literacy. vigilence

മാധ്യമങ്ങളുടെ അജണ്ടയും നാം പുലർത്തേണ്ട ജാഗ്രതയും

media 5

ആമുഖം

90കളുടെ ആരംഭത്തിൽ തന്നെ ദൃശ്യ മാധ്യമ സംസ്‍കാരം ഉടലെടുത്തിരുന്നു. പക്ഷേ ആ കാലഘട്ടത്തിൽ മധ്യമത്തിൽ കോരി നിറച്ചതൊന്നും പാതിരായിരുന്നില്ല. കൃഷിയും, ചരിത്രവും, സിനിമയും, സംഗീതവും, മറ്റ്‌ കലകളുമെല്ലാം കൃത്യമായ സമയബോധത്തോടെ അവതരിപ്പിക്കപ്പെട്ടു. 90കളുടെ അവസാനമായപ്പോഴേക്കും ഇക്കിളിപെടുത്തുന്ന കാഴച്ച  സംസകാരത്തിലേക്കു കൂപ്പുകുത്താൻ തുടങ്ങി എന്ന് പറയാം . വായനയുടെ അത്ഭുത ലോകം അറിയാത്തവർക്ക് പോലും സീരിയൽ സൃഷ്ടിക്കാമെന്ന അവസ്ഥയിലേക്ക്  മാറ്റപ്പെട്ടു കാര്യങ്ങൾ.

റീമോർട് ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കാണുള്ളത്. പക്ഷേ അത് നമ്മുടെ യുക്തി ചിന്തക്കനുസരിച്ചാകണം എന്ന് മാത്രം. പ്രേക്ഷകർ ബുദ്ധിയും, വിവേകവും,ഉപയോഗിച്ച് തിരഞ്ഞെടുപ്പുക്കൾ നടത്തിയെങ്കിൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാൻ സാധിക്കുകയുള്ളു . ഇങ്ങനെ  പ്രതികരിക്കണമെങ്കിൽ മാധ്യമ സാക്ഷരത നേടിയ  ഒരു സമുഹത്തെ വാർത്തെടുക്കുകയാണ് വേണ്ടത്.

ഓണ്‍ലൈന്‍ പത്രങ്ങള്‍

അധാര്‍മ്മികവും ജനദ്രോഹപരവുമായ വ്യാജപ്രചരണത്തിലൂടെ സാന്പത്തികലാഭം ലക്ഷ്യമിടുന്ന വരാണ് ഓണ്‍ലൈന്‍ പത്രങ്ങള്‍. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ പലപ്പോഴും ഇത്തരം ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളുടെ കുത്സിതനീക്കങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. തങ്ങള്‍ കൂടി ഉള്‍പ്പെട്ട സംഭവങ്ങളെയും വാര്‍ത്തകളെയും വളച്ചൊടിച്ച രീതിയില്‍ അവതരിപ്പിക്കുന്നതും അക്ഷരാര്‍ത്ഥത്തില്‍ നുണകളെഴുതുന്നതും നാം കാണുന്നതാണ്. ഇത്തരം വ്യാജവാര്‍ത്തകള്‍ എഴുതി വിടുന്നവര്‍ പലപ്പോഴും മറുനാട്ടില്‍ കഴിയുന്നവരുടെ ശബ്ദമാണ് തങ്ങളെന്നും ഏതോ നാട്ടില്‍ കഴിയുന്ന മലയാളിയാണെന്നുമൊക്കെ അവകാശപ്പെടുന്നുണ്ട്. ഇവരാണ് ഈ മേഖലയിലെ ഏറ്റവും അപകടകാരികള്‍ എന്നും ഓണ്‍ലൈന്‍ വായനക്കാരായ മലയാളികള്‍ തിരിച്ചറിയണം. 

