്‍ അത് ദൈവവിരുദ്ധ മുന്നേറ്റവും കൂടിയായി മാറി. അതുകൊണ്ടാണല്ലോ ദൈവാലയങ്ങളെ വിവേകത്തിന്റെ ക്ഷേത്രങ്ങളായി വിപ്ലവകാരികള്‍ പ്രഖ്യാപിക്കുകയും നോട്ടര്‍ ഡാം കത്തീഡ്രലിലെ ഉയര്‍ന്ന തട്ടില്‍ വിവേകത്തിന്റെ ദേവതയെന്ന് പേര് നല്‍കി ഒരു നര്‍ത്തികയെ ഇരുത്തുകയും ചെയ്തത്. ഇപ്രകാരം ജനമനസുകളില്‍നിന്ന് ദൈവവിശ്വാസം കുടിയൊഴുപ്പിക്കാന്‍ വിപ്ലവകാരികള്‍ പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമായിട്ടാണ് ഫ്രാന്‍സിന്റെ വിശ്വാസദീപം കെട്ടുപോയത്. സഭാപക്ഷത്ത് നിലകൊണ്ടവര്‍ അവര്‍ക്ക് ദേശവിരുദ്ധരായിരുന്നു. സഭാവിരുദ്ധ പ്രചരണങ്ങള്‍ ഏറ്റവും വേഗം സ്വാധീനിച്ചത് യുവതലമുറയെയാണ്. വി. ജോണ്‍ മരിയ വിയാന്നി ഫ്രാന്‍സിലെ സഭാവിരുദ്ധതയുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്നു. ‘ഒരു പുരോഹിതനില്ലാതെ 20 വര്‍ഷം കിടക്കുന്ന ഇടവക പിന്നീട് മൃഗത്തെയായിരിക്കും ആരാധിക്കുന്നത്.’ കാരണം, കൂദാശകളിലൂടെ പ്രദാനം ചെയ്യപ്പെടുന്ന കൃപ സ്വീകരിക്കാനാവാത്ത സമൂഹം മൃഗ സദൃശ്യമാകുമത്രേ.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദം

ഫ്രാന്‍സില്‍ ആരംഭിച്ച സഭാവിരുദ്ധത പിന്നീട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു. അതോടൊപ്പം ജനാധിപത്യ റിപ്പബ്ലിക്കന്‍ സംവിധാനങ്ങള്‍ നിലവില്‍വന്നു. അതിന്റെ ഫലമായി പേപ്പല്‍ സ്റ്റേറ്റ് വിക്ടര്‍ ഇമ്മാനുവേല്‍ രണ്ടാമന്‍ കീഴടക്കി ഇറ്റലിയോട് ചേര്‍ത്തു. സഭയുടെ ഭൗതിക അധികാരം, വസ്തുക്കള്‍, ദൗത്യങ്ങള്‍ എന്നിവ സ്റ്റേറ്റിന്റെ ചുമതലയിലായി. ക്ഷേമ രാഷ്ട്രമെന്ന ആശയം പ്രബലപ്പെട്ട അക്കാലത്ത് ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സെക്കുലറൈസേഷന്‍ നിയമങ്ങള്‍ പ്രയോഗത്തിലാക്കി. ആതുര ശുശ്രൂഷ, വിദ്യാഭ്യാസം തുടങ്ങിയവ സ്റ്റേറ്റ് ഏറ്റെടുത്തു. കത്തോലിക്കാ സഭയെന്ന പദംകൊണ്ട് പേപ്പല്‍ സ്റ്റേറ്റ് എന്ന് കരുതിയ കാലത്ത് നിന്ന് സഭ ലോകത്തിന്റെ മനസാക്ഷിയായി മാറിയെന്നതായിരുന്നു ഉതിന്റെ മറുവശം. ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയരാജ്യമെന്ന പേരില്‍ നാമമാത്ര രാഷ്ട്രമായി വത്തിക്കാന്‍ നിലനില്‍കുമ്പോഴും കത്തോലിക്കാ സഭയുടെ നവീകരിക്കപ്പെട്ട സിരാകേന്ദ്രമായി അത് നിലകൊള്ളുകയാണ്. ലോകം മുഴുവനുമുള്ള കത്തോലിക്കരുടെ ഭരണകേന്ദ്രമായും. അക്കാലത്തെ സഭാവിരുദ്ധതയുടെയും പ്രചരണത്തിന്റെയും മറവിലായിരുന്നു ഫ്രാന്‍സിലും ജര്‍മനിയിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളുടെ തലപ്പത്തേയ്ക്ക് പല രാഷ്ട്രീയ പാര്‍ട്ടികളുമെത്തിയത്. ഒരു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടു വികാരം മുതലെടുക്കാന്‍ എളുപ്പമാണെന്നതായിരുന്നു കാരണം. അവര്‍ സൃഷ്ടിച്ച വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍നിന്നും ദൈവം നന്മ ഉളവാക്കിയപ്പോള്‍ മാറിയലോകത്തിന് പറ്റിയ മുഖത്തോടെ സഭ പുനര്‍ജനിച്ചു. പേപ്പല്‍ സ്റ്റേറ്റ് എന്ന് സംവിധാനവും ക്രമവും സഭയ്ക്ക് ഇല്ലാതായി; എങ്കിലും കാലക്രമത്തില്‍ സഭ ലോകത്തിന്റെ ആത്മീയ ശക്തിയും ശബ്ദവുമായി മാറിയെന്നതാണ് ഗുണപരമായ മറ്റൊരു നേട്ടം. നിരന്തരം നവീകരണം സംഭവിച്ചുകൊണ്ട് തീര്‍ത്ഥാടനം ചെയ്യുന്ന മിശിഹായുടെ മൗതിക ശരീരമായി അവള്‍ ലോകത്ത് നിലകൊള്ളുന്നു. പക്ഷേ ഏവിടെയാണ് നഷ്ടം സംഭവിച്ചത്?

വിശ്വാസത്തിന് ജീവിതത്തിന് പ്രാധാന്യം നല്‍കുകയും മിശിഹായുടെ ശരീരമാണ് സഭയെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരുടെ മാത്രം സങ്കേതമായി യുറോപ്പില്‍ സഭ മാറി. അതുകൊണ്ടാണ് വലിയ ആള്‍ക്കുട്ടങ്ങളുടെ സമ്മേളനങ്ങളല്ലാതെ അത് മാറിയത്. തെരെഞ്ഞെടുക്കപ്പെട്ട ചെറിയ ഗണമായി അത് രൂപപ്പെടുന്നു. അവിടെയും ലോകത്തിന്റെ ചായ്‌വുകള്‍ക്കനുസരിച്ച് മുന്നേറിയ വലിയ ഗണം സഭാനൗക വിട്ടുപോയിട്ടുണ്ട്. എന്നാല്‍ രക്ഷയുടെ പാതയില്‍ ചരിക്കുന്നവര്‍ എണ്ണം കുറവെങ്കിലും മുന്നോട്ടു പോകും. പണ്ടു കാലത്ത് സഭയുടെ സീമന്തപുത്രിയെന്ന് അറിയപ്പെട്ട ഫ്രാന്‍സിലെ ദൈവശാസ്ത്രജ്ഞരുടെ ചിന്തകളായിരുന്നു മധ്യകാലഘട്ടത്തിലെ ദൈവശാസ്ത്രവികാസത്തിന് അടിത്തറപാകിയിരുന്നത്. അനേകം പണ്ഢിതരും വിശുദ്ധരും ഫ്രാന്‍സില്‍നിന്ന് ക്രൈസ്തവലോകത്തിന്‌ലഭിച്ചുവെങ്കിലും ഫ്രാന്‍സ് ദൈവത്തെയും സഭയെയും തള്ളിപ്പറഞ്ഞപ്പോള്‍ അത് വിശ്വാസത്തിന് സ്ഥാനം നല്കാത്ത ഇടമായി. ദൈവത്തിന് പ്രാധാന്യം നല്‍കാതെ പോയി. പല യൂറോപ്യന്‍ രാജ്യങ്ങളും ആ പാത പിന്തുടര്‍ന്നുതുവഴി വിശ്വാസവെളിച്ചത്തില്‍ നിന്ന് അവര്‍ മാറിപ്പോയി. വെളിപാടുകളിലൂടെയും പ്രത്യക്ഷീകരണങ്ങളിലൂടെയും പരി. മറിയം പോലും ലോകത്തിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അനേകര്‍ കൃപ നഷ്ടപ്പെടുത്തി മുന്നേറിയത് ആത്മീയനാശത്തിന് കാരണമായി.

സഭയെയും കൗദാശികജീവിതത്തെയും തള്ളിപ്പറയുന്ന തീവ്ര നിലപാടുകാര്‍

”സഭ വേണ്ട സമുദായം മാത്രം മതി” യെന്ന് ആക്രോശിച്ച് നടക്കുന്നവര്‍ കഴിഞ്ഞ കാലത്തെ സഭവിരുദ്ധമുന്നേറ്റത്തിന് പുതിയഭാഷ്യം ചമയ്ക്കുകയാണ്. ക്‌നാനായ സമുദായത്തിന്റെ ആത്മീയ തലത്തെ നിഷേധിക്കുന്ന ഇവര്‍ അടുത്ത തലമുറയുടെ വിശ്വാസജീവിതത്തെ തകര്‍ത്തുകൊണ്ട് ആത്മനാശത്തിന് കളമൊരുക്കുകയാണെന്ന് തിരിച്ചറിയണം. സഭാജീവിതത്തില്‍ അരാജകത്വം സൃഷ്ടിച്ചുകൊണ്ട് പുതിയ പ്ലാറ്റ്‌ഫോം രൂപീകരിക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ വിഭാവനം ചെയ്യുന്നത് ലോകക്രമത്തിലെ പുതിയ ക്രമംപോലൊന്ന് സഭയില്‍നിന്ന് വേര്‍പെടുത്തിയെടുക്കുന്ന സമുദായത്തിലൂടെ സൃഷ്ടിക്കാമെന്നാണ്. പക്ഷേ, സെക്കുലര്‍ ലോകത്തിന് രൂപപ്പെടുത്താന്‍ പറ്റിയ പോലുള്ള ഒരു ഭരണക്രമത്തിലൂടെ ഈ സമുദായത്തിന് ചെറിയ കാലയളവിലധികം മുന്നോട്ടു പോകാനാവില്ല.

നിശബ്ദകാഴ്ചക്കാരാകുന്ന ഭൂരിപക്ഷം

അരാജാകത്വവും ആക്രോശവുംകൊണ്ട് ക്‌നാനായ സമുദായത്തെ പൊതുജനമധ്യത്തില്‍ അവഹേളിതരാക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ നടപടികള്‍ കണ്ടിട്ട് വലിയൊരു ശതമാനം നിശബ്ദതപാലിക്കുന്നുണ്ട്. അവരുടെ നിശബ്ദതയ്ക്കും നിസംഗതയ്ക്കും ഈ സമുദായം വിലകൊടുക്കേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. ഈ കോലാഹലങ്ങളും സഭാവിരുദ്ധതയും കണ്ട് യുവതലമുറ വിശ്വാസ ജീവിതത്തില്‍നിന്നും ക്രമേണ സമുദായകൂട്ടായ്മയില്‍നിന്നും അകലം പാലിക്കും. അതുതന്നെയാണ് സംരക്ഷണക്കാരെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരുടെ ലക്ഷ്യവും.

ഏതെങ്കിലും തരത്തിലുള്ള വിശ്വാസരഹിത – സഭാരഹിത സംവിധാനംകൊണ്ട് സമുദായത്തെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ലാതാവും. അടുത്ത തലമുറയില്‍ വെറും സമുദായബോധമോ വര്‍ഗബോധമോകൊണ്ട് മാത്രം വിവിധരാജ്യങ്ങളിലായി നിലകൊള്ളാന്‍ പോകുന്ന തലമുറയെ ചേര്‍ത്തുനിര്‍ത്താനാവില്ല. ക്‌നാനായ സമുദായത്തിന്റെ അന്ത്യം കുറിക്കാനുള്ള നടപടിയായി അത് തീരുമോയെന്ന് സംശയിക്കണം. കാരണം, സഭാത്മകവും ആരാധനക്രമകേന്ദ്രീകൃതവുമായി ജന്മമെടുക്കുകയും നൂറ്റാണ്ടുകളായി നിലനില്‍കുകയും ചെയ്ത ഒരു സമൂഹം മതരഹിത ക്രമമാക്കി മാറ്റുന്നത് ചിലരുടെ സ്ഥാപിത താല്പര്യം കൊണ്ടാണെങ്കിലും സഭയെ തള്ളിപ്പറയുന്ന ഈ സമൂഹത്തിന് കൃപയുടെ പങ്ക് ലഭിക്കാതാകും. ദൈവം അത് നിഷേധിക്കുന്നതുകൊണ്ടല്ല ഈ സമൂഹം സഭയിലൂടെ ലഭിക്കുന്ന കൃപയെ പുറന്തള്ളുന്നതുകൊണ്ടാവുമത്. നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെക്കൂടാതെ നിന്നെ രക്ഷിക്കാനാവില്ലയെന്ന വി. ആഗസ്തീനോസിന്റെ വചനം ക്‌നാനായ സമുദായത്തിന്റെ കാര്യത്തിലും സാര്‍ത്ഥകമാണ്.

ഫാ. മാത്യു കൊച്ചാദംപള്ളിൽ

സ്ഥാപിത താൽപര്യക്കാരുടെ ലക്ഷ്യങ്ങളും സമുദായഭാവിയും

2022 സെപ്തംബര്‍ 16ന് സമൂദായസംരക്ഷണമെന്ന വ്യാജേന ചിലര്‍ തുവാനിസയില്‍ അതിരൂപതയിലെ വൈദികരുടെ വാര്‍ഷികധ്യാനം നടക്കുന്നിടത്തേയ്ക്ക് കയറിവന്ന് ബഹളമുണ്ടാക്കിയത് സാധാരണജനത്തിനിടയില്‍ ചര്‍ച്ചയായിരിക്കുകയാണല്ലോ. ഈ സംഭവവികാസതത്തിന്റെ പശ്ചാത്തലത്തില്‍് ക്‌നാനായ സമുദായത്തിന്റെ ഭാവിയെക്കുറിച്ച് മുന്‍കൂട്ടി ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ഉചിതമാണ്. അഭി. മെത്രാപ്പോലീത്ത ക്‌നാനായ സമുദായത്തെ നശിപ്പിക്കുന്നുവെന്ന മുറവിളി ഉയര്‍ത്തിക്കൊണ്ടും അതിനെതിരെയുള്ള പ്രവര്‍ത്തിയെന്ന മറ പിടിച്ചും ചിലര്‍ പരസ്യമായി ഗൂഢ ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്നതിന് തുടക്കം കുറിച്ചത് 2012 ഏപ്രില്‍ 01 ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ ബഹളങ്ങളിലൂടെയാണ്. എന്നാല്‍ അതിനുംമുമ്പേ ഇതിനുള്ള ഒരുക്കങ്ങള്‍ അമേരിക്കയിലെ ക്‌നാനായ മിഷനുകളുടെ സ്ഥാപനത്തിന് ശേഷം അവര്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ബഹളങ്ങളുടെ പശ്ചാത്തലം നവീകരണസമിതി അതിരൂപതയ്‌ക്കെതിരെ നല്‍കിയ കേസില്‍ ജില്ലാകോടതി വിധി രൂപതയ്ക്ക് എതിരായതാണ്. കോടതി നടത്തിയ വിധിയെക്കുറിച്ചും നിരീക്ഷണങ്ങളെക്കുറിച്ചും ഒരു ജനാധിപത്യരാജ്യത്തിലെ ജനങ്ങളെന്ന നിലയില്‍ പ്രതികരിക്കേണ്ടത് നിയമപരമായിട്ടാണെന്ന് ഏവര്‍ക്കുമറിയാം. കോടതി നടപടികളിലൂടെ തന്നെവേണം ഇപ്പോഴത്തെ വിധിയെ മറികടക്കാന്‍. നിയമവവ്യവസ്ഥയുള്ള ഒരു രാജ്യത്ത് ശക്തിപ്രകടനങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും വിധിയെ മറികടക്കാനാകുമെന്ന് കരുതുന്നത് മൗഢ്യമാണല്ലോ.

