Senza categoria

സഭാജീവിതത്തെ ആക്രോശിച്ചൊതുക്കുന്നവര്‍

ആമുഖം
ലോകക്രമത്തില്‍ മാറിമാറി വരുന്ന സാഹചര്യങ്ങളിലും ഭരണക്രമങ്ങളുടെ വ്യതിയാനങ്ങളും ആശയപരിണാമങ്ങളും പലപ്പോഴും നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് മാറ്റമുണ്ടാക്കാറുണ്ട്. കഴിഞ്ഞ 21 നൂറ്റാണ്ടുകളായി ലോകത്തില്‍ മാറ്റമില്ലാതെ നില്‍കുന്ന യാഥാര്‍ത്ഥ്യമാണ് സഭ. അതുകൊണ്ടുതെന്ന ആശയപരമായും ബൗദ്ധികമായും പ്രത്യക്ഷത്തിലുല്ലൊം സഭ അനേകം വിമര്‍ശനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പലര്‍ക്കും സഭയെ മനസിലാക്കാന്‍ പ്രയസമായിരുന്നു. ബാഹ്യശക്തികള്‍ക്ക് സഭ ലോകക്രമത്തില്‍ നിലനിന്ന ഒരു കോര്‍പ്പറേറ്റ് ഭീമനോ, രാഷ്ട്രീയ അധികാരശ്രേണിയുടെ ചരിത്രത്തിലെ ബാക്കിപത്രമോ ആണെങ്കില്‍, ക്രൈസ്തവരെന്ന് സ്വയം വിളിക്കുകയും എന്ന് സഭാത്മക ചിന്ത ഇല്ലാതെ ജീവിക്കുകയും ചെയ്യുന്ന ചിലര്‍ക്ക് ഇത് ഒരു മനുഷ്യ സൃഷ്ടിമാത്രമാണ്. യഥാര്‍ത്ഥമായ സഭവിജ്ഞാനീയം ഇല്ലാത്ത ഏതൊരാള്‍ക്കും സഭയുടെ യഥാര്‍ഥ സ്വഭാവം മനസിലാക്കാനാകില്ല. അതിനാല്‍ തന്നെ സഭവിജ്ഞാനിയ പഠനത്തിന്റെ ആവശ്യകതയിേലക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

പദോത്പത്തി
എക്ലേസിയ എന്ന ഗ്രീക്ക് വാക്കാണ് സഭയെ സൂചിപ്പക്കുവാന്‍ ഉപയോഗിക്കുന്നത്. എക് (EK) കാലെയോ (KALEO) എന്നിങ്ങനെയെയുള്ള രണ്ട് പദങ്ങളാണ് എക്ലേസിയ എന്ന പത്തിന്റെ അടിസ്ഥാനരൂപങ്ങള്‍. വിളിച്ചു കൂട്ടപ്പെട്ടവര്‍ എന്നതാണ് എക്ലേസിയ എന്ന പദത്തിന്റെ അര്‍ത്ഥം. ദൈവത്താല്‍ തെരെഞ്ഞെടുക്കപ്പെട്ട് വിളിച്ചുകൂട്ടപ്പെട്ടവരാണ് ക്രൈസ്തവരെന്നതാണ് ഈ പദംകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്.

ഉത്ഭവം ഈശോമിശിഹായില്‍
പഴയ കാലത്ത് നിന്നും വ്യത്യസ്തമായി സഭാ വിമര്‍ശനങ്ങളും മതവിരുദ്ധതയുമെല്ലാം സാമൂഹിക മാധ്യമങ്ങളിലും പൊതു ഇടങ്ങളും കളം നിറയുന്നുണ്ട്. കുടുംബങ്ങളിലെ സാധാരണ സംഭാഷണങ്ങളിലും ഭക്ഷണസദസുകളിലും സഭാവിരുദ്ധത സങ്കോച ഭേദമെന്യ വിളമ്പുന്നത് പുതുമയല്ലാതാവുകയാണ്. കുഞ്ഞുങ്ങളുടെ മുന്നില്‍ പോലും വിശ്വാസത്തെയും കൂദാശകളെയും സഭാഘടനയെയുമെല്ലാം മോശമായി പലരും അവതരിപ്പിക്കുന്നത് സ്വയം പരിഷ്‌കര്‍ത്താക്കളും സമുദായ സ്‌നേഹികളുമാണെന്ന് അഭിനയിച്ചുകൊണ്ടോ അപ്രകാരമാണെന്ന് തെറ്റുദ്ധരിച്ചുകൊണ്ടൊ ആണ്. അവരെ സംബന്ധിച്ചിടത്തോളം സഭയെന്നത് കേവലം മാനുഷികമായ ക്രമീകരണമാണ്. അതുകൊണ്ട് തന്നെ, സഭയെ ഒരു സ്ഥാപനമായി മാത്രമാണ് അവര്‍കാണുന്നത്. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍, തങ്ങള്‍ ദാനമായി നല്‍കുന്ന നേര്‍ച്ചപണംകൊണ്ട് കെട്ടിപ്പടുത്തപ്പെട്ട ഒരു സ്ഥാപനം. തങ്ങള്‍ നല്‍കിയ നേര്‍ച്ചപ്പണത്തിന്റെ കിലുക്കംമാത്രമാണ് സഭയുടെ അടിസ്ഥാനമെന്ന് ചിന്തയാണ് പലരുടെയും സഭാവിമര്‍ശനത്തിന്റെയും വിരുദ്ധതയുടെയും അടിസ്ഥാനം. എന്നാല്‍, എവിടെയാണ് സഭയുടെ അടിസ്ഥാനം ഉറപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസിലാക്കുന്നത് സഭാവിജ്ഞാനീയത്തിന്റെ ആദ്യചുവടുവെയ്പ്പായി കാണാം.

സഭയുടെ ഉത്ഭവം ഈശോമിശിഹായിലാണ്. ഉത്ഭത്തില്‍ ആദിമനുഷ്യനായ ആദം ഉറങ്ങിക്കിടന്നപ്പോള്‍ അവന്റെ പാര്‍ശ്വത്തില്‍ നിന്നാണ് ദൈവം ഹവ്വായെ സൃഷ്ടച്ചത്. ഉത്ഭവത്തില്‍ പുസ്തകത്തില്‍ ആദ്യ അധ്യായങ്ങള്‍ക്ക് സൃഷ്ടിയുടെ ജൈവശാസ്ത്രപരമായ വിവരണമെന്നതിനേക്കാള്‍ ദൈവശാസ്ത്രപരമായ അര്‍ത്ഥതലങ്ങളാണുള്ളത്. പുതിയ നിയമത്തില്‍ രണ്ടാമാദമായ മിശിഹായുടെ കുരിശിലെ മരണത്തെ അവന്റെ നിദ്രയായി സഭാ പിതാക്കന്മാര്‍ വ്യാഖ്യാനിക്കുന്നു. അവന്റെ പാര്‍ശ്വത്തില്‍ പടയാളികളിലൊരുവന്‍ കുന്തം കൊണ്ടു കുത്തിയപ്പോള്‍ അവിടെ നിന്ന് രക്തവും ജലവും പുറപ്പെട്ടത് മാമ്മോദീസായെയും പരി. കുര്‍ബാനയെയുമാണ് സൂചിപ്പിക്കുന്നതെന്ന് മാര്‍ അപ്രേം വ്യാഖ്യാനിക്കുന്നു. മാമ്മോദീസയും പരി. കുര്‍ബാനയും സൂചിപ്പിക്കുന്നത് സഭയെ തന്നെയാണ്. അതിനാല്‍ അവന്റെ പാര്‍ശ്വത്തില്‍ നിന്ന് പുറപ്പെട്ടത് സഭയാണ്. ആദ്യമനുഷ്യനായ ആദത്തിന്റെ പാര്‍ശ്വത്തില്‍ നിന്ന് ഹവ്വാ ജന്മമെടുത്തതുപോലെ രണ്ടാമാദമായ മിശിഹായുടെ കുരിശിലെ നിദ്രാവേളയില്‍ അവന്റെ മണവാട്ടിയായ സഭയും ജന്മമെടുത്തു.

സഭ ഈശോമിശിഹാ തന്നെ
സഭയെക്കുറിച്ചുള്ള ദൈവശാസ്ത്രവീക്ഷണം ശരിയായി മനസിലാക്കാതെ പോകുന്നത് സാധാരണജനം മാത്രമല്ല, അവരില്‍ മെത്രാന്മാരും വൈദികരും ദൈവശാസ്ത്രജ്ഞരുമുണ്ട്. സാധാരണജനത്തിന്റെ വിമര്‍ശനത്തിന്റെ കാരണങ്ങളില്‍ സഭാശുശ്രൂഷയുടെ മേഖലയിലെ പാളിച്ചകളുംശൈഥല്യളുമുണ്ട്. ചിലര്‍ പൗരോഹിത്യശുശ്രൂഷയുടെ തലത്തില്‍ പുലര്‍ത്തിയിട്ടുള്ള ആധിപത്യ പ്രവണതയും അതുമൂലമുണ്ടായ വൈദിക വിദ്വേഷമനസ്ഥിതിയും സഭാവിരുദ്ധതയ്ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍, കോട്ടയം രൂപതയില്‍ ചിലരുടെ സഭാ വിരുദ്ധതയ്ക്ക് കാരണമാകുന്നത് അന്ധമായ സമുദായബോധമെന്ന് അവര്‍ കരുതുന്ന വികാരമാണ്. സഭയെ ഒരു സമുദായ യൂണിറ്റായി മാത്രം കണ്ടുവന്ന അജ്ഞത ഒരു പ്രധാനഘടകമായി മാറിയിട്ടുണ്ട്. ”കര്‍ത്താവിനാല്‍ നിശ്ചയിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാണ് ചര്‍ച്ചാവിഷയം (സഭ) എന്ന കാര്യം പോലും പലരും വിസ്മരിക്കുന്നു. ചില ദൈവശാസ്ത്രജ്ഞര്‍ക്കും സഭ കേവലം ഒരു മനുഷ്യ സൃഷ്ടിയാണ്. സഭ അവര്‍ക്ക് ആവശ്യമനുസരിച്ച് പുനക്രമീകരിക്കാവുന്ന ഒരു ഉപകരണം മാത്രമാണ്.” (റാറ്റ്‌സിംഗര്‍ റിപ്പോര്‍ട്ട് അധ്യായം 3). അടുത്തകാലത്തെ സമര കോലാഹലങ്ങളും വാദപ്രതിവാദങ്ങളും പൊതുബോധത്തിലുയര്‍ത്തുന്ന വാദഗതികള്‍ സൂചിപ്പിക്കുന്നത് സഭയെന്നത് നാം നിശ്ചയിക്കുകയും വാദിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്കനുസരിച്ച് വഴങ്ങുന്ന ഉപകരണമാണെന്ന ചിന്തയാണ്.

ദൈവികവും മാനുഷികവുമായ തലങ്ങള്‍

സഭയെന്നത് മിശിഹായില്‍ ജന്മമെടുത്ത യാഥാര്‍ത്ഥ്യം മാത്രമല്ല, മിശിഹായുടെ ശരീരവും മിശിഹാതന്നെയുമാണെന്ന് തിരിച്ചറിവാണ് സഭാവിജ്ഞാനീയം പങ്കുവയ്ക്കുന്നത്. ഡമാസ്‌കസിലേയ്ക്കുള്ള യാത്രാമധ്യേ പൗലോസ് ശ്ലീഹായോട് ഈശോ ചോദിക്കുന്നത് നീ എന്തിന് എന്നെ പീഡിപ്പിക്കുന്നുവെന്നാണ് (നടപടി 9,4). പൗലോസ് പീഢിപ്പിക്കാന്‍ ശ്രമിച്ചതാകട്ടെ ദൈവജനത്തെയാണ്. സഭയും മിശിഹായും തമ്മിലുള്ള ഗാഢമായ ബന്ധം ഇവിടെ അനാവൃതമാകുകയാണ്. ”അവള്‍ അവിടത്തെ ചുറ്റം ഒന്നിച്ചുകൂടിയിരിക്കുക മാത്രമല്ല, അവിടുന്നില്‍, അവിടുത്തെ ശരീരത്തില്‍ ഐക്യപ്പെട്ടിരിക്കുകയുമാണ”് (CCC 789). ആധുനിക കാലത്ത് സഭ വേണ്ട ക്രിസ്തുമാത്രം മതിയെന്ന് പറഞ്ഞുകൊണ്ട് സഭാത്മകജീവിതത്തെ തള്ളിപ്പറയുന്ന ആളുകളുണ്ട്. സഭയുടെ ദൈവികമാനത്തെ നിഷേധക്കുന്നവരാണ് അവര്‍. ഒരേ സമയം ദൈവികവും മാനുഷികവുമായ തലങ്ങള്‍ സഭയ്ക്കുണ്ട് എന്നതിനാല്‍ തന്നെ, മാനുഷിക കുറവുകള്‍ സഭയില്‍ ഉണ്ട് എന്ന് മനസിലാക്കണം. മാനുഷിക മാനങ്ങളുടെ ബലഹീനതകള്‍ സഭയിടെ ദൈവിക സ്വഭാവത്തെ നിഷേധിക്കുന്നതിനുള്ള മാനദണ്ഡമല്ല. അത് അവളുടെ ചരിത്രവഴികളിലൂടെ കൂടുതല്‍ വ്യകതമാകുന്നുണ്ട്. ”പാപികളെ മാറോടണയ്ക്കുന്ന സഭ പരിശുദ്ധയും അതേസമയം എപ്പോഴും വിശുദ്ധീകരിപ്പെടേണ്ടവളുമാണ്”(CCC 827).