സ്വതവേ മനുഷ്യപ്രകൃതിക്ക് തിന്മയിലേക്ക് ഒരു ചായവ് ഉണ്ട് എന്ന് ആത്മീയഉറവിടങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. തിന്മയായത് കണ്ണിന് ആനന്ദകരമായി അനുഭവപ്പെട്ടതാണ് മനുഷ്യന്‍റെ ആദ്യപാപവും തുടര്‍ന്നുള്ള പതനവും എന്ന് ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു. തിന്മയെ (നുണ, അധാര്‍മ്മികത, അശ്ലീലം) നയനാനന്ദകരമായി അവതരിപ്പിക്കുന്നതിലൂടെയാണ് ഈ ഓണ്‍ലൈന്‍ പത്രങ്ങള്‍ നിലനില്‍ക്കുന്നത്. വിശ്വാസവും മതവും ഇത്തരക്കാരുടെ ഇഷ്ടവിഷയങ്ങളിലൊന്നാണ്. വിശ്വാസികളായവരെ അവഹേളിക്കുകയും വിശ്വാസികള്‍ക്ക് വിലയുള്ളതായിത്തോന്നുന്ന വിഷയങ്ങളെ മതേതര-വിശ്വാസേതര തലങ്ങളില്‍ അവഹേളനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ തലക്കെട്ടുകളോടെ ചര്‍ച്ചക്ക് വക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഓണ്‍ലൈന്‍ ലോകത്ത് നിരന്തരമായി നാം കണ്ടുകൊണ്ടിരിക്കുന്നു. 

സത്യാസത്യവിവേചനം നഷ്ടപ്പെടുന്ന തലമുറ
(നുണയെ സത്യമാക്കിയുള്ള ജീവിതം-വ്യവഹാരം-അതിജീവനം)

നേരും നെറിയുമില്ലാത്ത കച്ചവടക്കാര്‍ നടത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങളും  നുണയുടെ കച്ചവടവത്കരണവും കെട്ടുകഥകളിലൂടെ മാധ്യമധര്‍മ്മത്തെക്കുറിച്ച് നല്കുന്ന തെറ്റായ ബോധ്യങ്ങളും വളര്‍ന്നുവരുന്ന തലമുറയുടെ ധാര്‍മ്മികരൂപീകരണത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന  വിഷമാണ്. സാമൂഹ്യമാധ്യമങ്ങളെ വിരല്‍ത്തുന്പില്‍ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന തലമുറക്ക് സാവധാനം നഷ്ടപ്പെടുന്നത് സത്യത്തെ അസത്യത്തില്‍ നിന്ന് തിരിച്ചറിയാനുള്ള വിവേചനാശക്തിയായിരിക്കും.

പരിഹാരം – എതിര്‍ക്കുക, സത്യം പറയുക, ലിങ്കുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക

1. ഉദാത്തമായ പരിഹാരം ഇത്തരം കുപ്രചരണങ്ങളെ എതിര്‍ക്കുക എന്നത് തന്നെയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അവയുടെ മുതലാളിമാര്‍ക്കുമെതിരേ കേസുകള്‍ ഫയല്‍ ചെയ്യുക. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെത്തന്നെ സത്യം തുറന്നു പറയുകയും നുണകളെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുക. ആവശ്യമായ നിയമസഹായം തേടുക.

2. ഒരിക്കലും ഇത്തരം വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക. നുണകള്‍ തിരിച്ചറിയുക, സത്യം കൊണ്ട് പ്രതിരോധിക്കുക

സാമൂഹ്യമാധ്യമങ്ങളും കത്തോലിക്കാദൈവശാസ്ത്രവും  സാമൂഹ്യമാധ്യമങ്ങളില്‍ കണ്ണോടിക്കുന്പോള്‍ ക്രൈസ്തവവിശ്വാസത്തെ ഇല്ലാതാക്കുകയോ വിമര്‍ശിക്കുകയോ അതിന്‍റെ സൗന്ദര്യത്തെയും യുക്തിഭദ്രതയെയും കടന്നാക്രമിക്കുകയോ ചെയ്യുന്ന നിരവധി ശ്രമങ്ങള്‍ നാം തിരിച്ചറിയും. വെറുപ്പും വിദ്വേഷവും പരത്തുന്നതും യുക്തിരഹിതമായ ആരോപണങ്ങളില്‍ അധിഷ്ഠിതവുമായ വളച്ചൊടിച്ച ചിത്രങ്ങള്‍, വാര്‍ത്തകള്‍, തെറ്റായ വ്യാഖ്യാനങ്ങളോടെയുള്ള വീഡിയോകള്‍, എന്നിവയൊക്കെ ഇവരിലൂടെ പുറത്തുവരുന്നുണ്ട്, വ്യാപകമായി തോതില്‍ ക്രൈസ്തവരായ കുട്ടികളുടെയും യുവജനങ്ങളുടെയും ഉള്ളംകൈകളിലേക്കെത്തുന്നുമുണ്ട്. അവരെ വിശ്വാസത്തില്‍ നിന്നകറ്റുന്നുണ്ട്, അവരുടെ ധാര്‍മ്മികതയെ അപചയത്തിലേക്ക് നയിക്കുന്നുണ്ട്.