വിധി പ്രതികൂലമായപ്പോള്‍ അത് അതിരൂപത നേതൃത്വത്തിന്റെ പേരില്‍ പഴി ചാര്‍ത്തിക്കൊണ്ട് ചില തല്‍പരകക്ഷിക്കാര്‍ മുന്നോട്ടുവന്ന് ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതില്‍നിന്നും അവരുയര്‍ത്തുന്ന ആശയങ്ങളുടെ ലക്ഷ്യങ്ങള്‍ മനസിലാക്കാം

സഭാവിരുദ്ധ വികാരം ഉണര്‍ത്താന്‍ ഉയര്‍ത്തുന്ന വാദങ്ങള്‍

  1. അതിരൂപത നേതൃത്വം സമുദായത്തെ സംരക്ഷിക്കുന്നില്ല
  2. കോടതിയിലെ വാദങ്ങള്‍ പര്യാപ്തമല്ല
  3. സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്നവരെ പുറത്താക്കുമെന്ന് രേഖയില്‍ പറയുന്നില്ല. അത് പറഞ്ഞുകൊണ്ട് പത്രിക തിരുത്തണം.
  4. സഭയല്ല സമുദായമാണ് പ്രധാനം എന്ന് പറയണം
  5. കോടതിയുടെ വിധിയ്‌ക്കെതിരെ പ്രമേയങ്ങള്‍ പാസാക്കി വേണ്ടിവന്നാല്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാകുമെന്ന് രൂപതാ നേതൃത്വം പറയുന്നില്ല. അത് പറയാത്തതുകൊണ്ട് മെത്രാപ്പോലീത്ത സമുദായ വിരുദ്ധനാണ്.

പത്രികയുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍

പ്രത്യക്ഷത്തില്‍ സമുദായ വികാരമുണര്‍ത്താന്‍ ഉതകുന്ന ഇതുപോലുള്ള വാദങ്ങളാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, കേസില്‍ ആദ്യംമുതലേ കക്ഷി ചേര്‍ന്നിരുന്ന അതിരൂപത ഉചിതമായ എല്ലാ സമിതികളിലും ചര്‍ച്ചചെയ്തിട്ടും രൂപതയിലെയും പുറത്തുമുള്ള വിവിധനിലകളില്‍ സേവനം ചെയ്തിരുന്ന അഡ്വക്കേറ്റ്‌സുമായി ആലോചിച്ചുമാണ് പത്രിക നല്‍കിയത്. അവയിലെന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെങ്കില്‍ എഴുതിനല്‍കാനും വിവിധ ബാനറുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആളുകളോടും രൂപതയിലുള്ള നിയമജ്ഞരോടും ആവശ്യപ്പെട്ടിരുന്നു. അതായത്, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലും പ്രഗത്ഭരായ നിയമവിദഗ്ദ്ധരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചുമാണ് അതിരൂപത കോടതിയില്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. അതിരൂപതയക്ക് പുറമേ വ്യക്തിപരമായും സംഘടനകളുടെ പേരിലും പലരും കക്ഷി ചേര്‍ന്നിരുന്നു. പുതിയ വാദഗതികളൊ രേഖകളോ സമര്‍പ്പിക്കാന്‍ അവര്‍ക്കും ആയിട്ടില്ല. അതിനര്‍ത്ഥം, സമുദായത്തെ സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിക്കാനാവുന്നതിന്റെ പരമവധി രേഖകള്‍ രൂപത ലോവര്‍ കോടതിയില്‍ തന്നെ സമര്‍പ്പിച്ചുവെന്നതാണ്. അതുകൊണ്ടാവണം, പിന്നീടും കക്ഷി ചേര്‍ന്നവര്‍ക്ക് കൂടുതല്‍ രേഖകള്‍ നല്‍കാനാവാതെ പോയത്.

ജില്ലാകോടതികളിലെ കേസിന്റെ പ്രവര്‍ത്തനങ്ങളും അതിരൂപത ലീഗല്‍ സെല്ല് ഏകോപനം നടത്തിയിരുന്നു. എന്നുമാത്രമല്ല, രൂപതയ്ക്ക് പുറമേ കക്ഷിചേര്‍ന്നവരും രൂപതനല്‍കിയ പത്രികയ്ക്ക വിരുദ്ധമായിട്ടല്ല പത്രിക നല്‍കിയത്. സമുദായാംഗത്വത്തില്‍ ജന്മം കൊണ്ടും കര്‍മ്മംകൊണ്ടും എന്ന മാനദണ്ഡം കോടതിയില്‍ അംഗീകരിക്കപ്പെടില്ലായെന്ന് അവര്‍ക്കും അറിയാമായിരുന്നു. പക്ഷേ, കോടതി വിധി പ്രതികൂലമായപ്പോള്‍ കുറ്റം മുഴുവന്‍ മെത്രാപ്പോലീത്തായുടെ മുകളില്‍ ചാര്‍ത്തിക്കൊണ്ട് സമര്‍ത്ഥമായി കൈകഴുകാനുള്ള ശ്രമങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നത്.

അടുത്ത ഘട്ടം

ഈ മുന്നേറ്റങ്ങളുടെ അടുത്ത ഘട്ടത്തില്‍ രൂപതാ തലത്തിലും ഇടവക തലത്തിലും അസ്വസ്ഥതകളും ബഹളങ്ങളും സൃഷ്ടിച്ച് രൂപതയ്‌ക്കെതിരെയുള്ള വികാരം ശക്തമാക്കാനുള്ള ശ്രമങ്ങളുണ്ടാവും. അതിന്റെ അടുത്ത തലത്തില്‍ കയ്യേറ്റങ്ങള്‍ പോലും നടത്തിക്കൊണ്ട് പ്രശ്‌നം കലുഷിതമാക്കാനും സമുദായം തീവ്രനിലപാടുകാരുടെ സംരക്ഷണയില്‍മാത്രമേ സുരക്ഷിതമായിരിക്കുകയുള്ളൂവെന്ന പ്രതീതി ഉളവാക്കാന്‍ തയ്യാറാകും. കോടതിയിലൂടെ ഒരു ശാശ്വത പരിഹാരമെന്ന ലക്ഷ്യമൊന്നും ഇവര്‍ക്കുണ്ടായിരിക്കില്ല. കാരണം, ആത്യന്തികമായ സമുദായ സംരക്ഷണം ഇവരുടെ അജണ്ടയിലില്ലയെന്നതു തന്നെ.

സമുദായ സംരക്ഷണത്തിന് മുന്നോട്ട് വയ്ക്കാന്‍ പോകുന്ന വാദങ്ങള്‍

വിദേശ രാജ്യങ്ങളില്‍ പള്ളികളൊ മിഷനുകളൊ വേണ്ട, സഭാസംവിധാനങ്ങള്‍ ആവശ്യമില്ല. സമുദായത്തിന് വേണ്ടി സഭയില്‍നിന്നും രൂപതയില്‍നിന്നും വേറിട്ട് ഒരു സംവിധാനം ഉണ്ടാവണം എന്നിങ്ങനെയാവും ഇവരുടെ വാദങ്ങള്‍. അടുത്ത ഘട്ടത്തില്‍ രൂപതയുടെ പള്ളികളും സ്ഥാപനങ്ങളും ഈ സംഘടന അവകാശപ്പെടും. ക്രമേണ, ഭാവിയില്‍ രൂപം കൊള്ളാന്‍ പോകുന്ന സംഘടനയ്ക്ക് രൂപതയുടെ വസ്തുവകകളുടെയും സ്ഥാപനങ്ങളുടെയും അവകാശം എഴുതി നല്‍കമെന്ന നിലപാട് ഉയര്‍ത്തും. സഭാത്മകമായി ജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ സമൂദായവിരുദ്ധരായി ചിത്രീകരിക്കപ്പെടുന്നതാണ് ഇതിന്റെ മറുവശം. വസ്തുവകകള്‍ എന്നതല്ല സഭയുടെ അടിസ്ഥാനം. പക്ഷേ അതിന്റെ മറവില്‍ അനേകംപേരെ ആശയകുഴപ്പത്തിലാക്കി വിശ്വാസം നശിപ്പിക്കാന്‍ പോകുവിധം ശക്തമായിരിക്കും പ്രചരണം. അതിന്‌വേണ്ടി കൊമ്പുയര്‍ത്താന്‍ പറ്റുന്ന ആളുകളെമാത്രം സംഘടനയുടെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കും. അവര്‍ക്ക് സഭ മിശിഹായുടെ ശരീരമാണെന്നോ, അത്മീയനേതൃത്വത്തിന്റെ പ്രസക്തി. കൂദാശകള്‍, നിത്യരക്ഷയെക്കുറിച്ചുള്ള ചിന്തകള്‍ എന്നിവയൊന്നും കാണില്ല. സഭയെന്നത് അവരെ സംബന്ധിച്ച് സമുദായ സംഘടനയെ എതിര്‍ക്കുന്ന ഒരു കമ്പനി മാത്രമായിരിക്കും.

അനന്തരഫലമായി, സാധാരണക്കാരായ അനേകം വിശ്വാസികളും നേതൃത്വവും നിശബ്ദരാകുകയൊ ബലഹീനമാകുകയൊ ചെയ്യും. യുവജനങ്ങളുടെ വിശ്വാസം ക്ഷയിക്കും. ക്‌നാനായക്കാരായ അനേകരുടെ ആത്മനാശത്തിന് അത് ക്രമേണകാരണമാകും. പക്ഷേ, കുറച്ചുകാലം കൂടെ സമുദായം പിടിച്ചുനില്‍കുമെങ്കിലും ആത്മാവും ജീവനും നഷ്ടപ്പെടുന്ന ക്‌നാനായ സമുദായത്തിന്റെ ശൈഥല്യത്തിലേയ്ക്ക് നയക്കുമെന്നും തിരിച്ചറിയണം. ആളുകള്‍ വസ്തുതകള്‍ ഗ്രഹിച്ചുവരുമ്പോഴേയ്ക്കും വലിയ നഷ്ടം ഉണ്ടാവുമെന്നതാണ് ദുഖകരം.

സഭയും സമുദായവും രണ്ടാകുന്നു

സമുദായസംരക്ഷിക്കാനെന്നപേരില്‍ മുന്നിട്ടിറങ്ങുന്നവരുടെ വാദഗതികള്‍ക്കനുസരിച്ച് ക്രമങ്ങള്‍ മാറിയാല്‍ സംഭവിക്കുന്നത് സഭയും സമുദായവും രണ്ടാകുമെന്നതാണ്. (ഇവിടെ സഭയെന്നതുകൊണ്ട് രൂപതസംവിധാനത്തെ അഥവാ ലോക്കല്‍ ചര്‍ച്ച് [LOCAL CHURCH] ആണ് അര്‍ത്ഥമാക്കുന്നത്. ക്‌നാനായ വ്യക്തിസഭ എന്നല്ല; ക്‌നാനായക്കാർ എന്നത് സഭയിലെ ഒരു സമുദായമാണ്‌). തെക്കുംഭാഗജനത കേരളത്തില്‍ മാത്രമുണ്ടായിരുന്ന കാലത്ത് തെക്കുംഭാഗര്‍ എന്നതുകൊണ്ട് തെക്കുംഭാഗപള്ളിക്കാര്‍ എന്ന അര്‍ത്ഥവുമുണ്ടായിരുന്നു. അതുകൊണ്ടാണ് ചില രേഖകളില്‍ അവരെ അഞ്ചരപള്ളിക്കാര്‍ എന്ന് വിളിച്ചത്. പിന്നീട് മാക്കീല്‍ മത്തായി അച്ചന്‍ തെക്കുംഭാഗജനത്തിന്റെ വികാരി ജനറാളായിരുന്ന കാലത്ത് തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും മര്‍തോമ്മ ക്രിസ്ത്യാനികള്‍ വേറിട്ട് നിന്നിരുന്നത് മനസിലാക്കാന്‍ അവരുടെ പള്ളികള്‍ നോക്കിയാല്‍ മതിയായിരുന്നു. 1911 ല്‍ കോട്ടയം വികാരിയത്ത് തെക്കുംഭാഗര്‍ക്കായി സ്ഥാപിച്ചു നല്‍കിയാല്‍ മറ്റു സീറോമലബാര്‍ വികാരിയത്തില്‍നിന്ന് പള്ളികള്‍ ഭൂമിശാസ്ത്രപരമായി എങ്ങനെ വേര്‍തിരിച്ചു നല്‍കാനാവും എന്നത് റോമന്‍ ഡികാസ്റ്ററിക്ക് സംശയമുണ്ടായിരുന്നു. അവ തമ്മില്‍ അതിര്‍ത്തികളുടെ പേരിലും പള്ളികളുടെപേരിലും വഴക്കുകളുണ്ടാകുമോ എന്നതായിരുന്നു റോമിനെ ചിന്തിപ്പിച്ചത്. അതിന് മറുപടിയായി സീറോമലബാര്‍ മെത്രാന്മാര്‍ നല്‍കിയ മറുപടി തെക്കുംഭാഗരുടെയും വടക്കുംഭാഗരുടെയും പള്ളികള്‍ക്ക് ഭൂമിശാസ്ത്രപരമായ വേര്‍തിരിവ് ആവശ്യമില്ല. ഒരേ ഗ്രാമത്തിലെ പള്ളികളില്‍ തമ്മില്‍ തെക്കുംഭാഗ വടക്കുംഭാഗ പള്ളികളെന്ന വേര്‍തിരിവ് സാമുദായിക അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നുണ്ട്. അപ്രകാരം 1911 ല്‍ കോട്ടയം വികാരിയത്തുണ്ടായപ്പോള്‍ (പിന്നീട് രൂപത) അന്നത്തെ പ്രോപ്പര്‍ ടെറിട്ടറി (Proper territory) യില്‍ രൂപതയുടെ അതിര്‍ത്തിയും സമുദായത്തിന്റെ അതിര്‍ത്തിയും ഒന്നുതന്നെയായി. കോട്ടയം രൂപതയെന്നത് തെക്കുംഭാഗ സമുദായമായി ജനം കരുതി.