ചുരുക്കത്തില്‍
സഭയുടെ ദൈവികവും മാനുഷികവുമായ തലങ്ങളെക്കുറിച്ച് ചിന്തിക്കാത്തവര്‍ പലപ്പോഴും തങ്ങളുടെ ആക്രോശങ്ങള്‍ കൊണ്ട് സഭാ നവീകരണമാണ് നടത്തുന്നതെന്ന് തെറ്റിദ്ധരിക്കാറുണ്ട്. സഭയെക്കുറിച്ചും കൗദാശിക ജീവിതത്തെക്കുറിച്ചും സഭാനേതൃത്വത്തെക്കുറിച്ചും ആക്രോശങ്ങള്‍ നടത്തി സാമൂഹ്യമാധ്യമത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും തകര്‍ക്കുന്നത് തങ്ങളിലുണ്ടായിരുന്ന സെന്‍സ് ഓഫ് ദി സേക്രഡ് ആണ്. അത് എപ്രകാരമാണ് അവരുടെയും വരും തലമുറയുടെയും ആത്മനാശത്തിന് വഴിതെളിക്കുന്നതെന്ന് മനസാലാക്കുന്ന നാളുകള്‍ വരും.

തിരുവെഴുത്തിലെ ഭാഷാശൈലി II


എല്ലാക്കാലത്തിലേയ്ക്കും നിലനില്‍ക്കേണ്ടതും പ്രാബല്യത്തില്‍ വരേണ്ടതും ആരാലും മാറ്റപ്പെടാന്‍ പാടില്ലാത്തതുമെന്ന നിലയിലുള്ള തിരുവെഴുത്ത് ലഭിച്ചത് 1911 ല്‍ തെക്കുംഭാഗജനതയ്ക്ക് മാത്രമാണോയെന്നാണ് നാം പരിശോധിക്കുന്നത്. ഹൂമാനെ സലൂത്തിസ് (1886) എന്ന രേഖ പരിശോധിക്കുകയും സ്ഥാപന ഫോര്‍മുല നാം മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. 1886 ലെ പ്രസ്തുത രേഖ വഴി സ്ഥാപിക്കപ്പെട്ട വരാപ്പുഴ അതിരൂപതയില്‍ നിന്ന് സുറിയാനിക്കാരെ വേര്‍തിരിക്കുന്ന രേഖയായിരുന്നു ക്വാദ് യാംപ്രീദം.

1887 ലെ ക്വോദ് യാം പ്രീദം എന്ന തിരുവെഴുത്ത്

വരാപ്പുഴയില്‍ നിന്ന് സുറിയാനിക്കാരെ വെര്‍പെടുത്തി സീറോ മലബാര്‍ വികാരിയത്തുകള്‍ സ്ഥാപിച്ചപ്പോള്‍ നല്‍കിയ രേഖയുടെ കല്പന ഭാഗം (അവസാനഭാഗം) താഴെകൊടുക്കുന്നു. We decree that this present letter is and will always be firm, valid and efficacious and that it will obtain and maintain full and complete effect and will provide the fullest support in all things and in every respect for those whom it concerns or will concern at any time in the future, and that it would be null and void if anyone should presume to do otherwise over these decisions by any authority, knowingly or unknowingly. (Quod jampridem dated 20 May 1887)

(Decernentes praesentes Litteras firmas, validas et efficaces existere ac fore, suosque plenarios et integros effectus sortiri atque obtinere, illisque ad quos spectat et in futurum spectabit in omnibus et per omnia plenissime suffragari, et irritum esse et inane si secus super his a quoquam, quavis auctoritate, scienter vel ignoranter, contigerit attentari.)

ഇവിടെയും ഊന്നിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ കല്പന എല്ലാക്കാലവും സ്ഥിരവും സാധുവും ഫലത്തില്‍ വരേണ്ടതുമാണ്. ഏതെങ്കിലും അധികാരസ്ഥാനത്തുനിന്ന് അറിഞ്ഞോ അറിയാതെയൊ ഇതിന് വിഘാതമായി വരുന്ന തീരുമാനങ്ങള്‍ അസാധുവായിരക്കും. ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തി കാണുന്ന തരത്തിലുള്ള ശൈലികളാണ് 1887 ലെ ക്വോദ് യാം പ്രീദം എന്ന തിരുവെഴുത്തിലും കാണുന്നത്.

1887 ലെ രേഖയുടെ സ്ഥിതി

വരാപ്പുഴ രൂപതയില്‍നിന്ന് സുറിയാനിക്കാരെ വേര്‍പെടുത്തി കോട്ടയം, തൃശൂര്‍ എന്നീ രണ്ട് വികാരിയത്തുകള്‍ സ്ഥാപിച്ച് യഥാക്രമം ഡോ ലവീഞ്ഞ്, ഡോ. മെഡ്‌ലികോട്ട് എന്നീ വികാരി അപ്പസ്‌തോലിക്കമാരെ സ്ഥാപിച്ച രേഖ വികാരിയത്തുകളുടെ സോഭാവിക അതിര്‍ത്തി ആലുവാ പുഴയായി നിജപ്പെടുത്തി. എല്ലാക്കാലത്തേയ്ക്കും വേണ്ടി സാധുവായതെന്ന് പ്രഖ്യാപിക്കുന്ന പ്രസ്തുത രേഖയിലെ തീരുമാനങ്ങള്‍ മാറ്റിക്കൊണ്ട് 9 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്വേ റേയ് സാക്രേ എന്ന തിരുവെഴുത്തുവഴി തൃശൂര്‍, എറണാകുളം, ചങ്ങനാശേരി എന്നീ മൂന്നു സീറോമലബാര്‍ വികാരിയത്തുകള്‍ നിലവില്‍ വന്നു. മാത്രമല്ല, 1896 ലെ മൂന്ന് വികാരിയത്തുകള്‍ സ്ഥാപിക്കാന്‍ വേണ്ടി 1887 ലെ കോട്ടയം, തൃശൂര്‍ എന്നീ വികാരിയത്തുകള്‍ നിര്‍ത്തലാക്കുകയായിരുന്നുവെന്ന് വത്തിക്കാന്‍ രേഖകള്‍ വ്യക്തമാക്കുന്നു. അതായത്, കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വിശ്വാസികളുടെ നന്മയ്ക്കും വേണ്ടി ഇപ്രകാരമുള്ള ഭരണപരമായ തീരുമാനങ്ങളെടുക്കുന്നതിന് പരി. സിംഹാസനത്തിന് അധികാരമുണ്ട്. എല്ലാക്കാലത്തേയ്ക്കും എന്ന് പറഞ്ഞിരിക്കുന്ന ക്വോദ് യാംപ്രീദം എന്ന തിരുവെഴുത്തിന്റെ ആയുസ്സ് 9 വര്‍ഷമായിരുന്നു.

1896 ലെ ക്വേ റേയ് സാക്രേ
ക്വേ റേയ് സാക്രേ എന്ന തിരുവെഴുത്തിന്റെ കല്പനാ ഭാഗം പരിശോധിക്കാം. We decree that this letter of ours is and will be firm, valid and efficacious and that it will obtain and maintain full and complete effect and will provide the fullest support in all things and in every respect to those whom it concerns or will concern at any time and thus it must be judged in matters set above by whomseover judges, ordinary or delegated, and t would be null and void if anyone should presume to do otherwise over these decisions by any authority, knowingly or unknowingly. (Quae rei sacrae dated 28 July 1896)

പ്രസ്തുത രേഖയും സൂചിപ്പിക്കുന്നത് 1896ലെ തിരുവെഴുത്തും എല്ലാകാലത്തേയ്ക്കുമുള്ളതും സാധുവും ഫലത്തില്‍ വരുത്തേണ്ടതുമാണെന്നാണ്. ഏതെങ്കിലും അധികാര സ്ഥാനത്തു നിന്ന് അറിഞ്ഞോ അറിയാതെയോ ഇതിന് വിഘാതമായി വരുന്ന നടപടികള്‍ അസാധുവായിരിക്കുമെന്നും പരി. സിംഹാസനം പ്രഖ്യാപിക്കുന്നു. 1887 ലേതിന് വ്യത്യസ്തമായി മൂന്ന് വികാരിയത്തുകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഈ രേഖ പുനര്‍നിര്‍ണയിക്കുന്നു. ഈ തിരുവെഴുത്തു പശ്ചാത്തലത്തിലാണ് മാര്‍ മാത്യു മാക്കീല്‍ ചങ്ങനാശേരി വികാരി അപ്പസ്‌തോലിക്കയായി നിയമിതനാകുന്നത്. എല്ലാകാലത്തേക്കും സാധുവെന്ന് പറഞ്ഞുകൊണ്ട് ലെയോ 13 മന്‍ മാര്‍പാപ്പ നല്‍കിയിരിക്കുന്ന ഈ തിരുവെഴുത്താണ് ഭേദഗതി ചെയ്തുകൊണ്ട് വി. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് തെക്കുംഭാഗര്‍ക്കായി ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി 1911 ല്‍ സ്ഥാപിച്ചു നല്‍കിയത്.

1911 ലെ തിരുവെഴുത്തില്‍ ”ഈ കല്‍പന എല്ലാക്കാലത്തും ഫലപ്രദവും പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കുമെന്നും, ഈ കല്‍പനയുടെ ഫലം പരിപൂര്‍ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും ഈ കല്‍പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെല്ലാവരും ഈ കല്‍പനയെ പൂര്‍ണമായി എല്ലാ സംഗതിയിലും കീഴ്‌പെട്ട് സ്വീകരിച്ചുകൊള്ളണമെന്ന് നാം ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്പനയ്ക്ക് അനുയോജ്യമല്ലാത്തതായി ഏതെങ്കിലും അധികാര സ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ അറിയാതെയൊ കൊണ്ടുവരുന്നതാകയാല്‍ ആയത് അസാധുവായിരിക്കുന്നതാണ്” എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ഒരുവിധത്തിലും ഭേദഗതി ഉണ്ടായിക്കൂടയെന്ന് പറയുന്നത് യുക്തി സഹമല്ല. കാരണം, ലെയോ 13 മന്‍ പാപ്പയുടെ തിരുവെഴുത്ത് വി. പത്താം പീയൂസ് പാപ്പയ്ക്ക് ഭേദഗതി ചെയ്യാമെങ്കില്‍ മറ്റു പാപ്പമാര്‍ക്കും അത് ചെയ്യാം. കാരണം, സഭാ തലവനെന്ന നിലയില്‍ പരി. പിതാവ് ഒരു നൈയാമിക വ്യക്തിയാണ് (Juridic person). പ്രസ്തുത സ്ഥാനത്തിരിക്കുന്ന വ്യക്തി തന്റെ ചുമതലയുടെ ഭാഗമായി നടത്തുന്ന ഭരണപരമായ തീരുമാനങ്ങള്‍ സാധുവായിരിക്കും.

will be continued

സമുദായബോധം ഉണര്‍ത്തുമ്പോഴുള്ള ചരിത്രപ്പിശകുകള്‍ II

മാക്കീല്‍ പിതാവ് കാളവണ്ടിയില്‍ കുര്‍ബാനയര്‍പ്പിച്ചോ?
മാക്കീല്‍ പിതാവിന് ചങ്ങനാശേരിയില്‍ എതിര്‍പ്പ് ഉണ്ടായതിനാല്‍ കുര്‍ബാനവസ്ത്രമണിഞ്ഞ് കാളവണ്ടിയില്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ട് കോട്ടയത്തേയ്ക്ക് ഓടേണ്ടിവന്നു എന്ന വിവരണം അതിശയോക്തി ജനിപ്പിക്കുന്നത് മാത്രമല്ല കഥകളെ വെല്ലുന്ന വിധത്തിലാണ്. മാക്കീല്‍ പിതാവിന് ചങ്ങനാശേരിയില്‍ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നുവെന്നതും തുടര്‍ന്ന് ആദ് ലിമിനാ സന്ദര്‍ശനത്തിന് പോകന്ന സമയത്തിന് മുമ്പുളള കുറച്ചു മാസങ്ങളില്‍ കോട്ടയത്ത് വന്ന് താമസിക്കേണ്ടി വന്നുവെന്നതുമാണ് ഇവിടെ വസ്തുത പരമായിട്ടുള്ളത്.

തന്റെ ഉദരസംബന്ധമായ രോഗത്തിന്റെ ചികിത്സക്കായിട്ടാണ് മാക്കീല്‍ പിതാവ് കോട്ടയത്തേയ്ക്ക് പോയത് എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പിന്നീട് അദ്ദേഹം ചങ്ങനാശേരിയിലേക്ക് ദീര്‍ഘ നാളത്തെ താമസത്തിനായി തിരികെപോയില്ല. മാക്കീല്‍ പിതാവിന്റെ കോട്ടയത്തെ വാസം പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കുറ്റപ്പെടുത്തിയത് മോണ്‍ സെലസ്‌കിയായിരുന്നു (Letter of 07 മാര്‍ച്ച് 1911).