തിമോത്തെയോസിനെഴുതുന്ന ആദ്യത്തെ കത്തില്‍ അക്കാലഘട്ടത്തിലുണ്ടായിരുന്ന ചില സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വ്യാജപ്രവാചകരെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ കുറിക്കുന്ന വാക്കുകള്‍ ചിന്തനീയമാണ്. അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വാസനക്ക് വിധേയനാണവന്‍ . . . ഇതില്‍ നിന്ന് അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു. ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗമാണെന്നു കരുതുന്നവരുമായ മനുഷ്യര്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്‍റെ ഫലമത്രേ . . .” “എന്നാല്‍ ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്നെല്ലാം ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവക്കുക. വിശ്വാസത്തിന്‍റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക . . . കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കുക.”

മാധ്യമലോകം ചിലപ്പോള്‍ ക്രൈസ്തവവിശാസത്തോടും ധാര്‍മ്മികതയോടും നിസ്സംഗത പുലര്‍ത്തുകയോ ശത്രുത പോലും പുലര്‍ത്തുകയോ ചെയ്യുന്നതായി തോന്നുന്നു. ഇതിന്‍റെ ഭാഗികകാരണം, മാധ്യമസംസ്കാരം ഒരു പ്രത്യേകതരം ഉത്തരാധുനികചിന്തയില്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്നതാണ്” എന്ന് ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട് (24-ാമത് ലോക മാധ്യമദിനസന്ദേശം, 1990). ഇക്കാലഘട്ടത്തിന്‍റെ തികച്ചും വസ്തുതാപരമായ നിരീക്ഷണമാണത്.

കാലഘട്ടം ദുഷിച്ചതാണെന്നും വിശ്വാസത്തിന് മാധ്യമങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും പറഞ്ഞ് പരിതപിച്ചുകൊണ്ടിരുന്നാല്‍ അത് പരിഹാരമാവില്ല. പ്രാര്‍ത്ഥന മാത്രവും ഈ വിഷയത്തില്‍ ഉപകാരം ചെയ്യില്ല. എന്നാല്‍ ആത്മീയമായി ആഴപ്പെടുകയും പ്രാര്‍ത്ഥനയില്‍ അടിയുറച്ചുകൊണ്ട് മാധ്യമസംസ്കാരത്തിന്‍റെ സര്‍വ്വാധിപത്യപ്രവണതക്ക് മുന്പില്‍ സത്യം പറയാന്‍ ചങ്കൂറ്റം കാട്ടുകയും ചെയ്യുക എന്നത് ഈ കാലഘട്ടത്തിന്‍റെ ദൈവവിളിയാണ്

കത്തോലിക്കാവിശ്വാസത്തിന്‍റെ വ്യത്യസ്തത

കത്തോലിക്കാവിശ്വാസമനുസരിച്ച് തിരുസ്സഭ മനുഷ്യനും അവന്‍റെ മഹത്വത്തിനും (Dignity) നല്കുന്ന വില വളരെ വലുതാണ്. മനുഷ്യനെ ഉപഭോക്താവായിട്ടല്ല ദൈവത്തിന്‍റെ മകളും മകനുമായി, വ്യക്തിത്വവും ചിന്തയില്‍ സ്വാതന്ത്ര്യവും അവരില്‍ത്തന്നെ പൂര്‍ണ്ണതയുള്ളവരുമായിട്ടാണ് തിരുസ്സഭ കാണുന്നത്. ഇത് വിപണിയുടെ ചിന്തക്ക് വിരുദ്ധമാണ്. അതിനാല്‍ത്തന്നെ മത്സരത്തിലും അക്രമത്തിലും അധിഷ്ഠിതമായി ഭൗതികസാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് തിരുസ്സഭയുടെ ആത്മീയമൂല്യങ്ങള്‍ വലിയ വെല്ലുവിളിയാണ്. സഭയുടെ സംഘടിതമായ ശക്തിയും ധാര്‍മ്മികപ്രബോധനങ്ങളുടെ ആധികാരികതയും അവരെ ഭയപ്പെടുത്തുന്നുണ്ട്. മാധ്യമങ്ങളിലൂടെ പുറപ്പെടുന്ന വിശ്വാസവിരുദ്ധമായ ഭര്‍ത്സനങ്ങള്‍ക്ക് പിന്നില്‍ വിപണിയുടെ ഈ ഉള്‍ഭയത്തെ നമുക്ക് വായിച്ചെടുക്കാനാകും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കുറിക്കട്ടെ