സഭയിലാണ് ഈ സമുദായം സംരക്ഷിക്കപ്പെട്ടതും വളര്‍ന്നതും. കാരണം, തെക്കുംഭാഗ കുടിയേറ്റം നടന്നത് ഒരു സഭാഘടകമായിട്ടാണ്. മെത്രാനും വൈദികരും ശെമ്മാശന്മാരും ദൈവജനവുമടങ്ങിയ ജനം സഭാഘടകവും ആരാധനകൂട്ടായ്മയുമായിരുന്നു. നൂറ്റാണ്ടുകളിലൂടെയുള്ള ഈ സമൂഹത്വത്തിന്റെ വളര്‍ച്ചയില്‍ ആരാധനസമൂഹമെന്ന നിലയില്‍ ദൈവാലയ ബന്ധിയായ ജീവിതം അവര്‍ പുലര്‍ത്തി. അവരുടെ കേന്ദ്രങ്ങളില്‍ അവര്‍ പ്രധാന പള്ളികള്‍ പണിതുവെന്നുമാത്രമല്ല; അവരുടെ എണ്ണം കുറവായിരുന്നിടത്ത് സമുദായ വ്യതിരിക്തത നിലനിര്‍ത്തിക്കൊണ്ട് മറ്റ് ജനത്തോട് സഹകരിച്ച് അവര്‍ നിലകൊണ്ടു. അതുകൊണ്ടാണ് ചിലപള്ളികളില്‍ ഈ ജനത്തിന് അരപ്പള്ളിയുടെ അവകാശം സിദ്ധിച്ചത്. സഭയുടെയും കൂദാശകളുടെയും സംരക്ഷണം ലിറ്റര്‍ജിക്കല്‍ കമ്മ്യൂണിറ്റിയെന്ന നിലയില്‍ ജനത്തിന് ലഭിച്ചത് ഈ അസ്തിത്വത്തിലായിരുന്നു. തെക്കുംഭാഗജനത്തിന് വേണ്ടി കോട്ടയം രൂപത 1911 ല്‍ സഭ നല്‍കിയപ്പോള്‍ ഈ ജനത്തിന് നല്‍കിയത് സഭയുടെ സംരക്ഷണവും (Ecclesiastical Upgradation of the already existing ecclesial entity) കൂടിയാണ്.

കോടതി വിധി എതിരായ പശ്ചാത്തലം മുതലെടുത്തുകൊണ്ട് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ രൂപതയ്ക്കുവേണ്ടി തെരെഞ്ഞെടുത്ത് അഭിഷേകം ചെയ്ത് നിയോഗിച്ച മാര്‍ മൂലക്കാട്ട് മെത്രാപ്പോലീത്തായ്‌ക്കെതിരെ തിരിയുന്നവരുടെ ലക്ഷ്യങ്ങളില്‍ പ്രധാനമായത് സഭയല്ല സമുദായമാണ് പ്രധാനമെന്ന് സ്ഥാപിക്കലായിരുന്നു.

പരിണിതഫലം

സഭയെ സമുദായത്തിന്റെ എതിര്‍പക്ഷത്ത് ചിത്രീകരിക്കുന്നതുവഴി അവര്‍ ഈ സമൂദായത്തിന്റെ സഭാത്മാകമാനത്തെയാണ് പുറന്തള്ളുന്നത്. സഭയെ വരുദ്ധചേരിയില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് വഴി സഭയിലൂടെ ലഭിക്കുന്ന ആത്മീയ സംരക്ഷണത്തെ ഇല്ലാതാക്കുകയാണ് ഇവര്‍. സമുദായമെന്ന നിലയില്‍ ഏതൊരു ഓര്‍ഗനൈസേ.ഷനെയും പോലെ ഈ സമൂദായത്തിന് ഭൗതിക സംവിധാനങ്ങള്‍ സൃഷ്ടിച്ച് നിലനില്‍കാനാകും. പക്ഷേ, ആത്മീയ തലത്തിലുള്ള സംരക്ഷണത്തോട് ജനം പുറംതിരിഞ്ഞു നിന്നാല്‍ കാലക്രമത്തില്‍ ശൈഥല്യം സംഭവിക്കും. ക്‌നാനായ സമുദായം (ഒരു ചെറു വിഭാഗം) പുതിയ മാനത്തോടെയും മുഖത്തോടെയും (The Remnant Elect) ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ ഭാഗമെന്ന നിലയില്‍ സഭയില്‍ പുനര്‍ജീവിക്കുകയും ആത്മീയ മേഖല വീണ്ടെടുക്കുകയും ചെയ്യും. പക്ഷേ, സഭാ ബന്ധം (ആത്മീയബന്ധം) വേർപെട്ട ഭാഗത്തിലെ ജനം ഒരു സമുദായമെന്നനിലയില്‍ ഈ പ്രതിസന്ധയില്‍ തകരുമെന്ന് ഭയക്കണം. ഈ തകര്‍ച്ച അനേകരുടെ വിശ്വാസപ്രതിസന്ധിക്കും ആത്മനാശത്തിനും കാരണമാക്കും.

സമുദായക്കേസും ബ. ബൈജു മുകളേലച്ചന്റെ ലേഖനങ്ങളും

കോട്ടയം അതിരൂപതയ്ക്കെതിരേ നവീകരണസമിതി നടത്തിയ കേസില്‍ കോടതിയില്‍നിന്ന് പ്രതികൂല വിധി വന്നത് സമുദായാംഗങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. സ്വവംശവിവാഹനിഷ്ഠ പാലിച്ച് അതിരൂപതയില്‍ കഴിയാനാഗ്രഹിക്കുന്നവരുടെ അവകാശം കോടതി വേണ്ടപോലെ പരിഗണിച്ചില്ലയെന്നു വേണം മനസിലാക്കാന്‍. അതുകൊണ്ട് തന്നെ, തുടര്‍ അപ്പീലുകള്‍ക്ക് ബന്ധപ്പെട്ട കക്ഷികള്‍ മുന്നോട്ടുപോകുമെന്ന് ഉറപ്പാണ്.

ചില തത്പരകക്ഷികള്‍ ഉന്നയിക്കുന്ന ആക്ഷേപം ഈ കേസിൽ ബ. കറുകപ്പറമ്പിലച്ചന്റെയും മുകളേലച്ചന്റയും അപ്നാദേശിലെ ലേഖനങ്ങളാണ് കോടതി വിധിയിലേക്ക് നയിച്ചതെന്നാണ്. പക്ഷേ, അവ കോടതിയുടെ വിധിക്ക് പ്രസക്തമല്ലയെന്ന് ജില്ലാകോടതി പറഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല ചരിത്രപരമായ രേഖകളുടെ അടിസ്ഥാനത്തില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ മാറ്റിയെഴുതേണ്ട കാര്യവുമില്ല. ബ. കറുകപ്പറമ്പിലച്ചന്റെ ലേഖനം കോടതിയിൽ പ്രമാണം പോലുമല്ല

ക്‌നായി തോമ്മയെക്കുറിച്ച് നാട്ടില്‍ അന്ന് നിലനിന്നിരുന്ന ചില എതിര്‍വാദങ്ങളെകുറിച്ച് അക്കാലത്തെ യൂറോപ്യന്‍ മിഷനറിമാര്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരണങ്ങള്‍ പഠിച്ച് ബ. മുകളേലച്ചന്‍ എഴുതിയത് അക്കാലത്തെ ആരോപണങ്ങള്‍ നാട്ടിലെ കള്ളക്കഥകളാണെന്നാണ് (Lie of the Land). അപ്രകാരമുള്ള വിവരണങ്ങള്‍ ബ. കൊല്ലാപറമ്പിലച്ചന്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത് സിംപോസിയം ഓണ്‍ ക്‌നാനൈറ്റ്‌സ് എന്ന ഗ്രന്ഥത്തിലാണല്ലോ. ഈ വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് അച്ചൻ ലേഖനത്തിന്റെ ആമുഖഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. വട്ടക്കളത്തിലച്ചന്‍ 1907 ല്‍ അവയെക്കുറിച്ച് പരാമര്‍ശിക്കുന്നത് അവ വസ്തുതവിരുദ്ധമാണെന്ന് എന്ന് വിലയിരുത്തിയാണ്.

ചരിത്രരേഖകള്‍ ഉദ്ധരിച്ചുകൊണ്ട് വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ഒരാള്‍ക്ക് അന്ന് നിലനിന്നിരുന്ന വാദങ്ങള്‍ പഠനവിധേയമാക്കിക്കൊണ്ടാണ് അവ തെറ്റാണെന്ന് സ്ഥാപിക്കുവാന്‍ കഴിയുന്നത്. എന്നാല്‍ കീഴ്‌ക്കോടതി പ്രസ്തുത ആര്‍ട്ടിക്കള്‍ ശരിയായ വിധത്തിലല്ല കണക്കിലെടുത്തത്. അതുകൊണ്ടാണ് മേല്‍ക്കോടതി പ്രസ്തുത ആര്‍ട്ടിക്കിളുമായി ബന്ധപ്പെട്ടഭാഗം വിധിയില്‍നിന്ന് ഒഴിവാക്കിയത്. ഇതിനെക്കുറിച്ച് ഫാ. ബൈജു മുകളേല്‍ നടത്തിയ വിശദീകരണവും ചുവടെ ചേര്‍ക്കുന്നു.

നവീകരണസമിതി കേസിൽ, നമ്മുടെ അപ്പീൽ സ്വീകൃതമായില്ലെങ്കിലും അപ്നാദേശിൽ 2020 ഡിസംബർ ഇരുപതാം തീയതി ഞാൻ എഴുതിയ ലേഖനം (Exhibit A – 21) കീഴ്കോടതി തെറ്റായി ഉപയോഗിച്ചതിനെതിരെ ഞാൻ നല്കിയ അപ്പീലിൽ ജില്ലാക്കോടതിവിധിയിലെ പരാമർശം നമുക്ക് അനുകൂലമാണ് :
“It is to be noted that the Court below has wrongly admitted Ext.A21, an article published by a third party, in evidence to hold that the founder of the community, Thomas Knani, had married a Hindu lady and out of the said wedlock, they had children and therefore, the contention of the appellants about the practice of endogamy for centuries was declined by the court below, but I am in respectful disagreement with the said findings of the court below on the reason that the court below has wrongly relied Ext.A21 article published by a third person, without examining him to ascertain the truth of its contents. Further, the original book, based on which, Ext.A21 article was published is also not brought on record. In the said circumstances, I am of the view that court below was not justified in relying on Ext.A21 article to record a finding, without satisfying at least by a document having historical evidence or value, that the leader of Knanaya Catholic named Thomas Kinani had married a Hindu lady and out of the said wed lock, he had children too.”

[“(ക്നാനായ) സമുദായത്തിന്റെ സ്ഥാപകനായ തോമസ് ക്നാനി (ക്നായിത്തോമ്മാ) ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ചിരുന്നുവെന്നതിനും പ്രസ്തുത വിവാഹത്തിൽ അവർക്ക് കുട്ടികളുണ്ടായിരുന്നുവെന്നതിനും തെളിവായി ഈ കേസിൽ കക്ഷിയല്ലാത്ത ഒരാൾ പ്രസിദ്ധീകരിച്ച ഒരു ലേഖനമായ എ 21ാം നമ്പർ പ്രമാണം കീഴ്കോടതി തെറ്റായി സ്വീകരിച്ചതിന്റെ ഫലമായി, നൂറ്റാണ്ടുകളായി സ്വവംശവിവാഹം പാലിച്ചിരുന്നുവെന്ന അപ്പീൽവാദികളുടെ തർക്കവിഷയം കീഴ്കോടതി നിരസിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഈ കേസിൽ കക്ഷിയല്ലാത്ത ഒരാൾ പ്രസിദ്ധീകരിച്ച എ 21ാം നമ്പർ ലേഖനത്തിലെ ഉള്ളടക്കത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിനായി അദ്ദേഹത്തെ വിസ്തരിക്കാതെ ആ ലേഖനത്തെ കീഴ്കോടതി ആശ്രയിച്ചത് തെറ്റാണ് എന്ന കാരണത്താൽ കീഴ്കോടതിയുടെ പ്രസ്തുത കണ്ടെത്തലുകളോട് ബഹുമാനപുരസരം ഞാൻ വിയോജിക്കുന്നു. കൂടാതെ, എ 21ാം നമ്പർ പ്രമാണമായ ലേഖനത്തിന് ആധാരമായ മൂലകൃതിയും കോടതിയിൽ ഹാജരാക്കിയിട്ടില്ല. പ്രസ്തുത സാഹചര്യത്തിൽ, ചരിത്രപരമായ തെളിവുകളോ മൂല്യമോ ഉള്ള ഒരു രേഖയാൽ പോലും തെളിയിക്കാനാവാതെ,
ക്നാനായ കത്തോലിക്കരുടെ നേതാവായ തോമസ് കിനാനി (ക്നായിത്തോമ്മാ) ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ചിരുന്നുവെന്നും പ്രസ്തുത വിവാഹത്തിൽ അവർക്ക് കുട്ടികളുണ്ടായിരുന്നുവെന്നുമൊരു കണ്ടെത്തൽ രേഖപ്പെടുത്താൻ എ 21ാം നമ്പർ പ്രമാണലേഖനത്തെ ആശ്രയിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഞാൻ കരുതുന്നു.”] p. 57-58)

ഈ വിധി എനിക്കും നമുക്കും അനുകൂലവും പ്രതീക്ഷ നൽകുന്നതുമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. “Court below … wrongly relied” എന്ന് പ്രസ്താവിക്കുന്നതിനാൽ കീഴ്ക്കോടതിയുടെ കണ്ടെത്തലും അതിന് ആധാരമായി ഈ ലേഖനം ഉപയോഗിച്ചതും തെറ്റായാണ് എന്നത് വ്യക്തമാകുന്നു. ഇതോടൊപ്പം, മറ്റ് ഒൻപത് പ്രമാണങ്ങൾ കൂടി ആധാരമാക്കി ക്നായിത്തോമ്മായ്ക്ക് ഹിന്ദുസ്ത്രീ ഭാര്യയായുണ്ടായിരുന്നു എന്ന കീഴ്കോടതിയുടെ കണ്ടെത്തൽ തള്ളിക്കളയാൻ ജില്ലാക്കോടതിയെ സ്വാധീനിച്ച പ്രമാണങ്ങളിൽ 2020 ഡിസംബർ 6 – ന് അപ്നാദേശിൽ ഞാൻ എഴുതിയതും Exhibit B – 20 എന്ന് കോടതി രേഖയിലുള്ളതുമായ ലേഖനവും ഉണ്ടായിരിക്കണം.