അക്കാലത്ത് ചങ്ങനാശേരിയില്‍ നടന്നിരുന്ന കാര്യങ്ങളെ ആഴ്ചയിലൊരിക്കല്‍ എന്നനിലയിലെന്നോണം റോമിന് റിപ്പോര്‍ട്ട് ചെയ്തിരുന്ന ദലഗേറ്റ് അപ്പസ്‌തോലിക്കാ മോണ്‍. സെലസ്‌കിയുടെ എഴുത്തുകളിലൊ, മാക്കീല്‍ പിതാവിന്റെ നാളാഗമത്തിലൊ അന്നത്തെ സംഭവവികാസങ്ങളെ വര്‍ണിച്ച് എഴുതിക്കൊണ്ടിരുന്ന മനോരമയിലൊ വട്ടക്കളത്തില്‍ മത്തായി അച്ചന്റെ എഴുത്തുകളിലൊ ഒന്നും ഇപ്രകാരമൊരു കാളവണ്ടിയില്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടുള്ള വിവരണം കാണാനാവില്ല.

പത്താം പീയൂസ് പിതാവിന്റെ ബൂള
വി. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം രൂപത സ്ഥാപിച്ചത് ചിരകാലത്തേയ്ക്കുമാണെന്നും അത് ആരാലും മാറ്റം വരുത്താനാവാത്തതുമാണെന്നും ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തില്‍ രേഖപെടുത്തിയിരിക്കുന്നുവെന്നതും സത്യമാണ്. എന്നാല്‍, 1911 ല്‍ ലഭിച്ച രേഖയുടെ നയ്യാമികമായ പശ്ചാത്തലം, സ്വഭാവം, കാലാനുസൃതമായ പരിണാമങ്ങള്‍ക്കുള്ള സാധ്യത, പരി. സിംഹാസനത്തിന്റെ അധികാരം എന്നിവയൊക്കെ മനസിലാക്കുമ്പോഴാണ് തിരുവെഴുത്തില്‍ കാണപ്പെടുന്ന വാചകങ്ങളുടെ അന്തസത്ത ശരിയായ വിധത്തില്‍ ഗ്രഹിക്കാനാവൂ.

രേഖ പുറപ്പെടുവിക്കപ്പെട്ട കാലത്തെ നൈയാമിക പരിണാമങ്ങള്‍
1911 ല്‍ കോട്ടയം വികാരിയത്ത് സ്ഥാപിക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ സഭ പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ കീഴിലായിരുന്നു. അക്കാലത്ത് ഭരണപരമായ രേഖകളില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഒപ്പിടുകയും പരി. പിതാവിന്റെ അംഗീകാരം രേഖപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. 1917 ല്‍ കത്തോലിക്കാ സഭയിലെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന നിയമങ്ങളെല്ലാം ക്രോഡീകരിച്ച് ഒരു നിയമ സംഹിതയായി പ്രസിദ്ധീകരിച്ചു. അത് ലാറ്റിന്‍ കോഡെന്ന് അറിയപ്പെടുന്നു (CIC 1917). അതിനെ തുടര്‍ന്ന് പല പുതിയ ഭരണകേന്ദ്രങ്ങളും (Dicasteries in Rome) കൂടുതലായി തുടങ്ങി. (അതിലൊന്നാണ് പൗരസ്ത്യ തിരുസംഘം.) അവ പ്രവര്‍ത്തിക്കുന്നത് മാര്‍പാപ്പയുടെ അഥവ പരി. സിംഹാസനത്തിന്റെ പേരിലാണ്. അതിനാല്‍ കാനോന്‍ നിയമ പ്രകാരം, ശ്ലൈഹിക സിംഹാസനമെന്ന (പരി. സിംഹാസനം) വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് മാര്‍പാപ്പ എന്ന വ്യക്തിയെ, മാര്‍പാപ്പയ്ക്കായ് പ്രവര്‍ത്തിക്കുന്ന തിരുസംഘങ്ങള്‍ എന്നിവായണ് (കാനന്‍ CCEO 48). വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് എന്ന അര്‍ത്ഥവും രാഷ്ട്രീയ തലത്തില്‍ അതിനുണ്ട്.

ഭേദഗതി
പരി. സിംഹാസനം (മാര്‍പാപ്പ അഥവാ തിരുസംഘം)നല്‍കിയിരിക്കുന്ന ഒരു തിരുവെഴുത്ത് പരി. സിംഹാസനത്തിന് (മറ്റൊരു മാര്‍പാപ്പയ്ക്ക്) ഭേദഗതി ചെയ്യാനോ മാറ്റം വരുത്തുവാനോ സാധിക്കും. പ്രസ്തുത നടപടിയുടെ ഭാഗമായി തിരുസംഘം നല്‍കുന്ന എഴുത്ത് പരി.സിംഹാസനത്തില്‍ നിന്നുള്ള രേഖയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടാണ് 1911 ല്‍ നല്‍കിയ കോട്ടയം വികാരിയത്തിനെ രൂപതയായും (1923) പിന്നീട് അതിരൂപതയായും (2005) ഉയര്‍ത്തിയത്. 1911 ലെ വികാരിയത്തിന്റെ അതിര്‍ത്തി 1955 ല്‍ വികസിപ്പിച്ചു നല്‍കിയ തിരുവെഴുത്ത് കോണ്‍ഗ്രിഗേഷന്‍ വഴിയാണ് ലഭിച്ചത്. 1955 ഏപ്രില്‍ 29 ലെ പ്രസ്തുത രേഖ നല്‍കപ്പെട്ടിരിക്കുന്നത് കാര്‍ഡി. റ്റിസറാന്റ് വഴിയാണ്. പറഞ്ഞുവന്നതിനര്‍ത്ഥം, 1911 ല്‍ പരി. പിതാവ് നല്‍കിയ തിരുവെഴുത്തിലെ സംഗ്രഹത്തില്‍ കാലക്രമത്തില്‍ (ഭരണപരമായ തലത്തില്‍) മാറ്റം വന്നിട്ടുണ്ടെന്നാണ്.

Will be continued: തിരുവെഴുത്തിന്റെ ശൈലി

Fortieth Friday of Lent (Nalpatham Velly)

via crucis 1

നോമ്പിലെ മൂന്ന് പ്രധാനപ്പെട്ട ദിവസങ്ങളാണ് പാതിനോമ്പ്, 36 ആം ഞായറാഴ്ച 40 ആം വെള്ളി. ഇവയുമായി ബന്ധപ്പെട്ട ഭക്താഭ്യാസങ്ങള്‍ സഭയില്‍ നിലനിന്നിരുന്നു.

പാതിനോമ്പ്

പാതിനോമ്പെന്നത് നോമ്പിന്റെ 25 ആം പക്കം വരുന്ന ബുധനാഴ്ചയാണ്. സ്ലീവ ഉയര്‍ത്തലും അത് ഘോഷിക്കലുമാണ് ഇതിന്റെ പ്രധാന കര്‍മ്മം. വി. സ്ലീവ മദ്ബഹായില്‍നിന്നെടുത്ത് ദൈവാലയത്തിന്റെ മൂന്ന് ഭാഗത്തും കൊണ്ടുവന്നതിനുശേഷം ദൈവാലയ മധ്യത്തില്‍ കൊണ്ടുവന്ന ഊറാറ ധരിപ്പിക്കുകയും ചുവന്ന പട്ടവിരിച്ച പീഡത്തിന്‌മേല്‍ അത് സ്ഥാപിക്കുകയും ചെയ്യുന്നു. പുറപ്പാടിലെ പിത്തള സര്‍പ്പത്തെയും കാല്‍വരിയിലെ കുരിശിനെയുമാണ് ഇത് സൂചിപ്പിക്കുന്നത്. ഉയര്‍ത്തപ്പെട്ട കുരിശില്‍ ദൃഷ്ടി പതിപ്പിക്കുന്നവര്‍ രക്ഷ പ്രാപിക്കുമെന്ന് സഭ ഓര്‍മിപ്പിക്കുന്നു.

36 ആം ഞായറാഴ്ച

36 ആം ഞായറാഴ്ചയാണ് മറ്റൊരു പ്രധാന ദിവസം ലത്തീന്‍ സഭയിലാണ് ഇതിന് കര്‍മ്മങ്ങള്‍ പ്രധാനമായുള്ളത്. ഈ ദിവസം പണ്ട് കാലങ്ങളില്‍ ലത്തീന്‍ സഭയില്‍ രൂപങ്ങള്‍ മറച്ചിരുന്നു. പത്രോസ് ശ്ലീഹായും കൂട്ടരും അവന്റെ അടുക്കല്‍നിന്ന് ഓടിപ്പോയതിനെ അനുസ്മരിച്ചാണ് രൂപം മറച്ചിരുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ പുണ്യാത്മാക്കളെല്ലാം ഈശോയുടെ കുരിശില്‍നിന്ന് ശക്തി സമ്പാദിച്ചാണ് നിത്യരക്ഷ നേടിയത്. അതുകൊണ്ട് ഇന്ന് രൂപം മറയ്ക്കല്‍ വേണ്ടയെന്ന ചിന്ത ലത്തീന്‍ സഭയില്‍ രൂപപ്പെട്ടു. പക്ഷേ, ഇതിന്റെ പിന്നില്‍ മറ്റൊരു അര്‍ത്ഥമുണ്ട്. വിശുദ്ധവാരത്തോടടുക്കുമ്പോള്‍ നമ്മുടെ ധ്യാനവിഷയം ഈശോ മാത്രമാണ്. ഈ ദിവസങ്ങളില്‍ പുണ്യാത്മാക്കളോടും പരി. കന്യകാമറിയത്തോടുമുള്ള പ്രാര്‍ത്ഥനപോലും ഉയര്‍പ്പുഞായറാഴ്ചവരെ പൊതുവേ നടത്താറില്ല. ഇക്കാലത്തെ കേന്ദ്രബിന്ദു ഈശോയും കുരിശും മാത്രമാണ്.

നാല്പതാം വെള്ളി
നാല്പതാം വെള്ളിയെന്നത് പേതൃത്വ തുടങ്ങിയുള്ള നാല്പതാം പക്കമാണ് ഇത്. വി. ഗ്രന്ഥത്തില്‍ നാല്പതിന് പ്രാധാന്യമുണ്ടല്ലോ. ഈശോ പുനരുദ്ധാനവും ജീവനുമാണെന്ന വായനയാണ് ഈ ദിവസത്തിലുള്ളത്.

by Rev. Dr George Karukaparambil

To Faith via Corona: a testimony of a Doctor from Italy

corona final

ഇറ്റലിയിൽ നിന്നും മറ്റൊരു അസാധാരണ സാക്ഷ്യം

കോവിഡ് -19 ബാധിച്ച ഇറ്റലിയിൽ നിന്നും, Lulian Urban എന്ന 38 വയസുകാരൻ ഒരു ഡോക്ടറുടെ Lombardia യിൽ നിന്നുള്ള അസാധാരണമായ സാക്ഷ്യം: “ഞാൻ നിരീശ്വരവാദിയായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ ദൈവത്തിലേക്ക് മടങ്ങുന്നു”

“കഴിഞ്ഞ മൂന്നാഴ്ചയായി ഞങ്ങളുടെ ആശുപത്രിയിൽ കാണുകയും നടക്കുകയും ചെയ്യുന്ന കാര്യങ്ങൾ, ഭയാനകമായ പേടി സ്വപ്നങ്ങളിൽ പോലും കാണാത്തവയാണ്. ആദ്യം ചെറിയ ഒരു ഒഴുക്ക്, പിന്നെ വളർന്നു ,ഒരു വലിയ നദി പോലെ; ഒരു ഡസൻ, പിന്നെ നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഡോക്ടർമാരല്ല സെലക്ടർമാരാണ്. ആരാണ് ജീവിക്കേണ്ടതെന്നും ആരെയാണ് മരണത്തിന്റെ ഭവനത്തിലേക്ക് പറഞ്ഞയക്കേണ്ടതെന്നും തീരുമാനിക്കുന്ന സെലക്ടർമാർ. അതെ, വേദനയോടെ പറയട്ടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി രാജ്യത്തിന് tax നൽകുന്നവരാണ് ഇവരെല്ലാം. പക്ഷെ ഇപ്പോൾ ഞങ്ങൾ തീരുമാനിക്കും ആര് ജീവിക്കണം ആര് മരിക്കണം എന്ന്.

രണ്ടാഴ്‌ച മുമ്പുവരെ ഞങ്ങൾ, ഞാനും എന്റെ സഹപ്രവർത്തകരിൽ പലരും നിരീശ്വരവാദികളായിരുന്നു. ഞങ്ങൾ ഡോക്ടർമാരായതിനാൽ ശാസ്ത്രം ദൈവത്തെ ഒഴിവാക്കുന്നു എന്ന് നൂറുശതമാനവും വിശ്വസിച്ചവർ.

പള്ളിയിൽ പോകുന്ന എന്റെ മാതാപിതാക്കളെ നോക്കി എന്നും പരിഹസിക്കുന്ന ഒരാളായിരുന്നു ഞാൻ. ഒൻപതു ദിവസം മുമ്പ് 75 വയസുള്ള ഒരു വൈദീകൻ ഇവിടെ എത്തി. ഒരു പാവം മനുഷ്യൻ. ശ്വസിക്കാൻ കടുത്ത പ്രയാസം അനുഭവപ്പെടുകായായിരുന്നു അദ്ദേഹത്തിന്. എങ്കിലും എപ്പോഴും ഒരു ബൈബിൾ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെ അടുത്തിരുന്നു അദ്ദേഹം അത് ആയാസപ്പെട്ട് വായിചു കേൾപ്പിക്കുന്നു. ചിലരുടെ കൈകളിൽ അദ്ദേഹം ബൈബിൾ പിടിപ്പിക്കുന്നു ഞങ്ങൾ അത് കൗതുകപൂർവം നോക്കി കണ്ടു.