സാമൂഹിക മാധ്യമങ്ങളിലൂടെ വിശ്വാസ വിഷയങ്ങൾ ചർച്ചാവിഷയമാക്കുമ്പോൾ സംഭവിക്കുന്ന രണ്ടു അപകടങ്ങൾ മാത്രം സൂചിപ്പിക്കാം

Sense of Sacred (വിശുദ്ധമായതിനെക്കുറിച്ചുള്ള അവബോധം) നഷ്ടപ്പെടുന്നു: ഹാസ്യത്തിന്‍റെ പുറംകുപ്പായമണിഞ്ഞ് ലളിതസുന്ദരമായി പ്രത്യക്ഷപ്പെടുന്ന ഇത്തരം കാര്യങ്ങളില്‍ പലതും കൂദാശകള്‍, വിശുദ്ധ ഗ്രന്ഥം, വിശ്വാസവിഷയങ്ങള്‍ എന്നിവയുടെ പരിശുദ്ധിയെക്കുറിച്ചുള്ള ധാരണകള്‍ ഇല്ലാതാക്കുന്നുണ്ട്. 

Sacrilege (ദൈവദോഷം) എന്ന പാപം: കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആദ്യത്തെ ന്യായപ്രമാണത്തിന് നല്കുന്ന വ്യാഖ്യാനത്തില്‍ നാം ഈ ആശയം കണ്ടുമുട്ടുന്നുണ്ട്. 2120 നന്പര്‍ പറയുന്നു, കൂദാശകളെയും ആരാധനാപരമായ മറ്റു പ്രവൃത്തികളെയും അതുപോലെ ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ട വ്യക്തികളെയും വസ്തുക്കളെയും സ്ഥലങ്ങളെയും അശുദ്ധമാക്കുന്നതും അയോഗ്യമായി കൈകാര്യം ചെയ്യുന്നതും ദൈവദോഷമാണ്. 

ട്രോളുകള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമല്ല, അവ പങ്കുവെക്കുന്നതിലും നമുക്ക് വിവേചനബുദ്ധിയുള്ളവാരാകാം. പങ്കുവെക്കുന്നവരും നിര്‍മ്മിക്കുന്നവരും ഫലത്തില്‍ ഒരേ ഗൗരവമുള്ള പ്രവൃത്തി തന്നെയാണ് ചെയ്യുന്നത്.   

അതുകൊണ്ട്, ലളിതമായിപ്പറഞ്ഞാല്‍, വിശ്വാസം വിപണിയുടെ ശത്രുവായിപ്പരിണമിച്ചിരിക്കുകയാണ്. ആന്തരികജീവിതത്തിലേക്കും അതിന്‍റെ പൂര്‍ണ്ണതയിലേക്കും സമഗ്രമായ വ്യക്തിത്വത്തിലേക്കും നിരന്തരമായി മനുഷ്യന്‍റെ ശ്രദ്ധയെ ക്ഷണിക്കുന്ന തിരുസ്സഭയും ബാഹ്യമോടികളെയും ജീവിതസൗകര്യങ്ങളുടെ പുറംപൂച്ചുകളെയും ആഡംബരജീവിതത്തിന്‍റെ ആകര്‍ഷണീയതയെയും പരിചയപ്പെടുത്തുന്ന വിപണിയും തമ്മില്‍ ഒരു ശീതയുദ്ധം നടപ്പില്‍വരുന്നുണ്ട്. ഇത് തെരുവില്‍ നടക്കുന്ന യുദ്ധമല്ല, മറിച്ച് വിരുദ്ധ താത്പര്യങ്ങള്‍ തമ്മില്‍ മനുഷ്യന്‍റെ മനസാക്ഷിക്കുമേല്‍ നടത്തുന്ന വടംവലിയാണ്. വിജയിക്കാന്‍ ഏതുമാര്‍ഗ്ഗവും ഉപയോഗിക്കാന്‍ മടിക്കാത്ത വിപണി ഇവിടെ മാധ്യമങ്ങളെ വിലക്കെടുത്തും നിഷ്പക്ഷരെ നിശബ്ദരാക്കിയും മുന്നേറിക്കൊണ്ടിരിക്കുന്നു.