കൂടാതെ, സ്വവംശവിവാഹനിഷ്ഠ ക്നാനായസമുദായത്തിൽ പ്രാബല്യത്തിലുള്ള ഒരാചാരമാണെന്ന ജില്ലാക്കോടതിയുടെ കണ്ടെത്തലിനും സഭയും സമുദായവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തലിനും Exhibit A – 21എന്ന എന്റെ ആദ്യം ചേർത്തിരിക്കുന്ന ലേഖനം സഹായകരവുമായിരുന്നിരിക്കണം. ഇതിൽ 21 രേഖകളിൽനിന്നുള്ള ഉദ്ധരണികൾ നല്കിയിരിക്കുന്നത് എല്ലാം ക്നാനായ സ്വവംശനിഷ്ഠയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
കൂടാതെ, ഈ ഉദ്ധരണികളിൽ 14 എണ്ണത്തിൽ നമുക്ക് സ്വന്തമായി പള്ളികളുള്ളതും 10 എണ്ണത്തിൽ സ്വസമുദായത്തിൽനിന്നുള്ള വൈദികരുള്ളതും പ്രതിപാദിക്കുന്നുണ്ട്. വിധിയിലെ ഈ കണ്ടെത്തൽ കേസിന്റെ തുടർനടത്തിപ്പിന് ഗുണകരമായിരിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു.

ഈ കേസുമായി ബന്ധപ്പെട്ട എന്റെ അഭിഭാഷകരായ അഡ്വ. കെ.എം. ഫിറോസിനെയും അഡ്വ. ഷൈബി അലക്സിനെയും അവരുടെ ഓഫീസ് സ്റ്റാഫിനെയും എനിക്ക് ഏറെ സഹായങ്ങൾ നല്കി സഹായിച്ച അഡ്വ. അജി ജോസഫ്, അഡ്വ. ജേക്കബ് ഇ. സൈമൺ എന്നിവരെയും സഹകരിച്ച ഇതര അഭിഭാഷകരായ അഡ്വ. പി.ബി. കൃഷ്ണൻ, അഡ്വ. ജോയി ജോസഫ്, അഡ്വ. ഫാ. ബോബി ചേരിയിൽ, അഡ്വ. ചാക്കോ സൈമൺ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു.

ഈ കേസിൽ സാമ്പത്തികമായും മാനസികമായും ധാർമികമായും പ്രാർത്ഥനയാലും തുടക്കം മുതൽ എന്നെ ശക്തമായി പിൻതുണച്ച എന്റെ സഹോദരങ്ങൾക്കും ബന്ധുക്കൾക്കും സ്വർഗീയരായ കാർന്നോൻമാർക്കും തമ്പിച്ചേട്ടനുൾപ്പെടെയുള്ള കെ.സി.സി. ഭാരവാഹികൾക്കും സഹവൈദികർക്കും സുഹൃത്തുക്കൾക്കും നന്ദി.

അപ്നാദേശ് കുടുംബവും എന്റെ കോളേജ് അധികാരികളും ബഹു. വെട്ടിക്കാട്ടച്ചനും അഭി. അഫ്രേം പിതാവും അഭി. പണ്ടാരശ്ശേരിൽ പിതാവും അഭി. മൂലക്കാട്ട് പിതാവും നല്കിയ അകമഴിഞ്ഞ പിൻതുണയ്ക്കും മാർഗനിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

ഫാ. ബൈജു മുകളേൽ

ക്‌നാനായ കുടിയേറ്റം യാക്കോബായ സഭയില്‍നിന്നോ?

ക്‌നാനായ കുടിയേറ്റം മലബാറിലേയ്ക്ക് (മലങ്കര/ കേരളം) നടന്നത് യാക്കോബായ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശപ്രകരമാണന്ന കഥകള്‍ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത് അടുത്തകാലത്ത് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ കാണുന്നുണ്ട്. 1653 ലെ കൂനന്‍കുരിശ് സത്യത്തിന് വളരെകാലത്തിന് ശേഷം മാത്രമാണ് കേരളത്തില്‍ അന്ത്യോഖ്യന്‍ ആരാധനക്രമം പുത്തന്‍കൂര്‍ സമൂഹം സ്വീകരിച്ചത്. എന്നാല്‍ തങ്ങള്‍ സ്വീകരിച്ച സഭകൂട്ടായ്മയാണ് പണ്ടുമുതലേ ഇവിടെയുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍നിന്നാണ് കഥകളും ഭാഷ്യങ്ങളും ചിലര്‍ ചമയ്കുന്നത്.

മാര്‍ തോമ്മ എട്ടാമന്‍ മെത്രാപ്പോലീത്തയും അന്ത്യോഖ്യന്‍ ബന്ധവും

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതല്‍ പുത്തന്‍കൂറുകാരുടെ ഇടയില്‍ ആഗ്ലിക്കന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നിരുന്നു. അക്കാലത്ത് പുത്തന്‍കൂര്‍ സഭയുടെ കാര്യങ്ങളില്‍ ആഗ്ലിക്കന്‍ മിഷനറിമാര്‍ അനധികൃതമായി കൈകടത്തിയത് മാര്‍ തോമ്മാ എട്ടാമന്‍ എതിര്‍ത്തു. മലങ്കര സഭയെക്കുറിച്ചു മദ്രാസ് ഗവണ്‍മെന്റ് മെത്രാപ്പോലീത്തയോട് എഴുതി ചോദിച്ച കാര്യങ്ങള്‍ക്ക് 1812 ഏപ്രില്‍ 20 ന് നല്‍കിയ മറുപടിയായി അദ്ദേഹം മലങ്കര സഭ പണ്ടുമുതലേ അന്ത്യോഖ്യന്‍ സഭയുമായിട്ടായിരുന്നു ബന്ധത്തിലായിരുന്നതെന്നും ക്‌നായി തോമ്മായെയും കൂട്ടരെയും അയച്ചത് അവിടുത്തെ പാത്രിയര്‍ക്കീസായിരുന്നെന്നും തുടര്‍ന്ന് കാലാകാലങ്ങളില്‍ മലങ്കരയിലേക്ക് മെത്രാന്മാരെ അയച്ചത് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ പ്രതിനിധിയായിരുന്നുവെന്നും അദ്ദേഹം എഴുതി കൊടുത്തു. (See സിറിള്‍ മാര്‍ ബസേലിയോസ്, സീറോ മലങ്കര ചര്‍ച്ച്, ട്രിവാന്‍ഡ്രം 1973, 48). അന്നുവരെ കേരളത്തിലെ (മലങ്കരയിലെ) ഒരു ഔദ്യോഗിക രേഖയിലും വിവരണങ്ങളിലും ഇപ്രകാരമൊരു പരാമര്‍ശം കാണാനാവില്ല. എന്നാല്‍ പൗരസ്ത്യ സുറിയാനി സഭയില്‍ നിന്നാണ് ക്‌നാനായ കുടിയേറ്റം നടന്നതെന്നും അവിടെ നിന്നുള്ള മെത്രാന്മാരായിരുന്നു കേരള സഭയെ നയിച്ചിരുന്നതെന്നും അനേകം ചരിത്ര പരാമര്‍ശങ്ങളും പാരമ്പര്യങ്ങളും ഉണ്ടുതാനും.

ക്‌നാനായ കുടിയേറ്റം പാരമ്പര്യങ്ങളില്‍

ക്‌നാനായ പാരമ്പര്യങ്ങളിലൊരിടത്തും കുടിയേറ്റം നടത്തപ്പെടുന്നത് അന്ത്യോഖ്യന്‍ സഭയുടെ മേല്‍നോട്ടത്തിലൊ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശത്താലോ ആണന്ന് പറയുന്നില്ല. മറിച്ച് കിഴക്കിനുടെ കാതോലിക്കോസിന്റെ നിര്‍ദേശത്താലാണെന്ന് വ്യക്തമായി പറയുന്നുണ്ട്. അത് സെലൂസ്യാ-സ്റ്റെസിഫോണിന്റെ ബാവയുടെ അനുമതിയാലാണ് നടത്തപ്പെടുന്നതെന്നാണ് പുരാതനപ്പാട്ടുകളിലെ സാക്ഷ്യവും. അന്ത്യോഖ്യ പുരാതന റോമാ സാമ്രാജ്യത്തിലെ ഒരു പട്ടണമായിരുന്നെങ്കില്‍, സെലൂസ്യാ-സ്റ്റെസിഫോണ്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എ ഡി 313 ല്‍ റോമാ സാമ്രാജ്യത്തില്‍ കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചതിനാല്‍ പേര്‍ഷ്യന്‍ ഭരണകര്‍ത്താക്കള്‍ തങ്ങളുടെ സാമ്രാജ്യത്തിലെ ക്രൈസ്തവരെ റോമിന്റെ ഏജന്റുമാരായി സംശയിച്ചു. അതുകൊണ്ട് പേര്‍ഷ്യ മതമര്‍ദ്ദനം ശക്തമാക്കി. കൂടാതെ റോമയും പേര്‍ഷ്യയും തമ്മില്‍ നിരന്തരയുദ്ധത്തിലും ശത്രുതയിലുമായിരുന്നു. എഡി 333 മുതലുള്ള കാലങ്ങളിൽ ക്രൈസ്തവര്‍ക്കെതിരെയുള്ള നടപടികള്‍ പേര്‍ഷ്യയില്‍ ശക്തമാക്കിയതന്റെ തുടര്‍ച്ചയായിട്ടാണ് എഡി 344 ല്‍ പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്കാബാവയായിരുന്ന മാര്‍ ശെമഓന്‍ ബാര്‍ശേബയെയും അഞ്ച് മെത്രാപ്പോലീത്തായെയും പതിനയ്യായിരത്തോളം പേരെയും പേർഷ്യയിലെ ഷാപ്പുർ രണ്ടാമൻ ചക്രവർത്തി കൂട്ടക്കുരുതി നടത്തിയത്. ഈ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുതയും യുദ്ധങ്ങളും കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍ റോമാ സമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അന്ത്യോഖ്യയില്‍നിന്ന് അവിടുത്തെ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശപ്രകാരം ശത്രുരാജ്യത്തിന്റെ തലസ്ഥാനത്തുള്ള സെലൂഷ്യ സ്റ്റെസിഫോണിലെ കാതോലിക്കാ ബാവയെക്കൊണ്ട് (പേര്‍ഷ്യന്‍സഭ സ്വന്തമായി കാതോലിക്കാ ബാവയും ഹയരാര്‍ക്കിയുമുള്ള മറ്റൊരു സഭയാണ് അക്കാലത്ത്) ഇന്ത്യയിലേക്ക് ക്‌നാനായ കുടിയേറ്റം നടത്തിച്ചുവെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? മാത്രവുമല്ല, ഇന്ത്യന്‍ സഭയിലൊരിടത്തും പതിനെട്ടാം നുറ്റാണ്ട് വരെ ഇപ്രകാരമൊരു ചരിത്രം കാണാനാവില്ല.

(എന്നാൽ ക്നാനായ കുടിയേറ്റം മതമര്‍ദനം മൂലമായിരുന്നില്ലയെന്നു ഓര്‍ക്കണം: see https://lightofeast.wordpress.com/2019/11/04/persian-church-under-shappur-ii/)

യാക്കോബായ സഭയുടെ ഉത്ഭവം

നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ (313 ന് ശേഷം) റോമ സാമ്രാജ്യത്തിലെ മൂന്നാമത്തെ സിംഹാസനവും സഭയുമായിരുന്നു അന്ത്യോഖ്യാ. എഡി 451 ലെ കാല്‍സിഡോണ്‍ (കല്‍ക്കദോനിയ) സൂനഹദോസ് ഈശോയ്ക്ക് മനുഷ്യസ്വഭാവവും ദൈവസ്വഭാവവുമുണ്ടെന്നും ഈ സ്വഭാവങ്ങള്‍ ഈശോയില്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്നുവെങ്കിലും അവ വ്യതിരിക്തമായിട്ടാണ് അവന്റെ വ്യക്തിത്വത്തില്‍ നിലകൊള്ളുന്നതെന്നും സൂനഹദോസ് പഠിപ്പിച്ചു. എന്നാല്‍ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ കേന്ദ്രമാക്കി നിലകൊണ്ടിരുന്ന ദൈവശാസ്ത്ര പഠിതാക്കള്‍ (അലക്‌സാണ്‍ഡ്രിയന്‍ സ്‌കൂള്‍) സൂനഹോദോസിന്റെ പഠിപ്പിക്കലിനെ എതിര്‍ത്തു. ഈശോയ്ക്കു ദൈവസ്വഭാവം മാത്രമേയുള്ളൂവെന്നും അവന്റെ ദൈവസ്വഭാവത്തില്‍ മനുഷ്യസ്വഭാവം ഇല്ലാതായിത്തീര്‍ന്നുവെന്നുമുള്ള ഏക സ്വഭാവവാദ സിദ്ധാന്തം (മോണോഫിസൈറ്റ്) അവതരിപ്പിച്ചു. എഫേസൂസ് സൂനഹദോസിന് ശേഷം (431) അന്ത്യോഖ്യ (പാത്രിയര്‍ക്കീസ് ആയിരുന്ന മാര്‍ ജോണിന്റെ കാലം) അലക്‌സാണ്‍ഡ്രിയന്‍ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ റോമിന്റെ ചക്രവര്‍ത്തിമാര്‍ സൂനഹദോസ് പഠനങ്ങള്‍ സ്വീകരിക്കുവാന്‍ രാജ്യത്തുള്ള സഭകളെ നിര്‍ബന്ധിച്ചു. അതിനെ എതിര്‍ത്ത അലക്‌സാണ്‍ഡ്രിയന്‍ സഭയ്ക്കും ഏക സ്വഭവാവാദികള്‍ക്കും പീഡനേമേല്‍ക്കേണ്ടിവന്നു. അനേകര്‍ അന്ത്യോഖ്യയിലേക്കും മറ്റ് സുറിയാനിഭാഷദേശങ്ങളിലേയ്ക്കും ഓടിപ്പോയി. അന്ത്യോഖ്യയിലും മറ്റുമുണ്ടായിരുന്നു ഭൂരിഭാഗം വരുന്ന സഭാംഗങ്ങള്‍ കാല്‍സിഡോണ്‍ സൂനഹദോസിന്റെ പഠനങ്ങള്‍ സ്വീകരിച്ചു. അവ പ്രധാനമായും ഗ്രീക്ക് സ്വാധീനമുണ്ടായിരുന്ന സഭാ കൂട്ടായ്മകളായിരുന്നു. അവര്‍ അന്ത്യോഖ്യന്‍ മല്‍ക്കീത്ത സഭക്കാര്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടു.

ഏകസ്വഭാവവാദികള്‍ എഡി 538 നോടടുത്ത് ശക്തിപ്രാപിക്കുകയും അന്ത്യോഖ്യയിൽ ഒരു സമാന്തര ഹയരാര്‍ക്കി സ്ഥാപിക്കുകയും ചെയ്തു. അവരെ സംഘടിപ്പിക്കുന്നതിലും ഹയരാര്‍ക്കി സ്ഥാപിക്കുന്നതിലും കാര്യമായ പങ്കുവഹിച്ച സന്യാസി (പിന്നീട് മെത്രാന്‍) ആയിരുന്നു യാക്കോബ് ബുര്‍ദായ (542-578). അദ്ദേഹത്തിന്റെ പേരിലാണ് ഏകസ്വഭാവവാദികളുടെ ഈ സഭ യാക്കോബായ എന്ന പേരിൽ അറിയപ്പെട്ടത്. കാലക്രമത്തില്‍ അന്ത്യോഖ്യയിലെ പഴയ പാത്രിയര്‍ക്കീസുമാരുടെ പാരമ്പര്യം അവര്‍ അവകാശപ്പെട്ടു.