എന്റെ രണ്ടു സഹപ്രവത്തകർ മരണപെട്ടു കഴിഞ്ഞു. ചിലരെ രോഗംബാധിച്ചിരിക്കുന്നു. ആകെ നിരാശയിലാണ്. ഞങ്ങൾ മാനസികമായും ശാരീരികമായും ആകെത്തളർന്നു കഴിഞ്ഞു. ഈ അവസരത്തിലാണ് ഞങ്ങൾ ഇത് കാണുന്നത്. ഇപ്പോൾ ഞങ്ങൾ സമ്മതിക്കുന്നു. മനുഷ്യരെന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ പരിധിയിലെത്തി. ഞങ്ങൾ നോക്കുന്ന ആളുകളുടെ മരണ സംഖ്യ ഉയരുന്നതല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല.

ഞങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തിയെ ശ്രദ്ധിക്കാൻ തുടങ്ങി. മനുഷ്യൻ അവസാനിക്കുന്നിടത്തു ദൈവം തുടങ്ങുന്നു എന്ന് ഞങ്ങൾക്കു തോന്നിത്തുടങ്ങി. സാവധാനം ഞങ്ങൾ ആ പുരോഹിതനോടടുത്തു; ഞങ്ങൾ പതിയെ സംസാരിക്കാൻ ആരംഭിച്ചു. സത്യം പറയട്ടെ ഇന്നലെവരെ നിരീശ്വരവാദികളായിരുന്ന ഞങ്ങൾ ഇപ്പോൾ സമാധാനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. രോഗികളെ പരിചരിക്കാൻ ഞങ്ങളെ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു. നഷ്ടപ്പെട്ട് എന്ന് കരുതിയ ആ ധൈര്യം എങ്ങനെയോ തിരിച്ചുവന്നിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ കൂടുതൽ ഊർജസ്വലരാണ്.

ഇന്നലെ ആ 75 കാരൻ വൈദീകൻ മരിച്ചു. അതായതു മൂന്നാഴ്ച കൊണ്ടു 120 മത്തെ മരണം. എല്ലാ പ്രതീക്ഷയും നശിച്ചു തളർന്നിരുന്ന ഞങ്ങളെ വെറും ഒൻപതു ദിവസം കൊണ്ടു ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമാധാനം ഞങ്ങൾക്ക് തരുവാൻ അദ്ദേഹം സഹായിച്ചു. അദ്ദേഹത്തിന്റെ ദുർബലമായ അവസ്ഥയിലാണ് ഞങ്ങളെ സഹായിച്ചത് എന്ന് ഓർക്കുമ്പോൾ…….. ആ നല്ല ഇടയൻ കർത്താവിന്റെ അടുത്തേക്ക് പോയി.

ഈ രീതിയിൽ ഞാൻ തുടർന്നാൽ ഞാനും ഉറപ്പായും അവനെ അനുഗമിക്കും. കഴിഞ്ഞ ആറു ദിവസമായി ഞാൻ എന്റെ വീട് കണ്ടിട്ടില്ല. എപ്പോഴാണ് അവസാനം ഭക്ഷണം കഴിച്ചത് എന്നുപോലും ഞാൻ ഓർക്കുന്നില്ല. ഇപ്പോൾ ഞാൻ ഈ ഭൂമിയിൽ ഒന്നും അല്ല എന്ന് മനസിലാക്കുന്നു. പക്ഷെ ആ വൈദീകനെപോലെ മറ്റുള്ളവർക്കുവേണ്ടി എന്റെ അവസാന ശ്വാസം വരെയും ഞാൻ ജീവിക്കും. എന്റെ പ്രീയപെട്ടവർ എന്റെ ചുറ്റും ദുരിതമനുഭവിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ എന്റെ ദൈവത്തിന്റെ അടുത്തേക്ക് മടങ്ങി വന്നതിൽ ഞാൻ സന്തോഷവാനാണ്.”

ഫെബ്രുവരി 21 മുതൽ കൊറോണ വൈറസ് വടക്കൻ ഇറ്റലിയിൽ ദുരിതം വിതച്ചു മുന്നേറുന്നു. 4,032 പേർ ഇന്ന് വരെ മരിച്ചു. എത്രപേർ മരിച്ചു, എത്രപേർ സുഖം പ്രാപിച്ചു, രോഗബാധിതരുടെ ആകെ എണ്ണം എത്ര ഇവ ദിവസേന ഞങ്ങളെ അറിയിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച, ശ്മശാനങ്ങളിൽ സ്ഥലമില്ലാത്തതിനാൽ മൃതദേഹങ്ങൾ ബെർഗമോയിൽ കയറ്റി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ ഇറ്റാലിയൻ സൈന്യത്തിന്റെ ട്രക്കുകളുടെ നിരയുടെ സങ്കടകരമായ ചിത്രം ഇറ്റലിയെ മുഴുവൻ കരയിപ്പിച്ചു. ഇന്ന് രാവിലെ സമാനമായ ഒരു രംഗം ആവർത്തിച്ചു, 70 മൃതദേഹങ്ങൾ മറ്റ് പ്രവിശ്യകളിലേക്ക് സംസ്‌കരിക്കാനായി സൈന്യം കൊണ്ടുപോയി.

ഇറ്റലിയിൽ 50,724 ഭവനരഹിതരുണ്ട്. ഭൂരിഭാഗവും, ശരാശരി 44 വയസും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുമുള്ള പുരുഷന്മാരാണ്. അവർ തെരുവിൽ താമസിക്കുന്നു, മുനിസിപ്പൽ കാന്റീനുകളിലോ കോഫി ബാറിലോ അവർ ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ഈ സേവനങ്ങളെല്ലാം അടച്ചു കഴിഞ്ഞു. രാഷ്ട്രത്തിനു ഇപ്പോൾ അവരെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല. എന്നല്ല; അത് ഇപ്പോൾ അസാധ്യമാണ്. ഇതിനകം തന്നെ തെരുവുകളിൽ താമസിക്കുന്ന ആളുകൾ രോഗബാധിതരാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

ഈ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വേളയിൽ, ഏറ്റവും കുറഞ്ഞത് അവർക്കു ഷെൽട്ടറുകൾ ഉണ്ടാക്കുവാനായി കിണഞ്ഞു പരിശ്രമിക്കുന്ന നിരവധി പേരുണ്ട്. അതിൽ എടുത്തു പറയേണ്ട ആളാണ് വൈദീകനായ ഒറെസ്തേ ബെൻസി. ഇറ്റലിയിലുടനീളം ഭവനരഹിതരായവരെ കൈകാര്യം ചെയ്യുന്ന പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി “ബെത്ലഹേമിലെ ഭവനം” എന്ന് വിളിക്കപ്പെടുന്ന ആ സംഘടന ചെയ്യുന്ന കാര്യങ്ങൾ വിവരിക്കാവുന്നതിലുമപ്പുറമാണ്.

ദുരിതം പേറുന്ന ഇറ്റലിയെ സഭ എങ്ങനെ ശുശ്രൂഷിക്കുന്നു എന്ന് എത്ര എഴുതിയാലും അവസാനിക്കില്ല. പ്രീയപെട്ടവരെ ഇറ്റലിയുടെ നേർക്കാഴ്ചകൾ നമ്മെ അമ്പരപ്പിക്കും, അസ്വസ്ഥരാക്കും, കണ്ണുകൾ ഈറനണിയിക്കും. ലുലിയൻ ഉർബാൻ എന്ന ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് മനുഷ്യൻ അവസാനിപ്പിക്കുമ്പോൾ ദൈവം തുടങ്ങും.

source: https://www.evangeliciadiguidonia.it/2020/03/20/commovente-iulian-urban-38anni-%C2%B7-dottore-in-lombardia/

Fr Sony Ullattikunnel CMI

മാധ്യമങ്ങളുടെ അജണ്ടയും നാം പുലർത്തേണ്ട ജാഗ്രതയും

media 5

ആമുഖം

90കളുടെ ആരംഭത്തിൽ തന്നെ ദൃശ്യ മാധ്യമ സംസ്‍കാരം ഉടലെടുത്തിരുന്നു. പക്ഷേ ആ കാലഘട്ടത്തിൽ മധ്യമത്തിൽ കോരി നിറച്ചതൊന്നും പാതിരായിരുന്നില്ല. കൃഷിയും, ചരിത്രവും, സിനിമയും, സംഗീതവും, മറ്റ്‌ കലകളുമെല്ലാം കൃത്യമായ സമയബോധത്തോടെ അവതരിപ്പിക്കപ്പെട്ടു. 90കളുടെ അവസാനമായപ്പോഴേക്കും ഇക്കിളിപെടുത്തുന്ന കാഴച്ച  സംസകാരത്തിലേക്കു കൂപ്പുകുത്താൻ തുടങ്ങി എന്ന് പറയാം . വായനയുടെ അത്ഭുത ലോകം അറിയാത്തവർക്ക് പോലും സീരിയൽ സൃഷ്ടിക്കാമെന്ന അവസ്ഥയിലേക്ക്  മാറ്റപ്പെട്ടു കാര്യങ്ങൾ.

റീമോർട് ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കാണുള്ളത്. പക്ഷേ അത് നമ്മുടെ യുക്തി ചിന്തക്കനുസരിച്ചാകണം എന്ന് മാത്രം. പ്രേക്ഷകർ ബുദ്ധിയും, വിവേകവും,ഉപയോഗിച്ച് തിരഞ്ഞെടുപ്പുക്കൾ നടത്തിയെങ്കിൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാൻ സാധിക്കുകയുള്ളു . ഇങ്ങനെ  പ്രതികരിക്കണമെങ്കിൽ മാധ്യമ സാക്ഷരത നേടിയ  ഒരു സമുഹത്തെ വാർത്തെടുക്കുകയാണ് വേണ്ടത്.

ഓണ്‍ലൈന്‍ പത്രങ്ങള്‍

അധാര്‍മ്മികവും ജനദ്രോഹപരവുമായ വ്യാജപ്രചരണത്തിലൂടെ സാന്പത്തികലാഭം ലക്ഷ്യമിടുന്ന വരാണ് ഓണ്‍ലൈന്‍ പത്രങ്ങള്‍. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ പലപ്പോഴും ഇത്തരം ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളുടെ കുത്സിതനീക്കങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. തങ്ങള്‍ കൂടി ഉള്‍പ്പെട്ട സംഭവങ്ങളെയും വാര്‍ത്തകളെയും വളച്ചൊടിച്ച രീതിയില്‍ അവതരിപ്പിക്കുന്നതും അക്ഷരാര്‍ത്ഥത്തില്‍ നുണകളെഴുതുന്നതും നാം കാണുന്നതാണ്. ഇത്തരം വ്യാജവാര്‍ത്തകള്‍ എഴുതി വിടുന്നവര്‍ പലപ്പോഴും മറുനാട്ടില്‍ കഴിയുന്നവരുടെ ശബ്ദമാണ് തങ്ങളെന്നും ഏതോ നാട്ടില്‍ കഴിയുന്ന മലയാളിയാണെന്നുമൊക്കെ അവകാശപ്പെടുന്നുണ്ട്. ഇവരാണ് ഈ മേഖലയിലെ ഏറ്റവും അപകടകാരികള്‍ എന്നും ഓണ്‍ലൈന്‍ വായനക്കാരായ മലയാളികള്‍ തിരിച്ചറിയണം. 

സ്വതവേ മനുഷ്യപ്രകൃതിക്ക് തിന്മയിലേക്ക് ഒരു ചായവ് ഉണ്ട് എന്ന് ആത്മീയഉറവിടങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. തിന്മയായത് കണ്ണിന് ആനന്ദകരമായി അനുഭവപ്പെട്ടതാണ് മനുഷ്യന്‍റെ ആദ്യപാപവും തുടര്‍ന്നുള്ള പതനവും എന്ന് ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു. തിന്മയെ (നുണ, അധാര്‍മ്മികത, അശ്ലീലം) നയനാനന്ദകരമായി അവതരിപ്പിക്കുന്നതിലൂടെയാണ് ഈ ഓണ്‍ലൈന്‍ പത്രങ്ങള്‍ നിലനില്‍ക്കുന്നത്. വിശ്വാസവും മതവും ഇത്തരക്കാരുടെ ഇഷ്ടവിഷയങ്ങളിലൊന്നാണ്. വിശ്വാസികളായവരെ അവഹേളിക്കുകയും വിശ്വാസികള്‍ക്ക് വിലയുള്ളതായിത്തോന്നുന്ന വിഷയങ്ങളെ മതേതര-വിശ്വാസേതര തലങ്ങളില്‍ അവഹേളനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ തലക്കെട്ടുകളോടെ ചര്‍ച്ചക്ക് വക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഓണ്‍ലൈന്‍ ലോകത്ത് നിരന്തരമായി നാം കണ്ടുകൊണ്ടിരിക്കുന്നു. 

സത്യാസത്യവിവേചനം നഷ്ടപ്പെടുന്ന തലമുറ
(നുണയെ സത്യമാക്കിയുള്ള ജീവിതം-വ്യവഹാരം-അതിജീവനം)

നേരും നെറിയുമില്ലാത്ത കച്ചവടക്കാര്‍ നടത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങളും  നുണയുടെ കച്ചവടവത്കരണവും കെട്ടുകഥകളിലൂടെ മാധ്യമധര്‍മ്മത്തെക്കുറിച്ച് നല്കുന്ന തെറ്റായ ബോധ്യങ്ങളും വളര്‍ന്നുവരുന്ന തലമുറയുടെ ധാര്‍മ്മികരൂപീകരണത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന  വിഷമാണ്. സാമൂഹ്യമാധ്യമങ്ങളെ വിരല്‍ത്തുന്പില്‍ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന തലമുറക്ക് സാവധാനം നഷ്ടപ്പെടുന്നത് സത്യത്തെ അസത്യത്തില്‍ നിന്ന് തിരിച്ചറിയാനുള്ള വിവേചനാശക്തിയായിരിക്കും.