Media literacy

മാധ്യമങ്ങളുടെ ഉപയോഗത്തിന് ഭവനങ്ങളില്‍ പൊതുവായ ഇടം രൂപപ്പെടുത്തുന്നത് പുതിയ ഒരു സംസ്കാരത്തിന്‍റെ രൂപീകരണത്തിന് സഹായകമായിരിക്കും. അനാവശ്യമായ കാര്യങ്ങള്‍ കാണാതിരിക്കുന്നതിനും അധികസമയം സംഭാഷണത്തിനും വിനോദത്തിനുമായി ചെലവഴിക്കാതിരിക്കുന്നതിനും അത് സഹായകമായിരിക്കും. സ്വകാര്യതകളിലും അടച്ചിട്ട മുറികളിലുമാണ് എല്ലാ ധാര്‍മ്മികനിയന്ത്രണങ്ങളുടെയും ബലം നഷ്ടപ്പെടുന്നത് എന്ന് ഇനിയെങ്കിലും നമുക്ക് തിരിച്ചറിയാം. മാധ്യമയുഗത്തില്‍ മാധ്യമസാക്ഷരതയെക്കുറിച്ച് – Media Litearacy – ഉള്ള ചിന്തകൂടി വേണം. മാധ്യമങ്ങളിലൂടെ നമ്മള്‍ കാണുന്ന സിനിമകള്‍, വാര്‍ത്തകള്‍, മറ്റ് ദൃശ്യങ്ങള്‍, ലഭിക്കുന്ന അറിവുകള്‍ എന്നിവ വിലയിരുത്താനും അതിലെ ശരിതെറ്റുകളെ കണ്ടെത്താനുമുള്ള പരിശീലനം കുട്ടികള്‍ക്ക് നല്കണം.   

മാധ്യമങ്ങളും അവയുടെ സ്ഥാപിത താത്പര്യങ്ങളും

സ്ഥാപിതമായ താത്പര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്.  കാലഘട്ടത്തിന്‍റെ പ്രത്യേകതകളും നവസാംസ്കാരികപ്രവണതകളും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വികസനസങ്കല്പവും ലൈംഗികതയുടെ അതിപ്രസരവും ഇവയുടെയെല്ലാം ഫലമായി ബന്ധങ്ങളില്‍ അനുഭപ്പെടുന്ന അരാജകത്വവും ആത്മീയജീവിതത്തില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതല്ല.

ശോഭ കെട്ട ഈ കാലത്തിന്‍റെ ഉപഭോക്താക്കളായ നാം പക്ഷേ, മനസ്സുമടുക്കാതെ വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും പ്രതിരോധം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങണം. ചോര്‍ന്നുപോകുന്ന ധാര്‍മ്മികതയെ ജീവിതത്തിലൂടെ ഉയര്‍ത്തിപ്പിടിക്കണം . . . മനുഷ്യജീവിതത്തിന്‍റെ വിശുദ്ധിയും മഹത്വവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും പരസ്പരമുള്ള ആദരവിന്‍റെയും കൂട്ടായ്മയുടെയും ചൈതന്യം വളര്‍ത്താന്‍ . . . പരിമിതികളെ അതിജീവിക്കാന്‍ . . . തുറവിയുള്ളവരാകാന്‍ . . . ആന്തരികജീവിതം (ആത്മീയജീവിതം) ഉള്ളവരാകാന്‍ നമുക്ക് പരിശ്രമിക്കാം. . . .

(By Fr Noble Thomas Parackal