അന്ത്യോഖ്യയിലെ പുരാതനസഭയില്‍നിന്ന് ആറാം നൂറ്റാണ്ടോടുകൂടി രൂപപ്പെട്ടതാണ് യാക്കോബായ സഭ. പ്രസ്തുത സഭയുടെ ദൈവശാസ്ത്രമാകട്ടെ അടിസ്ഥാനപരമായി ഈജിപ്തിലെ അലക്‌സാണ്ഡ്രിയന്‍ സ്‌കൂളിന്റേതും. അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ ഇന്ന് പല സഭകളുണ്ട്. അവ മല്‍ക്കീത്ത സഭ, അന്ത്യോഖ്യന്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ, അന്ത്യോഖ്യന്‍ സുറിയാനി യാക്കോബായ സഭ, അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്ക സഭ, സീറോ മാറോനീത്ത സഭ എന്നിവയാണ്.

കേരളത്തിലെ സുറിയാനി സാന്നിദ്ധ്യം

പാരമ്പര്യ പ്രകാരം കേരളത്തിലെ സുറിയാനി പാരമ്പര്യത്തിന് ഹയരാര്‍ക്കിപരമായ തുടക്കം ക്‌നാനായ കുടിയേറ്റത്തിലാണ്. കാലോചിതമായി ”കാലമീരാറിനുമുമ്പേ … നല്ലയാബൂന്‍മാരെ” നല്‍കാമെന്ന കാതോലിക്കാബാവയുടെ ഉറപ്പിനെ തുടര്‍ന്ന് ഇവിടേയ്ക്ക് സുറിയാനി മെത്രാന്മാര്‍ വന്നുകൊണ്ടിരുന്നു. അവരെല്ലാം വന്നത് പൗരസ്ത്യ സുറിയാനി സഭയില്‍നിന്നായിരുന്നു. പൗരസ്ത്യ സുറിയാനി സഭയ്ക്ക് അസീറിയന്‍ സഭ, ബാബിലോണിയന്‍ സഭ, പേര്‍ഷ്യന്‍ സഭ, കല്‍ദായ സഭ എന്നിങ്ങനെ വിവിധ പേരുകളുണ്ട്. ദൈവശാസ്ത്ര ഭിന്നതയുടെ കാലത്ത് ഈ സഭയെ എതിര്‍പക്ഷക്കാര്‍ നെസ്‌തോറിയന്‍ സഭയെന്ന് വിളിച്ചിരുന്നു.

ആധുനിക ഇറാനിന്റെ ഭാഗമായിരുന്ന ഫാര്‍സ് അഥവാ റിവ് ആദിശീറിന്റെ മെത്രാപ്പോലീത്തായായിരുന്നു ഇന്ത്യയിലേക്ക് ഏഴാം നൂറ്റാണ്ടുവരെ മെത്രാന്മാരെ അയച്ചിരുന്നത്. സെലൂസ്യാ-സ്റ്റെസിഫോണും റിവ് ആദിശീറും തമ്മുലുണ്ടായ ഭിന്നതയുടെ കാലത്ത് സെലൂസ്യായുടെ കാതോലിക്കോസ്-പാത്രിയര്‍ക്കീസായിരുന്ന മാര്‍ ഈശോയാബ് മൂന്നാമന്‍ (650-658) ഇന്ത്യന്‍ സഭയെ റിവ്ആദിശീറില്‍നിന്ന് വേര്‍പെടുത്തി ഒരു മെത്രാപ്പോലീത്തന്‍ പ്രവിശ്യയാക്കി ഉയര്‍ത്തി. ഒന്‍പതാം നൂറ്റാണ്ടില്‍ മാര്‍ തിമോത്തി ഒന്നാമന്‍ പാത്രിയര്‍ക്കീസ് (780-823) പ്രസ്തുത തീരുമാനത്തെ സ്ഥിരീകരിച്ചു. അതിനര്‍ത്ഥം ഇന്ത്യന്‍ സഭ സെലൂസ്യാ-സ്റ്റെസീഫോണിലെ പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസിന്റെ നേരിട്ടുള്ള അധികാരത്തിന്‍ കീഴായിയെന്നാണ്. ഇക്കാലത്തിലും അന്ത്യോഖ്യയിലെ യാക്കോബായ സഭയ്ക്ക് കേരളത്തിലെ സഭയുമായി യാതൊരു ബന്ധവുമില്ല.

പോര്‍ച്ചുഗീസ് ആഗമനത്തിന് മുമ്പേ (1490) കൊടുങ്ങല്ലൂരിലേയ്ക്ക് സുറിയാനി മെത്രാന്മാരെ കൊണ്ടുവരാന്‍ പോയ ഇന്ത്യാക്കാരനായ യൊസേപ്പ് എത്തുന്നത് പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസായിരുന്ന മാര്‍ ശെമഓന്‍ നാലാമന്റെ അടുത്തേക്കാണ് (+1498). ഉദയം പേരൂര്‍ സൂനഹദോസ് വരെയുള്ള കാലത്തെ സുറിയാനി മെത്രാന്മാര്‍ എല്ലാവരും പൗരസ്ത്യ സുറിയാനി സഭയില്‍നിന്നായിരുന്നു. കേരളത്തിലെത്തിയ ആദ്യത്തെ യാക്കോബായ മെത്രാന്‍ മാര്‍ ഗ്രിഗോറിയോസ് അബ്ദുള്‍ ജലീലാണ്. അദ്ദേഹമാകട്ടെ കേരളത്തിലെത്തുന്നത് 1665 ലും. അതുവരെയുള്ള കാലത്തെ പോര്‍ച്ചുഗീസ് വിവരണങ്ങളിലോ സ്വദേശീയ വിവരണങ്ങളിലൊ മലബാറിലെ സഭയ്ക്ക് യാക്കോബായ സഭയുമായി എന്തെങ്കിലും ബന്ധമുള്ളതായോ മര്‍തോമ്മ ക്രിസ്ത്യാനികളുടെ ഇടയില്‍ അന്ത്യോഖ്യന്‍ ആരാധന ക്രമം നിലനിന്നതായോ തെളിവുകളോ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശങ്ങളൊ പോലുമില്ല.

ഉദയം പേരൂര്‍ സൂനഹദോസില്‍ (1599) നിഷേധിക്കുന്നതോ കത്തിക്കുന്നതൊ ആയ രേഖകളില്‍ പാശ്ചാത്യ സുറിയാനി ക്രമങ്ങളുള്ളതായി കാണുന്നില്ല. മലബാറിലെ സുറിയാനിക്കാരുടെ കൈവശം ഇരുന്ന ‘പാഷണ്ഡത’ അടങ്ങിയ പുസ്തകങ്ങളെക്കുറിച്ചു ഫ്രാന്‍സീസ് റോസും മറ്റു മിഷനറിമാരും രേഖപ്പെടുത്തിയിട്ടുണ്ട്. അവയിലും പാശ്ചാത്യ- യാക്കോബായ അന്ത്യോഖ്യന്‍ ആരാധനക്രമസംബന്ധിയായ രേഖകളില്ല. മറിച്ച് ഇവയെല്ലാം പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധപ്പെട്ടവയായിരുന്നു താനും. ഇതില്‍നിന്നും അക്കാലങ്ങളിലൊന്നും ഇന്ത്യന്‍ സഭയ്ക്ക് യാക്കോബായ സഭയുമായി ബന്ധങ്ങളില്ലെന്ന് തെളിയും.

അന്ത്യോഖ്യന്‍ ക്രമം ഔദ്യോഗിക ക്രമമാകുന്നത്

കൂനന്‍ കുരിശു സത്യത്തിന്‌ശേഷവും പുത്തന്‍കൂര്‍ വിഭാഗത്തിലുള്ളവര്‍ ചോല്ലിയിരുന്നത് പൗരസ്ത്യ സുറിയാനി ക്രമത്തിലുള്ള ആരാധനക്രമമായിരുന്നു. 1751 വരെ സുറിയാനി കത്തോലിക്കര്‍ ചൊല്ലിയിരുന്നതും ഉദയംപേരൂര്‍ സൂനഹദോസിന് ശേഷം ഫ്രാന്‍സീസ് റോസ് നവീകരിച്ച കുര്‍ബാനയായിരുന്നെന്നും രേഖകളുണ്ട് (സിറിള്‍ മാര്‍ ബസേലിയോസ്, സീറോ മലങ്കര ചര്‍ച്ച്, ട്രിവാന്‍ഡ്രം 1973, 113). കാരണം അന്ത്യോഖ്യന്‍ ബന്ധവും ആരാധനക്രമവും മലങ്കരയിലെ (മലബാറിലെ) ക്രിസ്ത്യാനികള്‍ക്ക് നൂതനമായ ഒന്നായിരുന്നു. യാക്കോബായ സഭയില്‍നിന്ന് 1749 ല്‍ മലബാറിലേക്ക് വന്ന മഫ്രിയാന്‍ മാര്‍ ബസേലീയൂസ് ഷുക്കുറള്ള, മാര്‍ ഇവാനിയോസ് എന്നിവരാണ് അന്ത്യോഖ്യന്‍ ക്രമം മലങ്കര മെത്രാപ്പോലീത്തയുടെ സമൂഹത്തില്‍ പ്രചാരത്തിലാക്കിയത്. അന്ത്യോഖ്യന്‍ ആരാധനക്രമാണ് സഭയുടെ ഔദ്യോഗിക ലിറ്റര്‍ജിയെന്ന് സഭ തീരുമാനിക്കുന്നത് അടുത്തനൂറ്റാണ്ടിലാണ്. 1836 ലെ മാവേലിക്കര സൂനഹദോസാണ് പ്രസ്തുത തീരുമാനം എടുക്കുന്നത്.

ചുരുക്കത്തില്‍

അന്ത്യോഖ്യന്‍ ആരാധനക്രമം മനോഹരവും ശ്രേഷ്ഠവുമാണെന്നതിന് തര്‍ക്കമില്ല. ക്രൈസ്തവലോകത്ത് വിവിധ ആരാധനമങ്ങളുണ്ട്. അവയിലൊന്നാണ് അന്ത്യോഖ്യന്‍ ആരാധനക്രമം. എന്നാല്‍ കേരളത്തിലെ ക്രൈസ്തവ സഭ അന്ത്യോഖ്യന്‍ അധികാരത്തിൻ കീഴായിരുന്നു ആരംഭ കാലം മുതലെന്നും ക്‌നായിതോമ്മായെയും കുടിയേറ്റക്കാരെയും മലബാറിലേയക്ക് അയച്ചത് യാക്കോബായ (അന്ത്യോഖ്യന്‍) പാത്രിയര്‍ക്കീസായിരുന്നുവെന്നും പറയുന്നത് വസ്തുതപരമായ തെറ്റാണെന്നുമാണ് ചരിത്രം പഠിപ്പിക്കുന്നത്.

Syro-Malabar Church Tradition and Knanaya Tradition

ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ വച്ച് ഒരു റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ നടത്തിയ പ്രസംഗം കേള്‍ക്കാനിടയായി. സീറോ മലബാര്‍ സഭയെന്ന് ഇദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി മാത്രമേ കേള്‍ക്കാന്‍ തുടങ്ങിയിട്ടുള്ളുവെന്നാണ് അതിന്റെ സാരം.

In Universi Christiani and Syro-Malabar Church

തെക്കുംഭാഗനെന്ന് അഭിമാനം കൊള്ളുന്നയാള്‍ സീറോമലബാര്‍ എന്ന് കേട്ടിട്ടില്ലായെന്ന് പറഞ്ഞാല്‍ അദ്ദേഹം കോട്ടയം വികാരിയത്ത് സ്ഥാപനത്തിന്റെ അടിസ്ഥാന രേഖയായ ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന ബൂള കണ്ടിട്ടുപോലുമില്ലയെന്നാണ് അര്‍ത്ഥം. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് 1911 ല്‍ സ്ഥാപിച്ചത് തെക്കുംഭാഗ ജനതയ്ക്ക് വേണ്ടിയാണല്ലോ. കൂടാതെ, സീറോമലബാര്‍ വിശ്വാസികളുടെ വിശ്വാസത്തിനും ഭക്തി വര്‍ദ്ധനവിനും വേണ്ടികൂടിയാണ് കോട്ടയം വികാരിയത്ത് സ്ഥാപിച്ചത്. “Having been prompted by this intention, in order to provide better for the faith and piety of the Syro-Malabar people, we have resolved to constitute a new vicariate apostolic in their region. Indeed, in this nation, our predecessor Pope Leo XIII of happy memory by a letter similar to this dated 28 July 1896 established the three vicariates apostolic of Trichur, Emakulam and Changanacherry, deciding and taking care to appoint three bishops chosen from the Syro-Malabar community itself.”

സീറോ മലബാർ സഭ ആവിശ്യപ്പെട്ടത് അനുസരിച്ചു സഭക്ക് നൽകപ്പെട്ട ഈ ബൂള പ്രകാരം പ്രസ്തുത വികാരിയത്ത് സ്ഥാപനത്തിന്റെ ഏറ്റവും അടുത്ത കാരണവും രേഖയും (Immediate cause and document) 1911 ലെ സീറോ മലബാര്‍ വികാരി അപ്പസ്‌തോലിക്കാമാരുടെ സംയുക്ത അപേക്ഷയാണ്. അതിനെക്കുറിച്ചും ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി വ്യക്തത നല്‍കുന്നുണ്ട്. ”സീറോ മലബാര്‍ മെത്രാന്മാര്‍ മൂവരും കൂടിയാലോചിച്ചശേഷം വിശ്വാസികളുടെ ആദ്ധ്യാത്മികാവശ്യങ്ങളെ തൃപ്തികരമായി പരിപോഷിപ്പിക്കാനും വിഘടിച്ചു നില്‍കുന്നവരുടെ മനസുകളെ രജ്ഞിപ്പിക്കുവാനുമായി കോട്ടയം പട്ടണത്തില്‍ ഒരു പുതിയ വികാരിയത്ത് സ്ഥാപിക്കണമെന്ന് നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചതിനെ പരിഗണിച്ചുകൊണ്ട്… കോട്ടയം പട്ടണത്തില്‍ പുതിയ ഒരു വികാരിയത്ത് സ്ഥാപിക്കുന്നു.” (ശതാബ്ദി സിംപോസിയങ്ങള്‍, പേജ് 167). അതുകൊണ്ടുതന്നെ സീറോ മലബാര്‍ സഭയിലാണ് കോട്ടയം വികാരിയത്ത് സ്ഥാപിക്കപ്പെട്ടതും ചങ്ങനാശേരി, എറണാകുളം എന്നീ സീറോമലബാര്‍ വികാരിയത്തുകളില്‍നിന്നാണ് തെക്കുംഭാഗപള്ളികള്‍ വേര്‍പെടുത്തി പുതിയ വികാരിയത്തിന്റെ കീഴിലാക്കിയതും. (Hac mente ad ducti quo gentis Syro-Malabaricae fidei ac pietati melius consultum sit novum Vicariatum Apostolicum in illorum regione constituere decrevimus. In hac enim natione rec. me. Leo PP. XIII Dec. Noster suis hisce similibus litteris die duodetricesimo Julii anno MDCCCXCVI datis, tres Apostolicos Vicariatus id est Trichurensem, Ernakulamensem et Changanachernsem condidit, eisque tres antistites ex ipso Syro-Malabarico populo delectos praeficiendos censuit et curavit. Nunc vero cum tres Vicarii Apostolici eorumdem, quos supra memoravimus, Vicariatuum, initis inter se consiliis per epistolam diei primi Martii huius vertentis anni a Nobis enixe petierint, ut ad spirituali illarum regionum commoditati satius prospiciendum et ad dissidentium animos consiliandos novus Apostolicus Vicariatus in urbe vulgo “Kottayam” nuncupata erigeretur.)