പരിഹാരം – എതിര്‍ക്കുക, സത്യം പറയുക, ലിങ്കുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക

1. ഉദാത്തമായ പരിഹാരം ഇത്തരം കുപ്രചരണങ്ങളെ എതിര്‍ക്കുക എന്നത് തന്നെയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അവയുടെ മുതലാളിമാര്‍ക്കുമെതിരേ കേസുകള്‍ ഫയല്‍ ചെയ്യുക. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെത്തന്നെ സത്യം തുറന്നു പറയുകയും നുണകളെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുക. ആവശ്യമായ നിയമസഹായം തേടുക.

2. ഒരിക്കലും ഇത്തരം വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക. നുണകള്‍ തിരിച്ചറിയുക, സത്യം കൊണ്ട് പ്രതിരോധിക്കുക

സാമൂഹ്യമാധ്യമങ്ങളും കത്തോലിക്കാദൈവശാസ്ത്രവും  സാമൂഹ്യമാധ്യമങ്ങളില്‍ കണ്ണോടിക്കുന്പോള്‍ ക്രൈസ്തവവിശ്വാസത്തെ ഇല്ലാതാക്കുകയോ വിമര്‍ശിക്കുകയോ അതിന്‍റെ സൗന്ദര്യത്തെയും യുക്തിഭദ്രതയെയും കടന്നാക്രമിക്കുകയോ ചെയ്യുന്ന നിരവധി ശ്രമങ്ങള്‍ നാം തിരിച്ചറിയും. വെറുപ്പും വിദ്വേഷവും പരത്തുന്നതും യുക്തിരഹിതമായ ആരോപണങ്ങളില്‍ അധിഷ്ഠിതവുമായ വളച്ചൊടിച്ച ചിത്രങ്ങള്‍, വാര്‍ത്തകള്‍, തെറ്റായ വ്യാഖ്യാനങ്ങളോടെയുള്ള വീഡിയോകള്‍, എന്നിവയൊക്കെ ഇവരിലൂടെ പുറത്തുവരുന്നുണ്ട്, വ്യാപകമായി തോതില്‍ ക്രൈസ്തവരായ കുട്ടികളുടെയും യുവജനങ്ങളുടെയും ഉള്ളംകൈകളിലേക്കെത്തുന്നുമുണ്ട്. അവരെ വിശ്വാസത്തില്‍ നിന്നകറ്റുന്നുണ്ട്, അവരുടെ ധാര്‍മ്മികതയെ അപചയത്തിലേക്ക് നയിക്കുന്നുണ്ട്.

തിമോത്തെയോസിനെഴുതുന്ന ആദ്യത്തെ കത്തില്‍ അക്കാലഘട്ടത്തിലുണ്ടായിരുന്ന ചില സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വ്യാജപ്രവാചകരെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ കുറിക്കുന്ന വാക്കുകള്‍ ചിന്തനീയമാണ്. അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വാസനക്ക് വിധേയനാണവന്‍ . . . ഇതില്‍ നിന്ന് അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു. ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗമാണെന്നു കരുതുന്നവരുമായ മനുഷ്യര്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്‍റെ ഫലമത്രേ . . .” “എന്നാല്‍ ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്നെല്ലാം ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവക്കുക. വിശ്വാസത്തിന്‍റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക . . . കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കുക.”

മാധ്യമലോകം ചിലപ്പോള്‍ ക്രൈസ്തവവിശാസത്തോടും ധാര്‍മ്മികതയോടും നിസ്സംഗത പുലര്‍ത്തുകയോ ശത്രുത പോലും പുലര്‍ത്തുകയോ ചെയ്യുന്നതായി തോന്നുന്നു. ഇതിന്‍റെ ഭാഗികകാരണം, മാധ്യമസംസ്കാരം ഒരു പ്രത്യേകതരം ഉത്തരാധുനികചിന്തയില്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്നതാണ്” എന്ന് ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട് (24-ാമത് ലോക മാധ്യമദിനസന്ദേശം, 1990). ഇക്കാലഘട്ടത്തിന്‍റെ തികച്ചും വസ്തുതാപരമായ നിരീക്ഷണമാണത്.

കാലഘട്ടം ദുഷിച്ചതാണെന്നും വിശ്വാസത്തിന് മാധ്യമങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും പറഞ്ഞ് പരിതപിച്ചുകൊണ്ടിരുന്നാല്‍ അത് പരിഹാരമാവില്ല. പ്രാര്‍ത്ഥന മാത്രവും ഈ വിഷയത്തില്‍ ഉപകാരം ചെയ്യില്ല. എന്നാല്‍ ആത്മീയമായി ആഴപ്പെടുകയും പ്രാര്‍ത്ഥനയില്‍ അടിയുറച്ചുകൊണ്ട് മാധ്യമസംസ്കാരത്തിന്‍റെ സര്‍വ്വാധിപത്യപ്രവണതക്ക് മുന്പില്‍ സത്യം പറയാന്‍ ചങ്കൂറ്റം കാട്ടുകയും ചെയ്യുക എന്നത് ഈ കാലഘട്ടത്തിന്‍റെ ദൈവവിളിയാണ്

കത്തോലിക്കാവിശ്വാസത്തിന്‍റെ വ്യത്യസ്തത

കത്തോലിക്കാവിശ്വാസമനുസരിച്ച് തിരുസ്സഭ മനുഷ്യനും അവന്‍റെ മഹത്വത്തിനും (Dignity) നല്കുന്ന വില വളരെ വലുതാണ്. മനുഷ്യനെ ഉപഭോക്താവായിട്ടല്ല ദൈവത്തിന്‍റെ മകളും മകനുമായി, വ്യക്തിത്വവും ചിന്തയില്‍ സ്വാതന്ത്ര്യവും അവരില്‍ത്തന്നെ പൂര്‍ണ്ണതയുള്ളവരുമായിട്ടാണ് തിരുസ്സഭ കാണുന്നത്. ഇത് വിപണിയുടെ ചിന്തക്ക് വിരുദ്ധമാണ്. അതിനാല്‍ത്തന്നെ മത്സരത്തിലും അക്രമത്തിലും അധിഷ്ഠിതമായി ഭൗതികസാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് തിരുസ്സഭയുടെ ആത്മീയമൂല്യങ്ങള്‍ വലിയ വെല്ലുവിളിയാണ്. സഭയുടെ സംഘടിതമായ ശക്തിയും ധാര്‍മ്മികപ്രബോധനങ്ങളുടെ ആധികാരികതയും അവരെ ഭയപ്പെടുത്തുന്നുണ്ട്. മാധ്യമങ്ങളിലൂടെ പുറപ്പെടുന്ന വിശ്വാസവിരുദ്ധമായ ഭര്‍ത്സനങ്ങള്‍ക്ക് പിന്നില്‍ വിപണിയുടെ ഈ ഉള്‍ഭയത്തെ നമുക്ക് വായിച്ചെടുക്കാനാകും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കുറിക്കട്ടെ

സാമൂഹിക മാധ്യമങ്ങളിലൂടെ വിശ്വാസ വിഷയങ്ങൾ ചർച്ചാവിഷയമാക്കുമ്പോൾ സംഭവിക്കുന്ന രണ്ടു അപകടങ്ങൾ മാത്രം സൂചിപ്പിക്കാം

Sense of Sacred (വിശുദ്ധമായതിനെക്കുറിച്ചുള്ള അവബോധം) നഷ്ടപ്പെടുന്നു: ഹാസ്യത്തിന്‍റെ പുറംകുപ്പായമണിഞ്ഞ് ലളിതസുന്ദരമായി പ്രത്യക്ഷപ്പെടുന്ന ഇത്തരം കാര്യങ്ങളില്‍ പലതും കൂദാശകള്‍, വിശുദ്ധ ഗ്രന്ഥം, വിശ്വാസവിഷയങ്ങള്‍ എന്നിവയുടെ പരിശുദ്ധിയെക്കുറിച്ചുള്ള ധാരണകള്‍ ഇല്ലാതാക്കുന്നുണ്ട്. 

Sacrilege (ദൈവദോഷം) എന്ന പാപം: കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആദ്യത്തെ ന്യായപ്രമാണത്തിന് നല്കുന്ന വ്യാഖ്യാനത്തില്‍ നാം ഈ ആശയം കണ്ടുമുട്ടുന്നുണ്ട്. 2120 നന്പര്‍ പറയുന്നു, കൂദാശകളെയും ആരാധനാപരമായ മറ്റു പ്രവൃത്തികളെയും അതുപോലെ ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ട വ്യക്തികളെയും വസ്തുക്കളെയും സ്ഥലങ്ങളെയും അശുദ്ധമാക്കുന്നതും അയോഗ്യമായി കൈകാര്യം ചെയ്യുന്നതും ദൈവദോഷമാണ്. 

ട്രോളുകള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമല്ല, അവ പങ്കുവെക്കുന്നതിലും നമുക്ക് വിവേചനബുദ്ധിയുള്ളവാരാകാം. പങ്കുവെക്കുന്നവരും നിര്‍മ്മിക്കുന്നവരും ഫലത്തില്‍ ഒരേ ഗൗരവമുള്ള പ്രവൃത്തി തന്നെയാണ് ചെയ്യുന്നത്.   

അതുകൊണ്ട്, ലളിതമായിപ്പറഞ്ഞാല്‍, വിശ്വാസം വിപണിയുടെ ശത്രുവായിപ്പരിണമിച്ചിരിക്കുകയാണ്. ആന്തരികജീവിതത്തിലേക്കും അതിന്‍റെ പൂര്‍ണ്ണതയിലേക്കും സമഗ്രമായ വ്യക്തിത്വത്തിലേക്കും നിരന്തരമായി മനുഷ്യന്‍റെ ശ്രദ്ധയെ ക്ഷണിക്കുന്ന തിരുസ്സഭയും ബാഹ്യമോടികളെയും ജീവിതസൗകര്യങ്ങളുടെ പുറംപൂച്ചുകളെയും ആഡംബരജീവിതത്തിന്‍റെ ആകര്‍ഷണീയതയെയും പരിചയപ്പെടുത്തുന്ന വിപണിയും തമ്മില്‍ ഒരു ശീതയുദ്ധം നടപ്പില്‍വരുന്നുണ്ട്. ഇത് തെരുവില്‍ നടക്കുന്ന യുദ്ധമല്ല, മറിച്ച് വിരുദ്ധ താത്പര്യങ്ങള്‍ തമ്മില്‍ മനുഷ്യന്‍റെ മനസാക്ഷിക്കുമേല്‍ നടത്തുന്ന വടംവലിയാണ്. വിജയിക്കാന്‍ ഏതുമാര്‍ഗ്ഗവും ഉപയോഗിക്കാന്‍ മടിക്കാത്ത വിപണി ഇവിടെ മാധ്യമങ്ങളെ വിലക്കെടുത്തും നിഷ്പക്ഷരെ നിശബ്ദരാക്കിയും മുന്നേറിക്കൊണ്ടിരിക്കുന്നു.

Media literacy

മാധ്യമങ്ങളുടെ ഉപയോഗത്തിന് ഭവനങ്ങളില്‍ പൊതുവായ ഇടം രൂപപ്പെടുത്തുന്നത് പുതിയ ഒരു സംസ്കാരത്തിന്‍റെ രൂപീകരണത്തിന് സഹായകമായിരിക്കും. അനാവശ്യമായ കാര്യങ്ങള്‍ കാണാതിരിക്കുന്നതിനും അധികസമയം സംഭാഷണത്തിനും വിനോദത്തിനുമായി ചെലവഴിക്കാതിരിക്കുന്നതിനും അത് സഹായകമായിരിക്കും. സ്വകാര്യതകളിലും അടച്ചിട്ട മുറികളിലുമാണ് എല്ലാ ധാര്‍മ്മികനിയന്ത്രണങ്ങളുടെയും ബലം നഷ്ടപ്പെടുന്നത് എന്ന് ഇനിയെങ്കിലും നമുക്ക് തിരിച്ചറിയാം. മാധ്യമയുഗത്തില്‍ മാധ്യമസാക്ഷരതയെക്കുറിച്ച് – Media Litearacy – ഉള്ള ചിന്തകൂടി വേണം. മാധ്യമങ്ങളിലൂടെ നമ്മള്‍ കാണുന്ന സിനിമകള്‍, വാര്‍ത്തകള്‍, മറ്റ് ദൃശ്യങ്ങള്‍, ലഭിക്കുന്ന അറിവുകള്‍ എന്നിവ വിലയിരുത്താനും അതിലെ ശരിതെറ്റുകളെ കണ്ടെത്താനുമുള്ള പരിശീലനം കുട്ടികള്‍ക്ക് നല്കണം.   

മാധ്യമങ്ങളും അവയുടെ സ്ഥാപിത താത്പര്യങ്ങളും

സ്ഥാപിതമായ താത്പര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്.  കാലഘട്ടത്തിന്‍റെ പ്രത്യേകതകളും നവസാംസ്കാരികപ്രവണതകളും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വികസനസങ്കല്പവും ലൈംഗികതയുടെ അതിപ്രസരവും ഇവയുടെയെല്ലാം ഫലമായി ബന്ധങ്ങളില്‍ അനുഭപ്പെടുന്ന അരാജകത്വവും ആത്മീയജീവിതത്തില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതല്ല.