സീറോ മലബാര്‍ സഭയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ചരിത്രത്തില്‍ നിന്ന് ഇനിയും ലഭിക്കും. അഭി. തോമസ് തറയില്‍ പിതാവുവരെയുള്ള കോട്ടയം രൂപതയിലെ പിതാക്കന്മാര്‍ സീറോ മലബര്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുത്തിരുന്നവരാണ്. കുന്നശേരി പിതാവും അപ്രകാരം തന്നെ ചെയ്തിരുന്നു. 1992 ല്‍ സീറോമലബര്‍ സഭ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പേരുമാറി സിനഡായി. അപ്പോള്‍ അവര്‍ക്ക് സിനഡിലാണ് അംഗത്വം. ചരിത്രത്തിലെ ഇപ്രകാരമുള്ള മാറ്റങ്ങള്‍ അറിയുന്നതിന് കാലാനുസൃതമായ അപ്‌ഡേഷനുകള്‍ നടത്തിയാല്‍ മതി. അല്ലാത്തപക്ഷം, ചരിത്രസംഭവങ്ങളൊന്നും അറിയാതെപോകാനുള്ള സാധ്യതയുണ്ട്. ഏതായാലും സീറോ മലബാര്‍ സഭയെന്ന് പേരിന്റെ ഉത്ഭവം പഠിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നത് നല്ലതാണല്ലോ.

മര്‍തോമ്മാ പാരമ്പര്യം
ഭാരതസഭയുടെ ഉത്ഭവം മാര്‍ തോമ്മായുടെ പ്രേഷിത പ്രവര്‍ത്തനഫലമാണെന്നതാണ് പാരമ്പര്യം. ഒരു സംഭവത്തിന്റെ സമകാലിക രേഖകളൊ എഴുത്തുകളോ ഇല്ലാതവരുമ്പോള്‍ (Primary Sources) ചരിത്രപഠനത്തിന് നാം അവലംബിക്കുന്നത് സെക്കണ്ടറി (secondary Sources) സോഴ്‌സസുകളാണ്. കൂടാതെ,പാരമ്പര്യങ്ങളും ഇവിടെ പ്രധാനപ്പെട്ടതാണ്. മിത്തുകള്‍, ഐതീഹ്യങ്ങള്‍ എന്നിവയെക്കാളും ആധികാരികതയുണ്ട് പാരമ്പര്യങ്ങള്‍ക്ക്. തോമാശ്ലീഹായാടെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ചു ശക്തമായ പാരമ്പര്യം ഈ സഭയില്‍ നിലനില്‍കുന്നുണ്ട്. ഉപോത്ബലകമായ അനേകം സെക്കണ്ടറി സോഴ്‌സുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ബ. കൊല്ലാപറമ്പിലച്ചന്റെ സോഴ്സ്സസ് ഓഫ് സീറോ മലബാര്‍ ലോ (J Kollaparambil, Sources of Syro- Malabar Law, S. Kokkaravalel ed, Kottayam 2015) എന്ന പുസ്തകത്തിലുണ്ട്. ഇക്കൂട്ടത്തില്‍ മനസിലാക്കേണ്ട ഒരു കാര്യം ഇതാണ്: ചരിത്രപഠനവും ഒരു ശാസ്ത്രശാഖയാണ്. അതിനാല്‍ തന്നെ വിരുദ്ധാഭിപ്രായങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും അവിടെ സ്ഥാനമുണ്ട്. അവ ആഴമായ തുടര്‍പഠനത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

ക്‌നാനായ പാരമ്പര്യം
ക്‌നാനായകുടിയേറ്റത്തെക്കുറിച്ചു പറയുമ്പോഴും സമകാലിക രേഖകള്‍ (പ്രൈമറി സോഴ്‌സു) കളില്ല. സെക്കണ്ടറി സോഴ്‌സുകള്‍, പുരാതനപ്പാട്ടുകള്‍ എന്നവയാണ് ചരിത്രത്തിലുള്ള രേഖകള്‍. ഇവിടെയും പാരമ്പര്യം ശക്തമായ ഉറവിടമായി നിലകൊള്ളുന്നുണ്ട്. ക്‌നാനായ പാരമ്പര്യങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കുന്നത് പ്രധാനമായും പുരാതനപ്പാട്ടുകളാണ്. ആരെങ്കിലും വിരുദ്ധാഭിപ്രായം പറയുന്നുവെന്നതിന്റെ പേരില്‍ സമുദായ പാരമ്പര്യത്തെ തള്ളിപ്പറയാനാവുകയില്ലല്ലോ. കൂടാതെ, ക്‌നാനായ കുടിയേറ്റം നടന്നതിന്റെ മുഖ്യ കാരണം മാര്‍തോമ്മന്‍ തന്റെ ശേഷക്കാര്‍ക്ക് മാര്‍ഗമറിയിക്കാനാണെന്നതാണ് പാരമ്പര്യം. പുരാതനപ്പാട്ടില്‍ ഇത് സാക്ഷിക്കുന്നു (P.U. Lukas, Purathanapattukal, 8. “മര്‍ത്തോമ്മന്‍ തന്റെ ശേഷക്കാര്‍ മാര്‍ഗമങ്ങു തെളിപ്പാനായി…’’). അതായത്, ക്‌നാനായ പൂര്‍വികരും മാര്‍ത്തോമ്മാ പാരമ്പര്യത്തെ അംഗീകരിച്ചിരുന്നവരായിരുന്നു. ഭാരതസഭയുടെ മാര്‍തോമ്മാ പാരമ്പര്യത്തെ തള്ളിപ്പറയുന്നവര്‍ ക്‌നാനായ പാരമ്പര്യത്തെതന്നെയാണ് തള്ളിപ്പറയുന്നത്. എന്നാല്‍ വ്യത്യസ്തമായ നിഗമനങ്ങളോ പഠനങ്ങളോ പറയുന്നവരോട് കലഹിക്കുന്നതില്‍ അര്‍ത്ഥമില്ല. കാലകാലങ്ങളില്‍ പുതിയ രേഖകള്‍ കണ്ടെത്തുകയോ തെളിവുകള്‍ ലഭ്യമാവുകയോ ചെയ്താല്‍ പ്രസ്തുത പഠനങ്ങളോട് തുറവിയോടെ പ്രതികരിക്കണമെന്നതാണ് ഒരു ചരിത്ര പഠിതാവിന്റെ രീതി.ഏതായാലും, മര്‍തോമ്മാ പാരമ്പര്യം പേറുന്ന ഭാരതസഭയിലേക്കാണ് ക്‌നാനായ കുടിയേറ്റം നടന്നത്. . ഈശോയുടെ ശിഷ്യനായിരുന്ന മാര്‍തോമ്മായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള പാരമ്പര്യവും ശ്ലീഹായില്‍നിന്ന് വിശ്വാസം സ്വീകരിച്ചവരായിരുന്നു തങ്ങളെന്ന ഭരത ക്രൈസ്തവരുടെ ബോധ്യവുമായിരുന്നു മര്‍തോമ്മാ പാരമ്പര്യത്തിന് അടിസ്ഥാനം. പ്രസ്തുത സഭ പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധത്തിലായി.

മര്‍തോമ്മ ക്രിസ്ത്യാനികള്‍
മര്‍തോമ്മാ പാരമ്പര്യത്തിലുള്ള ഭാരതസഭ അറിയപ്പെട്ടത് മര്‍തോമ്മ ക്രിസ്ത്യാനികള്‍ അഥവാ മര്‍തോമ്മാ നസ്രാണികള്‍ എന്ന പേരിലാണ്. കാരണം, പൗരസ്ത്യ ദേശത്ത് (പ്രധാനമായും ആധുനിക ഇറാന്‍, ഇറാക്ക് തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ദേശത്ത്) ആയിരുന്നു മാമ്മോദീസ സ്വീകരിച്ച് സഭയില്‍ അംഗമായിരുന്നവരെ നസ്രാണികള്‍ എന്ന് വിളിച്ചിരുന്നത്. പാശ്ചാത്യ സുറിയാനി (ഇന്നത്തെ അന്ത്യോഖ്യ ഉള്‍പെടുന്ന ഭാഗത്തും) ദേശത്തും ഗ്രീക്കു സ്വാധീനമുള്ള ദേശത്തും അവരെ വിളിച്ചിരുന്നത് ക്രിസ്ത്യാനികള്‍ എന്നായിരുന്നു. ക്രിസ്തുമാര്‍ഗത്തില്‍ ചേര്‍ന്നവരെ ക്രിസ്ത്യാനികള്‍ എന്ന് ആദ്യമായി വിളിച്ചത് അന്ത്യോഖ്യായിലാണെന്ന് വി. ഗ്രന്ഥത്തിലുണ്ടല്ലൊ. പേര്‍ഷ്യാ സമ്രാജ്യത്തില്‍ അവരെ വിളിച്ചത് നസ്രീന്‍ അഥവാ നസ്രായര്‍ എന്നൊക്കെയാണ്. നസാറ എന്നാണ് ഖുറാനില്‍ ക്രൈസ്തവരെ വിളിക്കുന്നത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ നിന്നാണ് ക്‌നാനായ കുടിയേറ്റം നടന്നതെന്നാണ് പാരമ്പര്യം മാത്രമല്ല, ഭാരതത്തിലെ മര്‍തോമ്മ സഭയ്ക്ക് പേര്‍ഷ്യന്‍ സഭയുമായിട്ടായിരുന്നു ബന്ധം. അതിനാല്‍ തന്നെ, ഇവിടുത്തെ ക്രൈസ്തവര്‍ മര്‍തോമ്മാ നസ്രാണികള്‍ എന്നാണ് വിളിക്കപ്പെട്ടത്. പാശ്ചാത്യരുടെ ലേഖനങ്ങളിലും കേരളത്തിലെ ആധാരങ്ങളിലും മര്‍തോമ്മ നസ്രാണികള്‍ എന്ന പദം കേരളത്തിലെ എല്ലാ സുറിയാനി ക്രൈസ്തവരെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതായി കാണാം. തരീസാപള്ളി ചെപ്പേടിന്റെ കര്‍സോന്‍ പരിഭാഷയിലും (ഇതില്‍ ക്‌നായി തോമ്മായെക്കുറിച്ച് പരാമർശിക്കുന്നിടത്ത് നസ്രാണി എന്ന് കാണാം.) നസ്രാണി എന്ന വാക്ക് കാണാം. (ക്രിസ്ത്യാനി എന്ന വാക്ക് യൂറോപ്യന്മാരുടെ വരവിനു ശേഷമാണ് ഇന്ത്യയിൽ വന്നത്).

ക്‌നാനായക്കാര്‍ മര്‍തോമ്മാ നസ്രാണികളൊ എന്ന് ചോദിക്കുന്നവരുണ്ട്. ഭാരതസഭാ മര്‍തോമ്മാ പാരമ്പര്യത്തിലുള്ള സഭയാണന്നതുപോലെതന്നെ പൗരസ്ത്യ സുറിയാനി സഭയും മര്‍തോമ്മ പാരമ്പര്യത്തിലുള്ള സഭയാണ്. അതിനാല്‍ തന്നെ, കുടിയേറ്റജനം മര്‍തോമ്മാ പാരമ്പര്യം പേറുന്നവരാണ്. ക്‌നാനായ കുടിയേറ്റം ഒരു മര്‍തോമ്മ സഭയില്‍നിന്ന് ഭാരതത്തിലെ മര്‍തോമ്മ സഭയിലേക്കുള്ള കുടിയേറ്റമാണ്. അവര്‍ മര്‍തോമ്മ നസ്രാണികളുമാണ്. തെക്കുംഭാഗരുടെ പുരാതന ആധാരങ്ങളിലും നസ്രാണികള്‍ എന്ന പേരു കാണാം. മര്‍തോമ്മാ നസ്രാണികളെന്ന നാമം തെക്കുംഭാഗ ജനതയെയും ഉള്‍ക്കൊള്ളതാണ്.

മര്‍തോമ്മാ നസ്രാണികളെന്ന പേര്
ചരിത്രത്തില്‍ ഭാരതത്തിലെ സഭയ്ക്ക് മര്‍തോമ്മ ക്രൈസ്തവ സമൂഹം എന്ന പേരാണ് ഉണ്ടായിരുന്നതെന്ന് കണ്ടുകഴിഞ്ഞു. പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധം പുലര്‍ത്തുകയും സുറിയാനി ആരാധന ക്രമം പാലിക്കുകയും ചെയ്ത ഈ സഭ പലപ്പോഴും സുറിയാനിക്കാര്‍ എന്നു രേഖകളില്‍ വിളിക്കപ്പെട്ടു. പൊര്‍ച്ചുഗീസ് രേഖകളില്‍ മര്‍തോമ്മ ക്രിസ്ത്യാനികളെന്നും സുറിയാനിക്കാരെന്നും ഭാരതക്രൈസ്തവരെ വിളിച്ചതിന് മറ്റൊരു കാരണം, യൂറേപ്യന്‍ മിഷനറിമാരുടെ പ്രേഷിത പ്രവര്‍ത്തനം വഴി വിശ്വാസം സ്വീകരിച്ചവരില്‍നിന്ന് അവരെ വേറിട്ടു കാണിക്കാന്‍ വേണ്ടിക്കൂടിയാണ്.
പില്‍ക്കാലത്ത്, പ്രത്യേകിച്ച് 1550 കള്‍ക്കു ശേഷം കല്‍ദായ സുറിയാനിക്കാരെന്നും, വീണ്ടും നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ റോമാ-സുറിയാനിക്കാരെന്നും ഭാരതത്തിലെ സുറിയാനി കത്തോലിക്കാര്‍ വിളിക്കപ്പെടുന്നു. എന്നിരുന്നാലും തദ്ദേശിയ എഴുത്തുകാര്‍ക്ക് പ്രിയം മര്‍ത്തോമ്മ (സുറിയാനി) ക്രിസ്ത്യാനികള്‍ എന്ന പേരായിരുന്നു.

സീറോ മലബാര്‍ എന്ന നാമം
19 ആം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് പ്രധാനമായും സീറോ-മലബാര്‍ എന്ന നാമം രേഖകളില്‍ കാണുന്നത്. അതിനുമുമ്പും ചില മിഷനറിമാര്‍ മലബാറിലെ സുറിയാനിക്കാര്‍ എന്ന അര്‍ത്ഥത്തില്‍ സീറോ-മലബാറുകാര്‍ എന്ന് ചുരുക്കം ചില അവസരത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ 1887 ലെ സുറിയാനി വികാരിയത്തുകളുടെ സ്ഥാപനത്തിനു ശേഷമാണ് പ്രസ്തുത പേര് കൂടുതലായി കാണുന്നത്. 1887 ലെ സ്ഥാപനകാലങ്ങളില്‍ സുറിയാനികള്‍ എന്ന നാമം കാണുന്നുവെങ്കിലും 1896 ല്‍ മുന്നു തദ്ദേശിയ മെത്രാന്മാരെ സ്ഥാപിച്ചുകൊണ്ട് വികാരിയത്തുകള്‍ പുനക്രമീകരിച്ചപ്പോള്‍ സീറോമലബാര്‍ എന്ന പേര് ഔദ്യോഗികമായി കടന്നുവന്നത് മലബാറിലെ (കേരളത്തിലെ) സുറിയാനി കത്തോലിക്കരെ സൂചിപ്പിക്കാനാണ്. പ്രധാനമായും ബിഷപ്പ് ലവീഞ്ഞിന്റെയും ഡലഗേറ്റ് അപ്പസ്‌തോലിക്കായിരുന്ന മോണ്‍. സെലസ്‌കിയുടെയും നിര്‍ദേശമായിരുന്നു ഇതിന് പിന്നില്‍ (വാരികാട്ട്, പേജ്497)

സീറോ മലബാര്‍ സഭ തുടങ്ങിയത് 1923 ലൊ?
1917 ല്‍ ലാറ്റിന്‍ കോഡ് നിലവില്‍ വരുകയും പിന്നീട് പൗരസ്ത്യ തിരുസംഘം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതുവരെയും എല്ലാ വികാരിയത്തുകളും ലത്തീന്‍ വികാരിയത്തുകളൊ രൂപതകളൊ പോലെ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴായിരുന്നു. കോട്ടയം മാത്രമല്ല ചങ്ങനാശേരി, എറണാകുളം, തൃശൂര്‍ എന്നീ വികാരിയത്തുകളുടെയും സ്ഥിതി ഇതായിരുന്നു. തുടര്‍ന്ന് 1923 ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കപ്പെട്ടു. അതിനര്‍ത്ഥം സഭ അന്നാണ് സ്ഥാപിച്ചത് എന്നല്ല, മറിച്ച് ഈ സഭയ്ക്കായി ഒരു പുതിയ ഭരണക്രമം നിലവില്‍ വന്നുവെന്നാണ്. പോര്‍ച്ചു ഗീസുകാരുടെ ആഗമനത്തിന് മുമ്പേ മര്‍ത്തോമ്മ സുറിയാനി സഭ – സീറോ മലബാര്‍ സഭ – ഉണ്ടായിരുന്നു. 1599 ന് ശേഷം അധികാരം നഷ്ടപ്പെട്ടുവെന്നതായിരുന്നു വ്യത്യാസം. 1923 ലാണ് സീറോ മലബാര്‍ സഭ തുടങ്ങിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന്റെ മറുവശം തെക്കുംഭാഗര്‍ക്ക് സഭാ തലത്തില്‍ ഒരു അധികാരസംവിധാനമായി 1911 ലാണ് കോട്ടയം വികാരിയത്ത് സ്ഥാപിതമായത്, അതിനാല്‍ 1911 ലാണ് തെക്കുംഭാഗര്‍ ഉണ്ടായത് എന്ന് പറയുന്നതു പോലെയായിരിക്കുമത്.

അതിനാല്‍, സീറോമലബാര്‍ സഭയെന്നത് മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്ന മര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭ തന്നെയാണ്. ഈ സഭയിലേയ്ക്കാണ് ക്‌നാനായ കുടിയേറ്റം നടന്നത്. 1923 ല്‍ ഈ സഭയക്ക് എറണാകുളം ആസ്ഥാനമായി ഒരു ഹയരാര്‍ക്കി ഉണ്ടായി. 1992 ല്‍ ഈ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി. ഈ സഭയിലാണ് കോട്ടയം അതിരൂപത. ഇനിയും ഈ സഭയെക്കുറിച്ച് അറിയാന്‍ വൈകാതിരിക്കട്ടെ. പരി. കത്തോലിക്കാ സഭ വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണ്. അതിലെ ഒരു പ്രധാനപ്പെട്ട വ്യക്തി സഭയാണ് സീറോമലബാര്‍ സഭ.

സീറോ-മലബാര്‍ സഭ (മര്‍തോമ്മ ക്രിസ്ത്യാനികള്‍)

ഭാരതത്തിലെ ക്രൈസ്തവര്‍ പരമ്പരാഗതമായി അറിയപ്പെട്ടിരുന്നത് മര്‍തോമ്മാ ക്രിസ്ത്യാനികള്‍ അഥവാ മര്‍തോമ്മാ നസ്രാണികള്‍ എന്നായിരുന്നു. ഈശോയുടെ ശിഷ്യനായിരുന്ന മാര്‍തോമ്മായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള പാരമ്പര്യവും ശ്ലീഹായില്‍നിന്ന് വിശ്വാസം സ്വീകരിച്ചവരായിരുന്നു തങ്ങളെന്ന ഭരത ക്രൈസ്തവരുടെ ബോധ്യവുമായിരുന്നു ഇതിന് അടിസ്ഥാനം. പ്രസ്തുത സഭ പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധത്തിലായി. പ്രസ്തുത ബന്ധത്തിലേയ്ക്ക് നയിച്ച ഒരു നിര്‍ണായ ഘടകമായിരുന്നു ക്‌നാനായ കുടിയേറ്റ പാരമ്പര്യം.

മര്‍തോമ്മ ക്രിസ്ത്യാനികള്‍
മര്‍തോമ്മാ പാരമ്പര്യത്തിലുള്ള ഭാരതസഭ അറിയപ്പെട്ടത് മര്‍തോമ്മ ക്രിസ്ത്യാനികള്‍ അഥവാ മര്‍തോമ്മാ നസ്രാണികള്‍ എന്ന പേരിലാണ്. പൗരസ്ത്യ ദേശത്ത് (പ്രധാനമായും ആധുനിക ഇറാന്‍, ഇറാക്ക് തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ദേശത്ത്) ആയിരുന്നു മാമ്മോദീസ സ്വീകരിച്ച് സഭയില്‍ അംഗമായിരുന്നവരെ നസ്രാനികള്‍ എന്ന് വിളിച്ചിരുന്നത്. പാശ്ചാത്യ സുറിയാനി (ഇന്നത്തെ അന്ത്യോഖ്യ ഉള്‍പെടുന്ന ഭാഗത്തും) ദേശത്തും ഗ്രീക്കു സ്വാധീനമുള്ള ദേശത്തും അവരെ വിളിച്ചിരുന്നത് ക്രിസ്ത്യാനികള്‍ എന്നായിരുന്നു. ക്രിസ്തുമാര്‍ത്തില്‍ ചേര്‍ന്നവരെ ക്രിസ്ത്യാനികള്‍ എന്ന് ആദ്യമായി വിളിച്ചത് അന്ത്യോഖ്യായിലാണെന്ന് വി. ഗ്രന്ഥത്തിലുണ്ടല്ലൊ. പേര്‍ഷ്യാ സമ്രാജ്യത്തില്‍ അവരെ വിളിച്ചത് നസ്രീന്‍ അഥവാ നസ്രായര്‍ എന്നൊക്കെയാണ്. നസാറ എന്നാണ് ഖുറാനില്‍ ക്രൈസ്തവരെ വിളിക്കുന്നത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ നിന്നാണ് ക്‌നാനായ കുടിയേറ്റം നടന്നതെന്നാണ് പാരമ്പര്യം മാത്രമല്ല, ഭാരതത്തിലെ മര്‍തോമ്മ സഭയ്ക്ക് പേര്‍ഷ്യന്‍ സഭയുമായിട്ടായിരുന്നു ബന്ധം. അതിനാല്‍ തന്നെ, ഇവിടുത്തെ ക്രൈസ്തവര്‍ മര്‍തോമ്മാ നസ്രാണികള്‍ എന്നാണ് വിളിക്കപ്പെട്ടത്. പാശ്ചാത്യരുടെ ലേഖനങ്ങളിലും കേരളത്തിലെ ആധാരങ്ങളിലും മര്‍തോമ്മ നസ്രാണികള്‍ എന്ന പദം കേരളത്തിലെ എല്ലാ സുറിയാനി ക്രൈസ്തവരെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതായി കാണാം. തരീസാപള്ളി ചെപ്പേടിന്റെ കര്‍സോന്‍ പരിഭാഷയിലും (ഇതില്‍ ക്‌നായി തോമ്മായെക്കുറിച്ച് പരാമര്‍ശമുണ്ട്) നസ്രാണി എന്ന വാക്ക് കാണാം.

ക്‌നാനായക്കാര്‍ മര്‍തോമ്മാ നസ്രാണികളൊ എന്ന് ചോദിക്കുന്നവരുണ്ട്. ഭാരതസഭാ മര്‍തോമ്മാ പാരമ്പര്യത്തിലുള്ള സഭയാണന്നതുപോലെതന്നെ പൗരസ്ത്യ സുറിയാനി സഭയും മര്‍തോമ്മ പാരമ്പര്യത്തിലുള്ള സഭയാണ്. അതിനാല്‍ തന്നെ, കുടിയേറ്റജനം മര്‍തോമ്മാ പാരമ്പര്യം പേറുന്നവരാണ്. ക്‌നാനായ കുടിയേറ്റം ഒരു മര്‍തോമ്മ സഭയില്‍നിന്ന് ഭാരതത്തിലെ മര്‍തോമ്മ സഭയിലേക്കുള്ള കുടിയേറ്റമാണ്. അവര്‍ മര്‍തോമ്മ നസ്രാണികളുമാണ്. തെക്കുംഭാഗരുടെ പുരാതന ആധാരങ്ങളിലും നസ്രാണികള്‍ എന്ന പേരു കാണാം. മര്‍തോമ്മാ നസ്രാണികളെന്ന നാമം തെക്കുംഭാഗ ജനതയെയും ഉള്‍ക്കൊള്ളതാണ്.

മര്‍തോമ്മാ നസ്രാണികളെന്ന പേര്
ചരിത്രത്തില്‍ ഭാരതത്തിലെ സഭയ്ക്ക് മര്‍തോമ്മ ക്രൈസ്തവ സമൂഹം എന്ന പേരാണ് ഉണ്ടായിരുന്നതെന്ന് കണ്ടുകഴിഞ്ഞു. പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധം പുലര്‍ത്തുകയും സുറിയാനി ആരാധന ക്രമം പാലിക്കുകയും ചെയ്ത ഈ സഭ പലപ്പോഴും സുറിയാനിക്കാര്‍ എന്നു രേഖകളില്‍ വിളിക്കപ്പെട്ടു. പൊര്‍ച്ചുഗീസ് രേഖകളില്‍ മര്‍തോമ്മ ക്രിസ്ത്യാനികളെന്നും സുറിയാനിക്കാരെന്നും ഭാരതക്രൈസ്തവരെ വിളിച്ചതിന് മറ്റൊരു കാരണം, യൂറേപ്യന്‍ മിഷനറിമാരുടെ പ്രേഷിത പ്രവര്‍ത്തനം വഴി വിശ്വാസം സ്വീകരിച്ചവരില്‍നിന്ന് അവരെ വേറിട്ടു കാണിക്കാന്‍ വേണ്ടിക്കൂടിയാണ്.

പില്‍ക്കാലത്ത്, പ്രത്യേകിച്ച് 1550 കള്‍ക്കു ശേഷം കല്‍ദായ സുറിയാനിക്കാരെന്നും, വീണ്ടും നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ റോമാ-സുറിയാനിക്കാരെന്നും ഭാരതത്തിലെ സുറിയാനി കത്തോലിക്കാര്‍ വിളിക്കപ്പെടുന്നു. എന്നിരുന്നാലും തദ്ദേശിയ എഴുത്തുകാര്‍ക്ക് പ്രിയം മര്‍ത്തോമ്മ (സുറിയാനി) ക്രിസ്ത്യാനികള്‍ എന്ന പേരായിരുന്നു.

സീറോ മലബാര്‍ എന്ന നാമം
19 ആം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് പ്രധാനമായും സീറോ-മലബാര്‍ എന്ന നാമം രേഖകളില്‍ കാണുന്നത്. അതിനുമുമ്പും ചില മിഷനറിമാര്‍ മലബാറിലെ സുറിയാനിക്കാര്‍ എന്ന അര്‍ത്ഥത്തില്‍ സീറോ-മലബാറുകാര്‍ എന്ന് ചുരുക്കം ചില അവസരത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ 1887 ലെ സുറിയാനി വികാരിയത്തുകളുടെ സ്ഥാപനത്തിനു ശേഷമാണ് പ്രസ്തുത പേര് കൂടുതലായി കാണുന്നത്. 1887 ലെ സ്ഥാപനകാലങ്ങളില്‍ സുറിയാനികള്‍ എന്ന നാമം കാണുന്നുവെങ്കിലും 1896 ല്‍ മുന്നു തദ്ദേശിയ മെത്രാന്മാരെ സ്ഥാപിച്ചുകൊണ്ട് വികാരിയത്തുകള്‍ പുനക്രമീകരിച്ചപ്പോള്‍ സീറോമലബാര്‍ എന്ന പേര് ഔദ്യോഗികമായി കടന്നുവന്നത് മലബാറിലെ (കേരളത്തിലെ) സുറിയാനി കത്തോലിക്കരെ സൂചിപ്പിക്കാനാണ്. പ്രധാനമായും ബിഷപ്പ് ലവീഞ്ഞിന്റെയും ഡലഗേറ്റ് അപ്പസ്‌തോലിക്കായിരുന്ന മോണ്‍. സെലസ്‌കിയുടെയും നിര്‍ദേശമായിരുന്നു ഇതിന് പിന്നില്‍ (Varicatt, p. 497)

സീറോ മലബാര്‍ സഭ തുടങ്ങിയത് 1923 ലൊ?
1917 ല്‍ ലാറ്റിന്‍ കോഡ് നിലവില്‍ വരുകയും പിന്നീട് പൗരസ്ത്യ തിരുസംഘം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതുവരെയും എല്ലാ വികാരിയത്തുകളും ലത്തീന്‍ വികാരിയത്തുകളൊ രൂപതകളൊ പോലെ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴായിരുന്നു. കോട്ടയം മാത്രമല്ല ചങ്ങനാശേരി, എറണാകുളം, തൃശൂര്‍ എന്നീ വികാരിയത്തുകളുടെയും സ്ഥിതി ഇതായിരുന്നു. തുടര്‍ന്ന് 1923 ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കപ്പെട്ടു. അതിനര്‍ത്ഥം സഭ അന്നാണ് സ്ഥാപിച്ചത് എന്നല്ല, മറിച്ച് ഈ സഭയ്ക്കായി ഒരു പുതിയ ഭരണക്രമം നിലവില്‍ വന്നുവെന്നാണ്. പോര്‍ച്ചു ഗീസുകാരുടെ ആഗമനത്തിന് മുമ്പേ മര്‍ത്തോമ്മ സുറിയാനി സഭ – സീറോ മലബാര്‍ സഭ – ഉണ്ടായിരുന്നു. 1599 ന് ശേഷം അധികാരം നഷ്ടപ്പെട്ടുവെന്നതായിരുന്നു വ്യത്യാസം. 1923 ലാണ് സീറോ മലബാര്‍ സഭ തുടങ്ങിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന്റെ മറുവശം തെക്കുംഭാഗര്‍ക്ക് സഭാ തലത്തില്‍ ഒരു അധികാരസംവിധാനമായി 1911 ലാണ് കോട്ടയം വികാരിയത്ത് സ്ഥാപിതമായത്, അതിനാല്‍ 1911 ലാണ് തെക്കുംഭാഗര്‍ ഉണ്ടായത് എന്ന് പറയുന്നതു പോലെയായിരിക്കുമത്.