ശോഭ കെട്ട ഈ കാലത്തിന്‍റെ ഉപഭോക്താക്കളായ നാം പക്ഷേ, മനസ്സുമടുക്കാതെ വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും പ്രതിരോധം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങണം. ചോര്‍ന്നുപോകുന്ന ധാര്‍മ്മികതയെ ജീവിതത്തിലൂടെ ഉയര്‍ത്തിപ്പിടിക്കണം . . . മനുഷ്യജീവിതത്തിന്‍റെ വിശുദ്ധിയും മഹത്വവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും പരസ്പരമുള്ള ആദരവിന്‍റെയും കൂട്ടായ്മയുടെയും ചൈതന്യം വളര്‍ത്താന്‍ . . . പരിമിതികളെ അതിജീവിക്കാന്‍ . . . തുറവിയുള്ളവരാകാന്‍ . . . ആന്തരികജീവിതം (ആത്മീയജീവിതം) ഉള്ളവരാകാന്‍ നമുക്ക് പരിശ്രമിക്കാം. . . .

(By Fr Noble Thomas Parackal

ഒരു റിട്ടയര്‍ഡ് പ്രഫസറുടെ ഓര്‍മപ്പിശകുകള്‍…

Jesus protects Church

സഭയെയും സമുദായത്തെയും പ്രസംഗിച്ച് നവീകരിക്കാമന്ന് കരുതി സഭയ്‌ക്കെതിരെയും രൂപതയ്‌ക്കെതിരെയും നുണകള്‍ പറഞ്ഞ് കയ്യടിവാങ്ങാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് മാര്‍ക്കറ്റു കിട്ടുന്ന കാലമാണ് ഇത്. അങ്ങനയൊരു പ്രസംഗം പറഞ്ഞ് ആളുകളുടെ ഇടയിലേയ്ക്ക് വിഷം ചീറ്റാന്‍ ശ്രമിച്ച ഒരു മുന്‍ പ്രഫസറുടെ വാക്കുകളുടെ നിജസ്ഥിതി സാധാരണക്കാര്‍ക്ക് വ്യക്തമാക്കി കൊടുക്കേണ്ടത് ആവശ്യമാണ്. വസ്തുതകള്‍ ജനം അറിയുന്നതിനും ഇത്തരക്കാരുടെ ഉദ്ദ്യേശങ്ങള്‍ ശ്രോതാക്കള്‍ മനസിലാക്കുന്നതിനും ഈ ചര്‍ച്ചകള്‍ സഹായിക്കും.

സഭ സമ്പന്നമാണ് അതിനാല്‍ പണം കൊടുക്കരുതെന്ന് പറഞ്ഞ മൂന്നു കാരണങ്ങളും അവയുടെ മറുവശവും

1. സ്‌കൂളുകളിലെ അധ്യാപകര്‍ – അനധ്യാപകരുടെ പക്കല്‍ നിന്ന് 3 ശതമാനം രൂപത കൊണ്ടുപോകുന്നുവെന്നാണ് ഒന്നാമത്തെ വാദം. 2000 ല്‍ പരം ജീവനക്കാരുണ്ടെന്നും അവരുടെ മൂന്നുശതമാനം എന്നത് വലിയ തുകയാണെന്നും കണ്ടെത്തിയിരിക്കുന്നത് അത്ഭുതകരം തന്നെ. 1000 നടത്ത് ജീവനക്കാര്‍ മാത്രമേ സര്‍ക്കാര്‍ കണക്കില്‍ രൂപതയുടെ മാനേജ് മെന്റിലുള്ളൂ.  അതില്‍തന്നെ ശമ്പളം കിട്ടിയിട്ടില്ലാത്തതും ജോലി പാസാകാത്തവരുമായ ജീവനക്കാരുമുണ്ട്. (exact number is 908) മലയാളം പഠിപ്പിക്കുന്ന സാറന്മാര്‍ കണക്കുപഠിപ്പിക്കാന്‍ പോയാല്‍ കണക്കു തെറ്റും, സോഭാവികം.

ഈ മൂന്നു ശതമാനം കൊണ്ടുപോകുന്നത് ബിഷപ്പ്‌സ് ഹൗസിലേയക്കാണെന്ന് കണ്ടത്തിയത് മ്യാരകം. പിന്നെ ഏത് മലയാള അധ്യാപകനും അല്‍പം ഭാവന ഉപയോഗിക്കും തെറ്റുപറയാനാവില്ല. അത് ദുഷ്ടലാക്കോടുകൂടെയാവുന്നതിന് പിന്നിലെ കാര്യം ചിന്തിക്കണമല്ലോ. മൂന്നു ശതമാനത്തിന്റെ പകുതി (ഒന്നര ശതമാനം) അതിരൂപതയുടെ കോര്‍പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള അക്കൗണ്ടിലേയ്ക്ക് പോകുന്നുള്ളു. സ്‌കൂളുകളുടെ നവീകരണാവശ്യത്തിന് ആവശ്യാനുസരണം അധ്യാപകരും അനധ്യാപകരും കൂടി ഉള്‍പെട്ട സമിതി അത് വിതരണം ചെയ്യുകയാണ്. അടുത്ത ഒന്നര ശതമാനം, അതാത് സ്‌കൂളുകളുടെ ആവശ്യത്തിനുവേണ്ടി ലോക്കല്‍ മാനേജരുടെ അറിവോടെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ സമിതി അവിടെത്തന്നെ ചെലവാക്കുകയാണ്. ഒരു രൂപാ പോലും രൂപതാ കണക്കിലേയ്ക്ക് പോകുന്നില്ല അത് രൂപത കൊണ്ടുപോകുന്നുവെന്ന് പറയുന്നത് കളവാണ്.

2. കോളേജുകളില്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അധ്യാപകരുടെ ഭാഗത്തുനിന്ന് ഇപ്രകാരമൊരു സംഭാവന നല്‍കപ്പെടുന്നില്ല. കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും വികസനത്തിന് സാധാരണക്കാരായ ജനത്തിന്റെ പക്കല്‍നിന്ന് രൂപാ പിരിക്കേണ്ടതുണ്ടോ? തങ്ങളുടെ ഭാഗത്തുനിന്നും ഒരു ചെറിയ സംഭാവനയെങ്കിലും കോളേജിനുവേണ്ടി നല്‍കാന്‍ ജീവനക്കാര്‍ തയ്യാറാകേണ്ടതില്ലേ? മുന്‍കാലങ്ങളില്‍ അവിടെ ജോലിചെയ്തു വേതനവും പെന്‍ഷനും മേടിക്കുന്നവര്‍ കോളേജിന് തങ്ങളുടെ ചെറിയ ഒരു സഹായമെങ്കിലും സ്ഥിരമായി കൊടുക്കുന്ന പാരമ്പര്യം സൃഷ്ടിച്ചിരുന്നെങ്കില്‍ ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിലും എത്രയോ മെച്ചമാക്കാമായിരുന്നു. അവകാശങ്ങളെക്കുറിച്ച് മാത്രം പറയുന്നവര്‍ റിട്ടയര്‍മെന്റ് കാലത്ത് ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഓര്‍ക്കാന്‍ സാധ്യതയില്ലല്ലോ. കോളേജില്‍ ജോലിചെയ്യുന്ന പുതുതലമുറ കോളേജിന്റെ വികസനത്തിന് വേണ്ടി സഹകരിക്കാന്‍ തയ്യാറാകുന്നുണ്ടെന്ന് മാത്രമല്ല, യോഗ്യതയോടെ നിയമിക്കപ്പെടുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കോളേജിന്റെ നിലവാരം കൂടുതല്‍ ഉയരുന്നുമുണ്ട്.

എന്നിരുന്നാലും സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മൂന്നു ശതമാനം നീക്കിവയ്ക്കാന്‍ തയ്യാറാകുന്ന ജീവനക്കാരെപ്പോലെ, കോളേജ് ജീവനക്കാരും ഒരു നിശ്ചിത ശതമാനം നീക്കിവയ്ക്കുവാന്‍ തയ്യാറാകുന്നുവെങ്കില്‍ അത് കൂടുതല്‍ നല്ലതാണ്. അപ്രകാരമൊരു നിലപാടിലേയ്ക്ക് എത്തുന്നതിന് ഈ ചര്‍ച്ചകള്‍ സഹായിക്കട്ടെ.

3. ഓരോ ഇടവകയും അരമനയിലേയ്ക്ക് ലക്ഷങ്ങള്‍ ഭദ്രാസനഫീസ് അടയ്ക്കുന്നുവെന്ന കണ്ടത്തലും അതുവഴി അരമനയില്‍ കോടികള്‍ ലഭിക്കുന്നുവെന്ന് പറയാനും അസാമാന്യ ധൈര്യം തന്നെ വേണം. കോട്ടയം രൂപതയില്‍ ആകെ 14 ഫൊറോനകളും 148 പള്ളികളുമാണുള്ളത്. സാമ്പത്തിക ഭദ്രതയുള്ള കുറച്ചുപള്ളികളും സാമ്പത്തിക സുരക്ഷിതത്വമില്ലാത്ത മലബാര്‍ ഹയറേഞ്ച് മലങ്കരമേഖലയിലെ അനേകം പള്ളികളും നമുക്കുണ്ട്. ബാക്കിയുള്ളവ ആവറേജ് വരുമാനമുള്ള പള്ളികളാണ്.

എന്നാല്‍ ഏറ്റവും ദരിദ്രപള്ളി 485 വീടുകളുള്ള എസ് എച്ച് മൗണ്ട് പള്ളിയാണെന്ന് പറയുന്നതിന് ചെറുതല്ലാത്ത ദുഷ്ടലാക്കുണ്ട്. മലബാറിലും ഹയറേഞ്ചിലും മലങ്കരമേഖലയിലും ഭദ്രാസനഫീസ് നല്‍കാത്ത പള്ളികളും നാമമാത്ര ഫീസ് നല്‍കുന്ന അനേകം പള്ളികളുമുണ്ട്. രൂപതയുടെ ഡിറക്ടറി എടുത്തു നോക്കിയാല്‍ ആളുകളുടെ എണ്ണം കുറവുള്ള പള്ളികളുടെ ലിസ്റ്റ് ലഭിക്കും. വരുമാനം കുറവുള്ള പള്ളികളില്‍ വികാരിമാരുടെ പ്രതിഫലം പൂര്‍ണമായോ ഭാഗിമായോ അരമനയില്‍നിന്നാണ് നല്‍കുന്നത്. കൂടാതെ, അതിരുപതയുടെ വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍, ഫൊറോന തല പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതും ഈ ഫീസില്‍നിന്നാണ്. അതാതു വര്‍ഷത്തെ വരവു ചിലവുകള്‍ രൂപതാതലത്തിലും സര്‍ക്കാര്‍ തലത്തിലും പരിശോധിക്കുകയും അവയുടെ റിട്ടേണുകള്‍ (അക്കൗണ്ട്) പാസ്റ്ററല്‍ കൗണ്‍സിലിലും പ്രസ്ബിറ്ററല്‍ കൗണ്‍സിലിലും അവതരിപ്പിക്കുന്നുമുണ്ട്. കേള്‍വിക്കാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി കവലപ്രസംഗങ്ങള്‍ നടത്തുന്നവരുടെ ആധികാരികത മാത്രമേ തനിക്കുള്ളൂവെന്ന് പ്രസംഗകന്‍ വ്യക്തമാക്കുകയാണ് ഇവിടെ.

കൂടാതെ, ബിഷപ്പ് ഫ്രാങ്കോ ഹോട്ടലില്‍ വന്‍തുക മുടക്കി മുറിയെടുത്തുവെന്നും അവിടെനിന്ന് (പഞ്ചാബിൽ) കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തുവെന്നും യാതൊരു തെളിവുകളുമില്ലാതെ വിളിച്ചുപറഞ്ഞത് ക്രിസ്റ്റൈന്‍ ടൈംസ് എന്ന യൂടൂബ് ചാനല്‍ ഖണ്ഡിച്ചിട്ടുണ്ട്. (see the link

പക്ഷേ സഭയിലെല്ലാം അഴിമതിയാണ്. സാമ്പത്തിക ക്രമക്കേടാണ് അതുകൊണ്ട് തന്റെയും കൂടെയുള്ളവരുടെയും വിശ്വാസം പോയിയെന്ന് പരിതപിക്കുന്നവര്‍ വായിക്കേണ്ട ഒരു കവിത ചുവടെ ചേര്‍ക്കാം.

കാര്‍ലോ കരേത്തോ (Carlo Carretto) എന്ന ഇറ്റാലിയന്‍ സഭാ സ്‌നേഹിയുടേതാണ് ഈ കത്ത്. ദാരിദ്ര്യത്തിന്റെ പാത വിട്ട് സഭ പണക്കാരുടെ കൂട്ടുകൂടിയെന്നും, സഭയില്‍ അരാജകത്വവും അശുദ്ധിയുമാണെന്ന് പറഞ്ഞ് സഭ വിട്ടുപോകന്നവരെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്. ഈ മനോഭാവത്തിലൂടെ താനും പണ്ട് കടന്നു പോയതാണെന്നും ഈ സഭ തകര്‍ത്ത് പുതിയ സഭയുണ്ടാക്കാന്‍ നോക്കിയതാണെന്നും അതൊന്നും ക്രിസ്തുവിന്റെ സഭയായി മാറിയില്ലായെന്നും കാര്‍ലോ പറയുന്നു. അവിടെയും ഞാന്‍ കണ്ട കുറവുകളുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ സഭ കുറവുകളുണ്ടെങ്കിലും മുന്നോട്ടു പോകും.
സഭയ്‌ക്കൊരു പ്രേമലേഖനമെന്ന നിലയില്‍ 1987 ല്‍ എഴുതപ്പെട്ട വിഖ്യാതമായ ഈ കവിത ഇന്നും പ്രസക്തമാണ്. (http://www.marighella.it/scarica/carlo_carretto.pdf)

പത്രോസേ നീ പാറയാകുന്നു. ഈ പാറമേല്‍ …..