ക്നാനായകാർ ഏതു സുറിയാനി സഭയിൽനിന്ന്?

ക്‌നാനായക്കുടിയേറ്റം നടന്ന കാലത്ത് പേര്‍ഷ്യന്‍ സമ്രാജ്യത്തില്‍ മതമര്‍ദ്ദനമുണ്ടായിരുന്നുവൊ എന്ന ചര്‍ച്ചകള്‍ അടുത്ത കാലത്ത് വീണ്ടും സജീവമായി വരുന്നതുകാണുന്നു. ഉത്തരം അക്കാലത്ത് (ഷാപ്പൂര്‍ രണ്ടാമന്റെ കാലത്ത്) ശക്തമായ മര്‍ദ്ദനം പേര്‍ഷ്യയില്‍ ഉണ്ടായിരുന്നുവെന്നതാണ്. സെക്കലര്‍ ചരിത്രവും അത് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ക്‌നാനായ കുടിയേറ്റം മതമര്‍ദ്ദന ഫലമായിട്ടായിരുന്നുവോ? അല്ലയെന്ന നിഗമനത്തിലേയ്ക്കാണ് പഠനങ്ങള്‍ നയിക്കുന്നത്. താഴക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ഉത്തരം നല്‍കിയിരിക്കുന്നു. പ്രസ്തുത ലേഖനത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന ക്‌നാനായ കുടിയേറ്റം മതമര്‍ദ്ദനം മൂലമോ എന്ന ഭാഗം ശ്രദ്ധിച്ചു വായിക്കുമല്ലോ

https://lightofeast.wordpress.com/2019/11/04/persian-church-under-shappur-ii/

ക്‌നാനായ കുടിയേറ്റം അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവരുണ്ട്. അന്ത്യോഖ്യന്‍ സഭയുടെ ശ്ലൈഹിക പാരമ്പര്യത്തെക്കുറിച്ചും ആരാധന ക്രമത്തെക്കുറിച്ചും സംശയമൊന്നുമില്ല. പക്ഷേ, ആ സഭയില്‍നിന്നാണ് ക്‌നാനായ കുടിയേറ്റം നടന്നതെന്ന് പറയുന്നത് തെറ്റാണ്. അവയെ കുറിച്ചുള്ള ലേഖനങ്ങളും താഴെകൊടുക്കുന്നു. ക്‌നാനായക്കാര്‍ക്ക് അന്ത്യോഖ്യന്‍ സഭയുമായി 1665 ന് മുമ്പ് എന്തെങ്കിലും ബന്ധമുണ്ടോ?

https://lightofeast.wordpress.com/2019/11/10/canon-vi-of-council-of-nicea-in-ad-325/

https://lightofeast.wordpress.com/2019/10/18/emergence-of-jacobite-church-in-india-and-orthodoxy-of-st-thomas-church-continuation/

യാക്കോബായ സഭയ്ക്ക് 1599 ന് മുമ്പ് ഇന്ത്യയില്‍ ഏതെങ്കിലും തരത്തില്‍ ജുറിസ്ഡിക്ഷന്‍ ഉണ്ടോ? ഇല്ല. ഏതെങ്കിലും വിധത്തില്‍ അന്ത്യോഖ്യന്‍ യാക്കോബായ സഭയ്ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കണമെങ്കില്‍ 1599 വരെയോ അതിനു മുൻപോ പ്രസ്തുത സഭ കേരളത്തില്‍ അധികാരം പ്രയോഗിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ഏതെങ്കിലുമൊക്കെ എഴുത്തുകളോ തെളിവുകളോ ആണ് കൊണ്ട് വരേണ്ടത്.

പൗരസ്ത്യ സുറിയാനി സഭയുമായി കേരള സഭയ്ക്കുണ്ടായിരുന്ന ബന്ധം താഴെകൊടുക്കുന്നു.

https://lightofeast.wordpress.com/2019/10/25/hierarchical-growth-of-the-church-of-the-east-in-the-4-century/

https://lightofeast.wordpress.com/2019/10/15/who-made-syrian-christians-of-malabar-catholics-alias-orthodoxy-of-st-thomas-christians-continuation/

തിരുവെഴുത്തിലെ ഭാഷാശൈലി II


എല്ലാക്കാലത്തിലേയ്ക്കും നിലനില്‍ക്കേണ്ടതും പ്രാബല്യത്തില്‍ വരേണ്ടതും ആരാലും മാറ്റപ്പെടാന്‍ പാടില്ലാത്തതുമെന്ന നിലയിലുള്ള തിരുവെഴുത്ത് ലഭിച്ചത് 1911 ല്‍ തെക്കുംഭാഗജനതയ്ക്ക് മാത്രമാണോയെന്നാണ് നാം പരിശോധിക്കുന്നത്. ഹൂമാനെ സലൂത്തിസ് (1886) എന്ന രേഖ പരിശോധിക്കുകയും സ്ഥാപന ഫോര്‍മുല നാം മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. 1886 ലെ പ്രസ്തുത രേഖ വഴി സ്ഥാപിക്കപ്പെട്ട വരാപ്പുഴ അതിരൂപതയില്‍ നിന്ന് സുറിയാനിക്കാരെ വേര്‍തിരിക്കുന്ന രേഖയായിരുന്നു ക്വാദ് യാംപ്രീദം.

1887 ലെ ക്വോദ് യാം പ്രീദം എന്ന തിരുവെഴുത്ത്

വരാപ്പുഴയില്‍ നിന്ന് സുറിയാനിക്കാരെ വെര്‍പെടുത്തി സീറോ മലബാര്‍ വികാരിയത്തുകള്‍ സ്ഥാപിച്ചപ്പോള്‍ നല്‍കിയ രേഖയുടെ കല്പന ഭാഗം (അവസാനഭാഗം) താഴെകൊടുക്കുന്നു. We decree that this present letter is and will always be firm, valid and efficacious and that it will obtain and maintain full and complete effect and will provide the fullest support in all things and in every respect for those whom it concerns or will concern at any time in the future, and that it would be null and void if anyone should presume to do otherwise over these decisions by any authority, knowingly or unknowingly. (Quod jampridem dated 20 May 1887)

(Decernentes praesentes Litteras firmas, validas et efficaces existere ac fore, suosque plenarios et integros effectus sortiri atque obtinere, illisque ad quos spectat et in futurum spectabit in omnibus et per omnia plenissime suffragari, et irritum esse et inane si secus super his a quoquam, quavis auctoritate, scienter vel ignoranter, contigerit attentari.)

ഇവിടെയും ഊന്നിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ കല്പന എല്ലാക്കാലവും സ്ഥിരവും സാധുവും ഫലത്തില്‍ വരേണ്ടതുമാണ്. ഏതെങ്കിലും അധികാരസ്ഥാനത്തുനിന്ന് അറിഞ്ഞോ അറിയാതെയൊ ഇതിന് വിഘാതമായി വരുന്ന തീരുമാനങ്ങള്‍ അസാധുവായിരക്കും. ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തി കാണുന്ന തരത്തിലുള്ള ശൈലികളാണ് 1887 ലെ ക്വോദ് യാം പ്രീദം എന്ന തിരുവെഴുത്തിലും കാണുന്നത്.

1887 ലെ രേഖയുടെ സ്ഥിതി

വരാപ്പുഴ രൂപതയില്‍നിന്ന് സുറിയാനിക്കാരെ വേര്‍പെടുത്തി കോട്ടയം, തൃശൂര്‍ എന്നീ രണ്ട് വികാരിയത്തുകള്‍ സ്ഥാപിച്ച് യഥാക്രമം ഡോ ലവീഞ്ഞ്, ഡോ. മെഡ്‌ലികോട്ട് എന്നീ വികാരി അപ്പസ്‌തോലിക്കമാരെ സ്ഥാപിച്ച രേഖ വികാരിയത്തുകളുടെ സോഭാവിക അതിര്‍ത്തി ആലുവാ പുഴയായി നിജപ്പെടുത്തി. എല്ലാക്കാലത്തേയ്ക്കും വേണ്ടി സാധുവായതെന്ന് പ്രഖ്യാപിക്കുന്ന പ്രസ്തുത രേഖയിലെ തീരുമാനങ്ങള്‍ മാറ്റിക്കൊണ്ട് 9 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്വേ റേയ് സാക്രേ എന്ന തിരുവെഴുത്തുവഴി തൃശൂര്‍, എറണാകുളം, ചങ്ങനാശേരി എന്നീ മൂന്നു സീറോമലബാര്‍ വികാരിയത്തുകള്‍ നിലവില്‍ വന്നു. മാത്രമല്ല, 1896 ലെ മൂന്ന് വികാരിയത്തുകള്‍ സ്ഥാപിക്കാന്‍ വേണ്ടി 1887 ലെ കോട്ടയം, തൃശൂര്‍ എന്നീ വികാരിയത്തുകള്‍ നിര്‍ത്തലാക്കുകയായിരുന്നുവെന്ന് വത്തിക്കാന്‍ രേഖകള്‍ വ്യക്തമാക്കുന്നു. അതായത്, കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വിശ്വാസികളുടെ നന്മയ്ക്കും വേണ്ടി ഇപ്രകാരമുള്ള ഭരണപരമായ തീരുമാനങ്ങളെടുക്കുന്നതിന് പരി. സിംഹാസനത്തിന് അധികാരമുണ്ട്. എല്ലാക്കാലത്തേയ്ക്കും എന്ന് പറഞ്ഞിരിക്കുന്ന ക്വോദ് യാംപ്രീദം എന്ന തിരുവെഴുത്തിന്റെ ആയുസ്സ് 9 വര്‍ഷമായിരുന്നു.

1896 ലെ ക്വേ റേയ് സാക്രേ
ക്വേ റേയ് സാക്രേ എന്ന തിരുവെഴുത്തിന്റെ കല്പനാ ഭാഗം പരിശോധിക്കാം. We decree that this letter of ours is and will be firm, valid and efficacious and that it will obtain and maintain full and complete effect and will provide the fullest support in all things and in every respect to those whom it concerns or will concern at any time and thus it must be judged in matters set above by whomseover judges, ordinary or delegated, and t would be null and void if anyone should presume to do otherwise over these decisions by any authority, knowingly or unknowingly. (Quae rei sacrae dated 28 July 1896)

പ്രസ്തുത രേഖയും സൂചിപ്പിക്കുന്നത് 1896ലെ തിരുവെഴുത്തും എല്ലാകാലത്തേയ്ക്കുമുള്ളതും സാധുവും ഫലത്തില്‍ വരുത്തേണ്ടതുമാണെന്നാണ്. ഏതെങ്കിലും അധികാര സ്ഥാനത്തു നിന്ന് അറിഞ്ഞോ അറിയാതെയോ ഇതിന് വിഘാതമായി വരുന്ന നടപടികള്‍ അസാധുവായിരിക്കുമെന്നും പരി. സിംഹാസനം പ്രഖ്യാപിക്കുന്നു. 1887 ലേതിന് വ്യത്യസ്തമായി മൂന്ന് വികാരിയത്തുകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഈ രേഖ പുനര്‍നിര്‍ണയിക്കുന്നു. ഈ തിരുവെഴുത്തു പശ്ചാത്തലത്തിലാണ് മാര്‍ മാത്യു മാക്കീല്‍ ചങ്ങനാശേരി വികാരി അപ്പസ്‌തോലിക്കയായി നിയമിതനാകുന്നത്. എല്ലാകാലത്തേക്കും സാധുവെന്ന് പറഞ്ഞുകൊണ്ട് ലെയോ 13 മന്‍ മാര്‍പാപ്പ നല്‍കിയിരിക്കുന്ന ഈ തിരുവെഴുത്താണ് ഭേദഗതി ചെയ്തുകൊണ്ട് വി. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് തെക്കുംഭാഗര്‍ക്കായി ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി 1911 ല്‍ സ്ഥാപിച്ചു നല്‍കിയത്.

1911 ലെ തിരുവെഴുത്തില്‍ ”ഈ കല്‍പന എല്ലാക്കാലത്തും ഫലപ്രദവും പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കുമെന്നും, ഈ കല്‍പനയുടെ ഫലം പരിപൂര്‍ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും ഈ കല്‍പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെല്ലാവരും ഈ കല്‍പനയെ പൂര്‍ണമായി എല്ലാ സംഗതിയിലും കീഴ്‌പെട്ട് സ്വീകരിച്ചുകൊള്ളണമെന്ന് നാം ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്പനയ്ക്ക് അനുയോജ്യമല്ലാത്തതായി ഏതെങ്കിലും അധികാര സ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ അറിയാതെയൊ കൊണ്ടുവരുന്നതാകയാല്‍ ആയത് അസാധുവായിരിക്കുന്നതാണ്” എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ഒരുവിധത്തിലും ഭേദഗതി ഉണ്ടായിക്കൂടയെന്ന് പറയുന്നത് യുക്തി സഹമല്ല. കാരണം, ലെയോ 13 മന്‍ പാപ്പയുടെ തിരുവെഴുത്ത് വി. പത്താം പീയൂസ് പാപ്പയ്ക്ക് ഭേദഗതി ചെയ്യാമെങ്കില്‍ മറ്റു പാപ്പമാര്‍ക്കും അത് ചെയ്യാം. കാരണം, സഭാ തലവനെന്ന നിലയില്‍ പരി. പിതാവ് ഒരു നൈയാമിക വ്യക്തിയാണ് (Juridic person). പ്രസ്തുത സ്ഥാനത്തിരിക്കുന്ന വ്യക്തി തന്റെ ചുമതലയുടെ ഭാഗമായി നടത്തുന്ന ഭരണപരമായ തീരുമാനങ്ങള്‍ സാധുവായിരിക്കും.

will be continued