അല്ലയോ തിരുസഭേ,

എത്രമാത്രം വിവാദവതിയാണ് നീ. എങ്കിലും എത്രമാത്രം നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. എത്രമാത്രം നീ എന്നെ വേദനിപ്പിച്ചു, എങ്കിലും എത്രമാത്രം നിന്നോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.
നീ തകര്‍ന്നടിയുന്നതു കാണാന്‍ ഞാന്‍ എത്രപ്രവശ്യം ആഗ്രഹിച്ചു. എങ്കിലും എനിക്ക് നിന്റെ സാന്നിധ്യം എത്രയോ ആവശ്യമാണ്.
എന്തുമാത്രം ഉതപ്പ് നീ എനിക്ക് നല്‍കി…. പക്ഷേ വിശുദ്ധി എന്താണെന്നും നീ എനിക്ക് കാണിച്ചു തന്നു.
അത്രമാത്രം നിഗൂഡത്വവും അവിശുദ്ധ കൂട്ടുകെട്ടും ഘടകവിരുദ്ധതയും നിന്നിലല്ലാതെ ലോകത്തില്‍, വേറെങ്ങും കണ്ടിട്ടില്ല; പക്ഷേ ഇത്രമാത്രം പരിശുദ്ധിയും മഹാമനസ്‌കതയും സൗന്ദര്യവും നിന്നില്‍ മാത്രം.
എന്റെ ആത്മാവിന്റെ വാതിലും അടച്ച് നിന്നെ പുറത്താക്കാന്‍ എത്രപ്രാവശ്യം ഉറച്ചു; പക്ഷേ, നിന്റെ കരങ്ങളില്‍ കിടന്ന് മരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇല്ല, നിന്നില്‍ നിന്നും സ്വതന്ത്രനാകുവാന്‍ എനിക്ക് സാധിക്കില്ല. കാരണം ഞാന്‍ നീ തന്നെയാണ്, പൂര്‍ണ്ണമായിട്ടല്ലെങ്കിലും.

ഞാന്‍ നിന്നെ വിട്ട് എങ്ങോട്ട് പോകാന്‍? പുതിയ ഒരു സഭ ഉണ്ടാക്കാനോ?
നിന്നില്‍ കാണുന്ന കുറവുകള്‍ ഇല്ലാത്ത ഒരു സഭയോ? സാധ്യമല്ല. കാരണം നിന്റെ കുറവുകള്‍ എന്റെ ഉള്ളിലുണ്ട്. ഇനി അങ്ങനെയൊന്ന് ഉണ്ടാക്കിയാല്‍ തന്നെ അത് എന്റെ സഭയാണ്. ക്രിസ്തുവിന്റേതല്ല.

ഞാന്‍ മറ്റുള്ളവരെക്കാള്‍ മിടുക്കനല്ലന്ന് മനസ്സിലാക്കാന്‍ മാത്രം പ്രായം എനിക്കായി. ഇക്കഴിഞ്ഞ ഒരുദിവസം ഒരു സുഹൃത്ത് ഒരു പത്രത്തിനെഴുതി: സഭയെ ഞാന്‍ ഉപേക്ഷിച്ചു. കാരണം സമ്പന്നരോടുള്ള കൂട്ടുകെട്ടുമൂലം അതിന്റെ ആധികാരികത നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് അദ്ദേഹത്തോട് ദയ തോന്നുന്നു. ഒന്നുകില്‍ അനുഭവസമ്പത്തില്ലാത്ത ഒരു വൈകാരികതായാവാം; അത് ക്ഷമിക്കാം. അല്ലെങ്കില്‍ മറ്റുള്ളവരെക്കാള്‍ മിടുക്കനാണെന്നു കരുതുന്ന ഒരു അഭിമാനിയാവാം. നാമാരും പൂര്‍ണമായ ആധികാരികതയുള്ളവരല്ല; കാരണം, നാമെല്ലാം (പാപകരമായ) ഈ ലോകത്ത് ജീവിക്കുന്നവരല്ലേ?
…..

സഭയുടെ മേന്മയും വീഴ്ചകളും
ഇവിടെയാണ് മനുഷ്യരാല്‍ ഒരിക്കലും പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കാത്ത ക്രിസ്തുവിന്റെ സഭയുടെ ആ രഹസ്യം.
അതിലെ ആദ്യ അംഗം മുതല്‍ അവസാന അംഗം വരെ പാപികളും കൊടും പാപികളാണെങ്കിലും ആ സഭയ്ക്ക് എന്നെ വിശുദ്ധീകരിക്കാനുള്ള ശക്തിയുണ്ട്;
അതിലെ അംഗങ്ങള്‍ ബലഹീനരും ഇരുട്ടില്‍ തപ്പുന്നവരും ഓരോ ദിവസവും വിശ്വാസം നിലനിര്‍ത്താന്‍ പ്രലോഭനങ്ങള്‍ക്കെതിരെ പോരാടുന്നവരാണെങ്കിലും ആ സഭയ്ക്ക് വി. കുര്‍ബാനായാല്‍ നവീകരിക്കപ്പെടുന്ന അതിശക്തവും അപാരാജിതവുമായ വിശ്വാസമുണ്ട്.
അവള്‍ വഹിക്കുന്നത് വളരെ തെളിഞ്ഞ ഒരു സന്ദേശമാണ്; അത് വിതയ്ക്കപ്പെടുന്നത് മലിനമായ ഒരു പ്രതലത്തിലാണ്. കാരണം ലോകം തന്നെ മലിനമാണ്.
അവള്‍ പ്രഘോഷിക്കുന്നത് അവളുടെ ഗുരുവിന്റെ സ്‌നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും സന്ദേശമാണ്. പക്ഷേ ചരിത്രത്തില്‍ സൈന്യത്താല്‍ അവിശ്വാസികളെ ആക്രമിക്കാനും പാഷാണ്ഡികളെ ദേഹോദ്രമേല്‍പിക്കാനും അവള്‍ മറന്നില്ല.
കര്‍ത്താവിന്റെ ദാരിദ്ര്യത്തിന്റെ സന്ദേശം കൊണ്ടുവരുമ്പോഴും സമ്പത്തുണ്ടാക്കാനും സമ്പന്നരുമായി കൂട്ടുകൂടാനും അവള്‍ ശ്രമിച്ചു.
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ അടിമുടി മാറ്റിയ മറ്റൊരു സഭയെ സ്വപ്നം കാണുന്നവര്‍ തങ്ങളുടെ സമയം പാഴാക്കുന്നു. എന്നു മാത്രമല്ല, മനുഷ്യന്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ പരാജിതിനുമായി തീരുന്നു.
…..

ഒരു വഞ്ചകന്റെ ശവകൂടീരത്തിലാണ് സഭയുടെ അടിസ്ഥാനം

എന്തുകൊണ്ടാണ് തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ തന്റെ പിന്‍ഗാമിയായും ആദ്യ പാപ്പയുമായി ഈശോ നിയമിച്ചതെന്ന് എന്റെ യൗവനത്തില്‍ എനിക്ക് മനസിലായിരുന്നില്ല? ഇപ്പോള്‍ അത് എന്നെ അതിശയിപ്പിക്കുന്നില്ല. മറിച്ച് ഓരോ ദിവസവും ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നു… ഒരു വഞ്ചകന്റെ ശവകൂടീരത്തിലാണ് സഭയുടെ അടിസ്ഥാനം… ഒരു വേലക്കാരിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ ഒരു മനുഷ്യന്‍..
അതൊരു മുന്നറിപ്പായിരുന്നു.  സഭഗാത്രത്തിലെ ഓരോ അംഗത്തിലൂടെയും തുടരുന്ന ബലഹീനതകളെക്കുറിച്ചും കുറവുകളെക്കുറിച്ചുമുള്ള മുന്നറിയിപ്പ്.

ഇല്ല, ഇത്രയും ബലഹീനമായ ഈ സഭവിട്ട് ഞാന്‍ ഒരിടത്തേയ്ക്കും പോകില്ല. കാരണം ഞാന്‍ ഉണ്ടാക്കുന്ന സഭ ഇതിലു ബലഹീനമായിരിക്കും.
പിന്നെ കല്ലുകളാണോ അതോ കല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സിമിന്റാണോ പ്രാധാന്യം. ആ സിമിന്റാകുന്ന പരിശുദ്ധാത്മാവിന് നമ്മെ യോജിപ്പിച്ച് നിര്‍ത്താനാകും. പരസ്പരം അകലാനുള്ള അഹങ്കാരത്തിന്റെ ശക്തി നമ്മില്‍ ഉണ്ടെങ്കില്‍ പോലും…
ഈ പുതിയ ഹൃദയങ്ങളെ സൃഷ്ടിക്കുന്ന കര്‍ത്താവിന്റെ സഭയില്‍ നിന്നും ആരെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
അതുമല്ലെങ്കില്‍ മറ്റൊരു സുരക്ഷിത സ്ഥലം കണ്ടെത്തി നിങ്ങള്‍ക്ക് ലഭിക്കാവുന്നതിനെ വേണ്ടന്നു വയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? (കാര്‍ലോ കര്‍ലേത്തോ)

Fr Mathew Kochadampallil

Who made Syrian Christians of Malabar Catholics? Alias Orthodoxy of St Thomas Christians (continuation…)

Fr. Mathew Kochadampallil

Vatican-persian church

കേരളത്തിലെ സുറിയാനി സഭ എന്നായിരുന്നു കത്തോലിക്കരായി തീര്‍ന്നത്? ക്‌നാനായക്കാര്‍ മുമ്പ് യാക്കോബായക്കാരായിരുന്നുവോ? 

(തുടർച്ച….2)

മാര്‍ യോഹന്നാന്‍ സുലാഖാ പാത്രിയര്‍ക്കീസും മാര്‍പാപ്പയും

മാര്‍ ശെമയോന്‍ ആറാമന് ശേഷം മാര്‍ ശെമയോന്‍ ബര്‍ മാമ ഏഴാമനാണ് പൗരസ്ത്യ സുറിയാനി സഭയെ നയിച്ച പാത്രിയര്‍ക്കീസ്. 1538 മുതല്‍ 1551 വരെയായിരുന്നു അദ്ദേഹത്തിന്റെ  കാലം. ശെമയോന്‍ ഏഴാമന്‍ സ്വജനപക്ഷാപാതം കാണിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബ പിന്തുടര്‍ച്ചയിലൂടെ (ബര്‍മാമ കുടുംബം) അദ്ദേഹത്തിന്റെ മരുമകനായ ശെമയോന്‍ എട്ടാമന്‍  അധികാരത്തില്‍ വരാന്‍ ഇടയാക്കിയെന്നതുമായിരുന്നു അവിടെ ഉണ്ടായ ആക്ഷേപം. 1552 ല്‍ കുറച്ച് മെത്രാന്മാരും വൈദികരും (ക്ലെരിക്‌സ്) ജനങ്ങളും ചേര്‍ന്ന് മാര്‍ യോഹന്നാന്‍ ശെമയോന്‍ സുലാഖയെന്ന സന്യാസിയെ കാതോലിക്കായായി തെരെഞ്ഞെടുക്കുകയും റോമിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.

മാര്‍ സുലാഖയും റോമും
സുലാഖ റോമയിലെ ജൂലിയസ് മൂന്നാമന്‍ മാര്‍പാപ്പ മുമ്പാകെ തന്റെ വിശ്വാസപ്രഖ്യാപനം 15 ഫെബ്രുവരി 1553 ല്‍ നടത്തുകയുണ്ടായി. മാര്‍ യോഹന്നാന്‍ സുലാഖയെ മാര്‍പാപ്പ  പാത്രിയര്‍ക്കീസ് ആയി അംഗീകരിക്കുകയും 25 ഏപ്രില്‍ 1553 ന് പാലിയം (മെത്രാപ്പോലീത്താമാര്‍ക്കും ഉയര്‍ന്ന തലത്തിലുള്ള പ്രിലേറ്റ്മാര്‍ക്കും റോമന്‍ ക്രമത്തില്‍ നല്‍കപ്പെടുന്ന ഔദ്യോഗിക വസ്ത്രം) നല്‍കി. (കല്‍ദായ കത്തോലിക്കാ സഭയെന്ന് നിയതാര്‍ത്ഥത്തില്‍ ഈ നടപടിയെ (സഭയെ) വിളിക്കാം).

കേരളസഭയുമായുള്ള ബന്ധം
മാര്‍ യാക്കോബിന്റെ മരണശേഷം (1552) മലബാറിലെ (കേരളത്തിലെ) സഭയില്‍ മെത്രാന്മാരില്ലായിരുന്നു. അതുകൊണ്ട്, പൗരസ്ത്യ സുറിയാനി സഭയില്‍ നിന്ന് മെത്രാന്മാരെ അയയക്കുവാന്‍ തീരുമാനിക്കപ്പെട്ടു. അപ്പോഴുള്ള പ്രശ്‌നം, അവിടുത്തെ സഭ രണ്ടു തട്ടിലാണ് എന്നതായിരുന്നു. ബര്‍മാമ്മയുടെ പാരമ്പര്യത്തിലുള്ള അസീറിയന്‍ സഭയും റോമ്മാ സഭയോട് ബന്ധം പുതുക്കിയ കല്‍ദായ സഭയും. രണ്ടുസഭയും മെത്രാന്മാരെ മലബാറിലെ സഭയിലേയ്ക്ക് അയച്ചു

മാര്‍ അബ്രാഹവും (1556) മാര്‍ യൗസേപ്പും (1557)
കേരളത്തിലെയ്ക്ക് ആദ്യം എത്തിയത് മാര്‍ ശെമയോന്‍ എട്ടാമന്റെ കീഴിലുളള പരമ്പരാഗത സഭ (നെസ്‌തോറിയന്‍/അസീറിയന്‍) അയച്ച മാര്‍ അബ്രാഹം മെത്രാനായിരുന്നു. മാര്‍ അബ്രാഹമെന്ന മെത്രാന്‍ കേരളത്തിലെത്തിയത് 1556 ലായിരുന്നു. എന്നാൽ, കല്‍ദായ സഭയില്‍ നിന്ന് അയച്ച മാര്‍ യൗസേപ്പ്  കേരളത്തിലെത്തിയത് 1557 ലായിരുന്നത്രെ.

മാര്‍ യൗസേപ്പ് ആരായിരുന്നു? ജൂലിയസ് മാര്‍പ്പായുടെ പക്കല്‍നിന്ന് പാലിയം സ്വീകരിച്ചയാളും മാര്‍പ്പാപ്പയാല്‍ അംഗീകരിക്കപ്പെട്ടയാളുമായ മാര്‍ യോഹന്നാന്‍ സുലാഖ പാത്രിയര്‍ക്കീസിന്റെ സഹോദരനായിരുന്നു അദ്ദേഹം. മാര്‍ അബ്രാഹം 1558 ആഗസ്റ്റില്‍ കൊച്ചിയില്‍വച്ച് കത്തോലിക്കാ വിശ്വാസം പ്രഖ്യാപിച്ചു. പക്ഷേ മാര്‍ അബ്രാഹത്തെ പോര്‍ച്ചുഗീസുകാര്‍ റോമിലേയ്ക്ക് അയച്ചു. പീയുസ് നാലാമന്‍ പാപ്പയുടെ മുമ്പില്‍ ഒരിക്കല്‍കൂടി വിശ്വാസം പ്രഖ്യാപനം ചെയ്ത മാര്‍ അബ്രാഹത്തെ മാര്‍പാപ്പ അങ്കമാലിയുടെ മെത്രാപ്പോലിത്ത എന്ന് സ്ഥിരപ്പെടുത്തി. ഈ മാര്‍ അബ്രാഹമാണ് ഇപ്പോഴുള്ള കടുത്തുരുത്തി വലിയ പള്ളി കൂദാശ ചെയ്തത്.

ഇതില്‍നിന്നും 1599 ന് മുമ്പേ കേരള സഭയ്ക്ക് റോമസഭയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ കത്തോലിക്ക വിശ്വാസത്തിലായിരുന്നുവെന്നും വ്യക്തമാണല്ലോ. അപ്പോള്‍ ഉദയംപേരൂര്‍ സൂനഹദോസില്‍ സംഭവിച്ചതെന്തായിരുന്നു? ഇത് മര്‍ത്തോമ്മ ക്രിസ്ത്യാനികളെ കത്തോലിക്കരാക്കിയെന്നതല്ല മറിച്ച്, സഭയെ പോര്‍ച്ചുഗീസ് മിഷനറിമാര്‍ക്ക് ആധിപത്യമുള്ള പദ്രുവാദോ അധികാരത്തിന്‍ കീഴിലാക്കുന്നതിനുള്ള ശ്രമമായിരുന്നു. അതിന് സുറിയാനി ബന്ധം ഇല്ലാതാക്കണം. കേരളസഭ നെസ്‌തോറിയന്‍ പാഷണ്‍ണ്ടതയിലായിരുന്നുവെന്നും അതില്‍നിന്ന് അവരെ വിടുവിച്ച് കത്തോലിക്കരാക്കിയത് തങ്ങളാണെന്നുമുള്ള വാദമാണ് അവര്‍ ഉന്നയിച്ചത്. കൂടാതെ, പേര്‍ഷ്യന്‍ സഭയില്‍നിന്ന് കേരളസഭയിലേയ്ക്ക് മെത്രാന്മാര്‍ വരാതിരിക്കണം. ഈ ലക്ഷ്യത്തിനുവേണ്ടിയാണ് പേര്‍ച്ചുഗീസ് രാജാവിന്റെ അനുമതിയുള്ള മെത്രാനെ മാത്രമേ സ്വീകരിക്കാവൂ എന്നു തീരുമാനമാക്കിയത്. ഉദയംപേരൂര്‍ സൂനഹദോസ് കേരളസഭയെ പോര്‍ച്ചുഗീസ് പദ്രുവാദോ ഭരണത്തിന്‍ കീഴാക്കാന്‍ ഉതകുന്ന അനേകം തീരുമാനങ്ങള്‍ ഉണ്ടാക്കി. ഇതിനര്‍ത്ഥം നാം മുമ്പ് കത്തോലിക്കാ വിശ്വാസത്തിലല്ലായിരുന്നു എന്നല്ല.

(കേരളത്തിലെ യാക്കോബായ സാന്നിധ്യത്തെക്കുറിച്ച് ഇനി ചിന്തിക്കാം).

 

രൂപതാതലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന യോഗങ്ങളില്‍ മെത്രാന്‍ തീരുമാനിക്കുന്നവര്‍ മാത്രമല്ലെ അംഗങ്ങള്‍?

ഈ ചോദ്യത്തിന് സഭാനിയമങ്ങള്‍ തന്നെ ഉത്തരം നല്കുന്നുണ്ട്. മെത്രാന്‍ ഏകപക്ഷീയമായി ആരെയും ഒരു സമിതിയിലും നിയമിക്കുന്നില്ല. രൂപതാ ആലോചനാസമിതിയോട് ആലോചിച്ചിട്ടാണ് ഒട്ടുമിക്ക നിയമനങ്ങളും നടത്തുന്നത്. ആലോചനാസമിതിയിലെ അംഗങ്ങളെ രൂപതാ വൈദികസമിതിയില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്. ആവശ്യമായ ആലോചനകള്‍ക്ക് ശേഷം മെത്രാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരും അതില്‍ ഉണ്ടാകും. വൈദികസമിതിയെ ആകട്ടെ രൂപതയിലെ വൈദികരാണ് സമിതിയുടെ നിയമാവലി അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുന്നത്. രൂപതയുടെ സാമ്പത്തിക കാര്യങ്ങള്‍ അവയുടെ പ്രാധാന്യത്തെ അടിസ്ഥാനപ്പെടുത്തി കൂരിയാ അംഗങ്ങള്‍, ആലോചനാസമിതി, സാമ്പത്തികകാര്യസമിതി, വൈദികസമിതി, വൈദികസമ്മേളനം, പാസ്റ്ററല്‍ കൗണ്‍സില്‍, തുടങ്ങിയവയോട് നിയമം ആവശ്യപ്പെടുന്ന രീതിയില്‍ ആലോചിച്ചിട്ടാണ് കൈകാര്യം ചെയ്യുന്നത്. മെത്രാന്‍ നേരിട്ടല്ല താനും അത് ചെയ്യുന്നത്. രൂപതയുടെ സാമ്പത്തികകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രൊക്യുറേറ്റര്‍ വഴിയാണ് അതെല്ലാം ചെയ്യുന്നത്.

Source: Mar Jose Porunnedam (Fb and whatsapp)

സഭാധികാരികളെല്ലാം ആഢംബര ജീവിതം നയിക്കുന്നു. ഇത് മുഴുവന്‍ നേര്‍ച്ചപ്പണമല്ലെ?

ആദ്യമായി ചിന്തിക്കേണ്ടത് ആരൊക്കെയാണ് സഭാധികാരികള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്ന് മനസ്സിലാക്കുകയാണ്. മാര്‍പാപ്പ, മെത്രാന്മാര്‍, വൈദികര്‍ എന്നിവരായിരിക്കാം സഭാധികാരികള്‍ എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് എന്ന് ഞാന്‍ ചിന്തിക്കുന്നു. ചിലപ്പോള്‍ സന്യാസസഭാധികാരികളുമാകാം എന്ന് വേണമെങ്കില്‍ പറയാം. അവരില്‍ ചിലര്‍ ആഢംബരജീവിതം നയിക്കുന്നവരാകാം. അതുകൊണ്ട്എല്ലാവരും എന്ന് പറയാന്‍ പറ്റുമോ? ഇനി ആഡംബരജീവിതം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? എത്ര ദരിദ്രസാഹചര്യങ്ങളില്‍ നിന്ന് വരുന്ന വ്യക്തിയാണെങ്കിലും ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആയാല്‍ അദ്ദേഹത്തിന് താമസിക്കാനും യാത്രചെയ്യാനും സുരക്ഷാകാര്യങ്ങള്‍ നോക്കാനും മറ്റുമായി ധാരാളം ആളുകളും സൌകര്യങ്ങളുണ്ടായിരിക്കും. അത് അവരാരും പറഞ്ഞിട്ടാകണമെന്നുമില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം തന്നെ ഏറ്റവും നല്ല ഉദാഹരണം. രാജ്യത്തെ പൌരന്മാരുടെ ജീവിതനിലവാരം വച്ചു നോക്കുമ്പോള്‍ തീര്‍ച്ചയായും അത് ആഡംബരം തന്നെയായിരിക്കും. അപ്പോള്‍ ജനങ്ങള്‍ക്ക് പറയാം അവര്‍ ഞങ്ങളുടെ നികുതിപ്പണം കൊണ്ട് ആഡംബരജീവിതം നയിക്കുന്നെന്ന്. സഭാധികാരികളുടെ കാര്യത്തിലും എതാണ്ട് ഇതൊക്കെത്തന്നെയാണ് സ്ഥിതി. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാക്ക് നീന്താന്‍ അദ്ദേഹത്തിന്‍റെ വേനല്‍ക്കാല വസതിയുടെ സമീപത്ത് ഒരു നീന്തല്‍ക്കുളം നിര്‍മ്മിച്ചതിനെപ്പറ്റി അക്കാലത്ത് വലിയ വിമര്‍ശനം ഉയര്‍ന്നു . അപ്പോള്‍ അദ്ദേഹം പറഞ്ഞതിതാണ്: വിമര്‍ശിക്കുന്നവര്‍ ചിന്തിച്ചു നോക്കുക. ഒരു നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതാണൊ ഉടനെ തന്നെ ഒരു കോണ്‍ക്ലേവ് നടത്തുന്നതാണൊ സാമ്പത്തികമായി ലാഭകരമെന്ന്.

സാധാരണയായി പ്രധാനപ്പെട്ട അതിഥികള്‍ വരുമ്പോള്‍ വലിയ സദ്യ ഒരുക്കുക എന്നത് നമ്മുടെ പതിവാണ്. അതിനവര്‍ ഉത്തരവാദികളല്ലല്ലൊ. അപ്പോള്‍ അവര്‍ ആഡംബര ഭക്ഷണം കഴിക്കുന്നു എന്ന് വേണമെങ്കില്‍ ആരോപിക്കാം. അവര്‍ ഉപയോഗിക്കുന്ന വാഹനം ആഡംബര വാഹനമാണെന്ന് ആരോപിക്കപ്പെടുന്നത് സര്‍വ്വസാധാരണമാണ്. ജിവിതത്തില്‍ വേഗതയും തെരക്കും വര്‍ദ്ധിച്ച സാഹചര്യത്തില്‍ വളരെയധികം ഉത്തരവാദിത്വങ്ങള്‍ പല സ്ഥലത്തായി നിര്‍വ്വഹിക്കേണ്ടവരാണ് സഭാനേതൃത്വത്തിലുള്ളവര്‍. വളരെ ദൂരം യാത്ര ചെയ്ത് ചെന്ന് രണ്ടും മൂന്നും മണിക്കൂറുകള്‍ നീളുന്ന പരിപാടികളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കേണ്ടവര്‍ ആരോഗ്യത്തിന് ഹാനികരമാകാതെയും കൃത്യനിഷ്ഠപാലിച്ചും അവ ചെയ്യണമെങ്കില്‍ അതിനനുസരിച്ചുള്ള യാത്രാസൌകര്യങ്ങളും വേണ്ടി വരും. അതില്‍ തന്നെ മിതത്വം പാലിക്കണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

സഭാനേതൃത്വത്തിലുള്ളവരുടെ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന് വേണ്ടി വരുന്ന ചെലവുകള്‍ സഭയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ പൊതുഫണ്ടില്‍ നിന്നാണ് ചെലവാക്കുന്നത്. ആ പണം എങ്ങനെ ഉണ്ടാകുന്നു എന്ന് മുമ്പ് പറഞ്ഞു കഴിഞ്ഞു. അതെല്ലാം നേര്‍ച്ചപ്പണമല്ല എന്ന് അതില്‍ നിന്ന് വ്യക്തമാണ്.

Source: Mar Jose Porunnedam (Fb and whatsapp)